സംസ്ഥാനത്ത് പരക്കെമഴ; ജില്ലകളില്‍ റെഡ്​ അലര്‍ട്ട്​




ഒരിടവേളക്ക്​ ശേഷം സംസ്ഥാനത്ത്​ കാലവര്‍ഷം വീണ്ടും ശക്​തമായി. കേരളത്തില്‍ പലയിടത്തും കനത്തമഴയാണ്​ ലഭിക്കുന്നത്​. മഴയെ തുടര്‍ന്ന്​ പല റോഡുകളും വെള്ളത്തില്‍ മുങ്ങി. ഇന്ന് ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളിലും, 21ന് കണ്ണൂര്‍ ജില്ലയിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നാളെയും റെഡ് അലര്‍ട്ട് ഉണ്ട്.


റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജൂലൈ 19 20 21 തീയതികളില്‍ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവന്തപുരം, കൊല്ലം,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ മൂന്ന് ദിവസത്തേക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


എറണാകുളത്തെ മണികണ്​ഠന്‍ ചപ്പാത്ത്​ വെള്ളത്തില്‍ മുങ്ങി. ഈരാറ്റുപേട്ട-പീരുമേട്​ പാതയില്‍ മണ്ണിടിഞ്ഞ്​​ ഗതാഗതം നിലച്ചു. മഴ മൂലം പമ്പയിൽ ജലനിരപ്പ്​ ഉയരുകയാണ്​. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും ക്യാമ്ബുകള്‍ തയ്യാറാക്കുകയുള്‍പ്പെടെ മുന്നൊരുക്കങ്ങള്‍ നടത്താനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.


കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തും വടക്കും മധ്യഭാഗത്തും മാലെദ്വീപ് ഭാഗങ്ങളിലും മല്‍സ്യബന്ധനത്തിനു പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment