അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്




തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ നാല് ജില്ലകളില്‍ കനത്ത മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ‌ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 


പൊതുവേ കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരാന്‍ തന്നെയാണ് സാധ്യത. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലുമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


ഉംപുണ്‍ (Amphan) ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ബംഗാള്‍ ഉള്‍ക്കടലിലൂടെ നീങ്ങുന്നത്. കാറ്റ് ശക്തമായതിനാല്‍ ഇതിന്‍റെ ഗതിയില്‍ വ്യത്യാസമുണ്ടാകുന്നുണ്ട്. നിലവില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ 'ഉംപുണി'ന് മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗതയാണ് നിലവിലുള്ളത്. ഇതിന്‍റെ പ്രതിഫലനമായിട്ടാണ് കേരളത്തിലും ശക്തമായ കാറ്റും മഴയുമെത്തുന്നത്.


ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലും ശക്തമായ മഴയും കാറ്റും പെയ്യാന്‍ സാധ്യതയുണ്ട്. ചെന്നൈയുടെ വടക്കന്‍ ജില്ലകളില്‍ ചുഴലിക്കാറ്റ് ഉഷ്ണതരംഗത്തിന് വഴിവച്ചേക്കാനും സാധ്യത കല്‍പിക്കപ്പെടുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment