അപവികസനവും ദുർബലമാകുന്ന നിയമങ്ങളും




തദ്ദേശ തെരഞ്ഞെടുപ്പും പരിസ്ഥിതിയും ഭാഗം - 3 


തദ്ദേശീയമായ എല്ലാ പ്രകൃതി വിഭവങ്ങളുടേയും സൂക്ഷിപ്പുകാരും കാവൽക്കാരും ആ ദേശത്തെ ജനകീയ സർക്കാരും ജനങ്ങളുമാണെന്ന് കഴിഞ്ഞ കുറിപ്പിൽ അസന്ദിഗ്ധമാക്കിയിരുന്നല്ലോ. അങ്ങിനെ ഒരു പരിധി വരെയെങ്കിലും നടന്നിരുന്നുവെങ്കിൽ കേരളത്തിന്റെ പരിസ്ഥിതി ഇത്രമേൽ അപകടകരമാകുമായിരുന്നില്ല. ഒന്നുരണ്ടു മൂർത്ത ഉദാഹരണങ്ങൾ ഇവിടെ നന്നായിരിക്കും. 


പത്തനംതിട്ട ജില്ലയിൽ കലഞ്ഞൂർ പഞ്ചായത്തിൽ അതിരുങ്കൽ പ്രദേശത്ത് മാത്രം വൻകിട ക്വാറികൾ നാലഞ്ചെണ്ണം ഒരു ദശാബ്ദത്തിലേറെയായി പാറ തുരന്നെടുക്കുന്നു. എല്ലാ മുഖ്യ രാഷ്ട്രീയ പാർട്ടികളുടേയും പിൻബലം നാട്ടിലും വീട്ടിലും ഒക്കെയായി അവർക്കുണ്ട്. കടുത്ത ആരോഗ്യ പ്രശ്നങ്ങളും കുടിവെള്ള ക്ഷാമവും സഹിക്കാതെ വന്ന ജനങ്ങൾ ശക്തമായ സമരത്തിന് തയ്യാറായി. ഗ്രാമസഭ പ്രമേയം പാസാക്കി. ജില്ലാ ഭരണകൂടവും കോടതിയും ഇടപെട്ടു. എന്നാൽ ഖനനം നിരോധിക്കാൻ പഞ്ചായത്ത് കമ്മിറ്റി തയ്യാറായില്ല. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവർക്കും ലാഭത്തിന്റെ പങ്കു കിട്ടിക്കൊണ്ടിരുന്നു. കാവൽക്കാർ ചൂഷണത്തിന് കാവൽ നിന്നു . ഉദ്യോഗസ്ഥരും ഭരണക്കാരും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് നിയമങ്ങൾ കാറ്റിൽ പറത്തി. ജനം സാക്ഷികൾ ആയി നിന്നു. കൊല്ലം ജില്ലയിൽ ചിതറ പഞ്ചായത്തിൽ അപ്പൂപ്പൻ പാറ പൊട്ടിച്ചെടുക്കാനുളള നീക്കത്തെ ജനകീയ പ്രക്ഷോഭം ശക്തമായി പ്രതിരോധിച്ചു. ഖനനത്തിന് അനുമതി നൽകിയ പഞ്ചായത്ത് കമ്മിറ്റി ഗ്രാമസഭ പാസാക്കിയ പ്രമേയത്തിലെ ജനവികാരം തിരിച്ചറിഞ്ഞ് തീരുമാനം തിരുത്തി, അനുമതി നിഷേധിച് ഉത്തരവായി. ഇന്നും അപ്പൂപ്പൻ പാറയുടെ സംരക്ഷണത്തിൽ ജനങ്ങളും പഞ്ചായത്ത് കമ്മിറ്റിയും ജാഗരൂകരാണ്.


ജനാധികാരത്തിന്റെ ശക്തിയും നന്മയും ഇവിടെ പരിലസിക്കുന്നു.
കോഴിക്കോട് ജില്ലയിൽ മുക്കത്ത് മൈസൂർ മല തുരന്നെടുക്കുന്നതിൽ രാഷ്ടീയ പാർട്ടികൾ , അവരുടെ ബിനാമികൾ മൽസരിക്കുന്നു. അവിടെയാണ് സിപിഎംന്റെ നേതൃത്വത്തിലുള്ള ഊരാളുങ്കൽ കോ ഓപറ്റീവ് സൊസൈറ്റി കോടികളുടെ ആസ്ഥി ഉണ്ടാക്കി നിരവധി ക്വാറികളും ക്രഷറുകളും ഒക്കെയായി കേരളത്തിന്റെ കൺസ്ട്രക്ഷൻ രംഗത്ത് വിരാജിക്കുന്നത്. കൂടാതെ മുൻ കോൺഗ്രസ് എംപി ഷാനവാസിന്റെ ബിനാമിക്കും ക്വാറികൾ ഇവിടെയുണ്ട്.


ഇവിടെ ക്വാറിക്ക് അനുമതി വളരെ നിസാരം. ഒരു രഹസ്യ ഓഫീസ്, അപേക്ഷയിൽ അനുബന്ധമായി ലഭിക്കേണ്ട എല്ലാ വകുപ്പുകളുടേയും അനുമതി ഒറ്റ ദിവസം കൊണ്ട് കിട്ടും. അതിനാവശ്യമായ ലറ്റർ ഹെഡും സീലും എല്ലാം അവിടെ റെഡിയാണത്രെ. ലക്ഷങ്ങൾ മുടക്കണമെന്നേയുള്ളൂ. ഇതിൽ അതിശയോക്തി ഉണ്ടാകാമെങ്കിലും കാര്യങ്ങൾ നിസാരമായി നടന്നിരുന്നു എന്ന് ദിവസവും മുക്കം ടൗണിൽ കൂടി പാഞ്ഞു പോകുന്ന നൂറു കണക്കിന് പാറ ലോറികൾ വ്യക്തമാക്കി തരുന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഒന്നിച്ചാൽ ഏത് നിയമവും ലംഘിക്കാം, എത്ര ഹീനമായ പണിയും ചെയ്യാം. പരിസ്ഥിതിയും പ്രകൃതിയും സംരക്ഷിക്കാൻ എത്ര എത്ര നിയമങ്ങൾ - 1957 ലെ ഇന്ത്യൻ മൈൻസ് ആക്ട്, ആ നിയമങ്ങൾ ആനു കൂല്യങ്ങളോടെ കേരളത്തിൽ നിയമമായ കെ.എം.എം.സി.റൂൾ 1969, അതിന്റെ 2015 ൽ പുതുക്കിയ നിയമങ്ങൾ . 76 ലെ വാട്ടർ ആക്ട്, 81 ലെ എയർ ആക്ട്, 86 ലെ സമ്പൂർണ പരിസ്ഥിതിനിയമം. 94 ൽ നിയമമായി  2006ലും ഇപ്പോൾ 2020 ൽ ഏറെ വിവാദമായ പരിസ്ഥിതി ആഘാത പഠന നിയമം. ഇവയെല്ലാം രാഷ്ടീയ - ഉദ്യോഗസ്ഥ മാഫിയകൾക്കും കോർപ്പറേറ്റുകൾക്കും കേറി നിരങ്ങാനായി ഉള്ളവയാണെന്ന് വ്യക്തമാണ്. എന്നാൽ തദ്ദേശീയമായി ജനങ്ങൾ ജാഗ്രത പാലിക്കുകയും അവർ തീരുമാനിക്കുന്ന പ്രതിനിധികൾ അവിടെ ഭരണക്കാരാവുകയും ചെയ്താൽ തീർചയായും ഈ നിയമങ്ങൾ തന്നെ ജനങ്ങളുടെ ഇഛക്കനുകൂലമായി മാറ്റിയെടുക്കാനും കഴിയുമെന്നതിൽ സംശയമില്ല.


എന്താണ് അപവികസനം


മുൻ പറഞ്ഞ രീതിയിൽ എല്ലാ അധമമാർഗങ്ങളിലൂടെയും പ്രകൃതിയുടെ അടിവേരുവരെ കുത്തിക്കവർന്നെടുക്കുമ്പോൾ . അതിന്റെ പെരുത്ത ലാഭത്തിൽ പള്ള വീർക്കുമ്പോൾ , ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി പറയും " എല്ലാം വികസനത്തിന് വേണ്ടിയെന്ന്. തൊണ്ണൂറുകൾ വരെ നമമൾ അങ്ങിനെ കേട്ടിട്ടില്ലാത്ത വാക്കാണ് വികസനം എന്നത് . നവ ലിബറലിസവും ആഗോളീകരണവും ലോകമാകെ പിടി മുറുക്കുകയും സാമ്രാജ്യത്വ മൂലധനം നിർബാധം രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് ഒഴുകിയപ്പോൾ (വികസിത രാജ്യങ്ങളിൽ നിന്ന് അവികസിതത്തിലേക്ക് ) അതോടൊപ്പം ഒഴുകി വന്നതാണ് വികസനവും . അമേരിക്കയെ പോലെ ഇന്ത്യയും ആഫ്രിക്കയും ഒക്കെ വികസിക്കണമത്രെ. ശരാശരി ഒരു അമേരിക്കക്കാരന്റെ വാർഷിക കാർബൺ ബഹിർഗമനം 27 ടൺ, ഇന്ത്യക്കാരന്റെ 2 ടൺ . ഇന്ത്യാക്കാരനും 27 ടൺ കാർബൺ ബഹിർഗമന ശേഷിയിലേക്ക് വി കസിക്കണമത്രെ. 750 കോടി ജനങ്ങൾക്കും അങ്ങിനെ വികസിക്കണമെങ്കിൽ നമ്മുടെ ഭൂമിയിലുള്ളതു പോലെ ഒരു ഡസൻ ഭൂമിയിലെ വിഭവങ്ങൾ പോരാതെ വരും.


മറ്റൊരു രീതിയിൽ പറഞ്ഞാൽ നമമൾ ഇന്ത്യയിലേയും ആഫ്രിക്കയിലേയും ദരിദ്രരുടെ ഔദാര്യം കൊണ്ടാണ് അമേരിക്കയിലെ സമ്പന്നർ സുഖിക്കുന്നത്. ഈ സുഖങ്ങൾ സ്ഥായിയായി നിലനിൽക്കാൻ ഈ ഭൂമിയുണ്ടാവണം. 2050 ഓടെ ലോകം കാർബൺ എമിഷന്റെ ബോർഡർ ( 450 PPM ) കടക്കുമെന്ന് ശാസ്ത്രം . അങ്ങിനെ വന്നാൽ താപനം 2 - 4° വരെ വർധിക്കും, മഞ്ഞുമലകൾ ഉരുകി സമുദ്രജലം 1 - 4മീറ്റർ വരെ ഉയരും. പകുതിയോളം ഭൂമി (100-400 കോടി ജനങ്ങൾ) വെള്ളത്തിനടിയിലാകും.


ഇങ്ങിനെ പ്രകൃതി വിഭവങ്ങളെ ഇല്ലാതാക്കി ലാഭം കുന്നു കൂട്ടുന്ന സാമ്രാജ്യത്വ അജണ്ടയാണ് വികസനമെന്ന പേരിൽ നാം അറിയുന്നത്. അത് അപ വികസനമാണ് ,കാൻസറ സാണ് , സ്ഫോടനാത്മകമാണ്. കേരളവും ഇന്ന് ഇതിന്റെ വക്കിലാണ്. മലയോരങ്ങൾ തുരന്നില്ലാതാകുന്നു , പുഴകളും നദികളും വറ്റി ഒഴുക്ക് നിലക്കുന്നു. തണ്ണീർതടങ്ങളും വയലുകളും നികത്തി ഇല്ലാതാകുന്നു. കായലും കടലും ജൈവ ഭീഷണിയിലാകുന്നു.
തത്ഫലമായി കാലാവസ്ഥാ വ്യതിയാനം വർധിച്ച് ദുരന്തമായി മാറുന്നു. മഴ കാലം തെറ്റുന്നു. പ്രളയവും ദുരിതങ്ങളും വർധിക്കുന്നു.
സമശീതോഷ്ണാവസ്ഥയുടെ സുഖവും സൗകുമാര്യവും ഒന്നിണങ്ങി നിന്നിരുന്ന, അപരജനങ്ങൾ അസൂയയോടെ കണ്ടിരുന്ന കേരളത്തിൽ ജീവിക്കാൻ ജനങ്ങൾ ഭയപെടുന്ന ഒരവസ്ഥയെ വികസനത്തിന്റെ  ഏത് അളവിൽ അടയാളപെടുത്താനാവും.
പ്രകൃതിയും മനുഷ്യനും തമ്മിലെ വൈരുധ്യാത്മകത സംബന്ധിച്ച് മാർക്സ് പറഞ്ഞു. " ഒരു മനുഷ്യൻ പ്രകൃതിയുടെ മേൽ നേടുന്ന മേധാവിത്വം  അപരന്റെ മേൽ നേടുന്ന മേധാവിത്വം പോലെ തന്നെ അടിമസമാനവും ഹീനവുമാണ്. പ്രകൃതിയുടെ അടിവേരുവരെ തുരന്നെടുക്കുന്നത് അധ്വാനത്തിന്റെ പരമമായ ചൂഷണത്തിലൂടെയാണ്. 


ഉത്തമനായ ഒരു കൂടുംബനാഥനെ പോലെ പ്രകൃതിയെ നാളേക്ക് വേണ്ടി കരുതലോടെ കാത്ത് വക്കണം. കാരണം പ്രകൃതി മനുഷ്യന്റെ അജൈവ ശരീരമാണ്. " ഏംഗൽസിന്റെ നിരീക്ഷണം കൂടി അറിയുക. "ഭൂമിയിൽ ഇഛാശക്തിയുടെ മുദ്ര പതിപ്പിക്കുന്ന ആദ്യ ജീവി മനുഷ്യനാണ്. മൃഗങ്ങൾ പ്രകൃതിയെ ഉപയോഗിക്കുമ്പോൾ മനുഷ്യൻ പ്രകൃതിയിൽ ഇടപെടുന്നു. എന്നാൽ ഇതിൽ ആവശ്യമില്ലാത്ത ആത്മവിശ്വാസം പുലർത്തേണ്ടതില്ല, കാരണം ഒന്നാമത്തേത് മനുഷ്യന്റെ വിജയമാണെങ്കിൽ പിന്നീട് ഫലങ്ങൾ അപ്രതീക്ഷിതവും വ്യത്യസ്ഥവുമായിരിക്കും. ഇത് ആദ്യ വിജയത്തെ നിഷ്പ്രഭമാക്കും."


ഈ തിരിച്ചറിയൽ നമുക്കുണ്ടാവേണ്ടത് ഇന്ന് നമ്മുടെ അനുഭവമായ ഒരു ഇടത് പക്ഷ സർക്കാരിന്റെ ഭരണ നിലപാടിലൂടെയാണ്.
അപ വികസനത്തിന്റെ യഥാർത്ഥ വാക്താക്കളാകുന്നതും ഇവർ തന്നെ. പ്രകൃതിയും ഓരോ പ്രദേശത്തെയും പ്രകൃതിവിഭവങ്ങൾ സംബന്ധിച്ച് കൃത്യമായ പഠനമുണ്ടാവുകയും ശാസ്ത്രീയമായി അവയുടെ സംരക്ഷണവും വിനിയോഗവും ജനങ്ങളുടെ സഭകൾ തീരുമാനിക്കുകയും അതനുസരിച്ച് ജനങ്ങളുടെ ജീവിത പുരോഗതിക്ക് പദ്ധതികൾ തദ്ദേശിയ സർക്കാരുകൾ നടപ്പിലാക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ രാജ്യ പുരോഗതിയെന്ന് ജനങ്ങൾ തിരിച്ചറിയണം. അതിനുള്ള അറിവും ഇഛാശക്തിയും ജനങ്ങൾക്കുണ്ടാകുമ്പോൾ സ്വയം പര്യാപ്തമായ ഗ്രാമസ്വരാജും സർഗാത്മക ജനാധിപത്യവും യാഥാർത്ഥ്യമാവും.
ഈ ഇഛാശക്തിയുടെ തിരിച്ചറിവാണ് ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ പ്രകടിപ്പിക്കേണ്ടതും.


ഗ്രാമസഭയും ബി എം സിയും


തദ്ദേശീയ ജനകീയ സർക്കാരിൽ ജനങ്ങൾക്ക് ഭരണഘടന നൽകുന്ന രണ്ട് ജനാധികാര കേന്ദ്രങ്ങളാണ് ഗ്രാമസഭയും ബി എം സി.യും .
ഒരു പഞ്ചായത്തിലെ വാർഡിലെ / നഗരസഭാ ഡിവിഷനിലെ മുഴുവൻ വോട്ടർമാരും അംഗങ്ങളായ സഭയാണ് ഇത്. ആ വാർഡിലെ ജനങ്ങളുടെ ആവശ്യങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ച് അതിനുള്ള പദ്ധതികൾ തയ്യാറാക്കി കമ്മിറ്റിയുടേയും ആസൂത്രണ സമിതിയുടേയും അനുമതി ലഭിച്ച് ജനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നത് ഗ്രാമസഭയിലാണ്. സമാനമായി വാർഡിലെ പ്രകൃതി വിഭവങ്ങൾ സംബന്ധിച്ച് തീരുമാനവും ഉണ്ടാവേണ്ടത് ഗ്രാമസഭയിലാണ്.
ഗ്രാമസഭ അംഗീകരിക്കുന്ന പ്രമേയങ്ങൾ നടപ്പിലാക്കുന്നതിന്റെ ധാർമ്മിക ഉത്തരവാദിത്വം പഞ്ചായത്ത് കമ്മിറ്റിയിൽ നിക്ഷിപ്തമാണ്. നിരസിക്കപ്പെട്ടാൽ ട്രിബുണലിൽ അപ്പീൽ പോകാം. കൂടാതെ നിയമ പരിരക്ഷയിൽ പ്രധാന രേഖയാവും ഈ പ്രമേയങ്ങൾ .


ഗ്രാമ സഭ 6 മാസത്തിൽ ഒന്നെങ്കിലും ചേരണം. ഇടക്ക് പ്രത്യേക ഗ്രാമസഭക്ക് 10% വോട്ടർമാർ ഒപ്പിട്ട് ആവശ്യപെട്ടാൽ മതിയാവും. എല്ലാ വോട്ടർമാരും ഗ്രാമ സഭയിൽ പങ്കെടുക്കുന്നത് അവരുടെ അവകാശമായി കാണണം. വാർഡ് മെമ്പറിൽ നിന്ന് ഗ്രാമത്തിലെ വോട്ടർമാരുടെ ഇടപെടലിലൂടെ അവരുടെ അധികാരം പിടിച്ചെടുക്കണം. മെമ്പറെ നേർവഴിക്ക് നയിക്കേണ്ടതും തിരുത്തേണ്ടതും ആവശ്യമെങ്കിൽ ഒഴിവാക്കേണ്ടതും ജനാധിപത്യത്തിൽ ജനങ്ങളാണ് എന്ന് വാർഡ്‌ മെമ്പറെ ബോധ്യപ്പെടുത്തേണ്ടതും ഗ്രാസഭയാണ്.
പഞ്ചായത്തിലെ / നഗരസഭയിലെ പ്രകൃതി വിഭവങ്ങളുടേയും ജൈവ വൈവിധ്യത്തിന്റെയും വിശദമായ പഠനം നടത്തി രജിസ്റ്റർ (ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ) തയ്യാറാക്കി സൂക്ഷിക്കേണ്ടതും അവയുടെ സംരക്ഷണവും വിനിയോഗവും സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റി റിപ്പോര്ട്ട് നൽകേണ്ടതും ബി എം സി (ബയോ ഡൈവേഴ്സിറ്റി മാനേജ് കമ്മിറ്റി) യാണ്.  പ്രസിഡന്റ് . സെക്രട്ടി, കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, ഒരു സന്നദ്ധ പ്രവർത്തകൻ എന്നിവർ ചേർന്നതാണ് ബി എം സി. ബി.എം.സി റിപ്പോർട്ട് കോടതിയിൽ ആധികാരിക രേഖയാണ്.


ബി എം സി യുടെ പ്രവർത്തനങ്ങളെ ഫലപ്രദമാക്കുന്നതിന് അനൗപചാരിക ജനകീയ സമിതിയുടെ ഇടപലുകൾക്കും നിർദ്ദേശങ്ങൾക്കും കഴിയും. ഈ കാര്യങ്ങളെല്ലാം ഗൗരവത്തോടെ പഠിക്കുന്നതിനും തന്റെ ജനാധിപത്യ ഉത്തരവാദിത്വം സത്യസന്ധമായി ഏറ്റെടുക്കുന്നതിനും കഴിവും പ്രാപ്തിയുമുള്ള , ജനകീയ രാഷ്ട്രീയം തിരിച്ചറിയുന്ന സ്ഥാനാർത്ഥിയാണ് വിജയിയായി നാടിനെ നയിക്കേണ്ടതും.


അവസാന ഭാഗം നാളെ

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment