അനുവദിച്ചതിലധികം പാറ ഖനനം നടത്തിയ ക്വാറി ഉടമകൾ പിഴയൊടുക്കണമെന്ന് ഹൈക്കോടതി; ജിയോളജി വകുപ്പിന് വിമർശനം




പാട്ടക്കരാർ പ്രകാരം അനുവദിച്ചതിലധികം പാറഖനനം നടത്തിയാൽ ക്വാറി ഉടമകൾ പിഴയൊടുക്കണമെന്ന് ഹൈക്കോടതി. റോയൽറ്റി നൽകുന്നുണ്ടെന്ന പേരിൽ അനുവദിച്ചതിലധികം പാറപൊട്ടിക്കാൻ ഒരാൾക്കും അനുവാദമില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരുമുൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെതിരെ ഹൈക്കോടതി വിമർശനവും ഉന്നയിച്ചു.


നിശ്ചിത റോയൽറ്റി നൽകുന്നവർ അനുവദിച്ചതിലധികം പാറഖനനം നടത്തിയാൽ അതിന്റെ പേരിലെ നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന മൈനിങ് ആൻഡ്  ജിയോളജി വകുപ്പ് ഡയറക്ടർ ഉത്തരവിരിക്കിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയുടെ വിമർശനം. 2009 മെയ് 20 നായിരുന്നു ഡയറക്ടറുടെ ഉത്തരവ്. ഈ ഉത്തരവ് ചട്ട വിരുദ്ധമാണെന്ന് ഡിവിഷൻ വ്യക്തമാക്കി.


അധിക ഖനനത്തിന് പിഴ ഈടാക്കാനുള്ള നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് വിധിയെ ചോദ്യം  ചെയ്‌ത്‌ മൂവാറ്റപുഴയിൽ ക്വാറി നടത്തുന്ന ബിനോയ് കുമാറും മറ്റുള്ളവരും നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. പുറം പോക്കിൽ ഖനത്തിനായി അനുമതി എടുത്ത ഇവരാണ് അപ്പീൽ നൽകിയിരുന്നത്. നിശ്ചിത തുക റോയൽറ്റി അടച്ചതിനാൽ ഭൂസംരക്ഷണ നിയമ പ്രകാരമുള്ള അധിക ഖനനത്തിന് പേരിൽ പിഴയോ നഷ്ടപരിഹാരമോ നൽകേണ്ടതില്ലെന്നായിരുന്നു ഹർജിക്കാർ ഉന്നയിച്ച വാദം. മൈനിങ് ആൻഡ്  ജിയോളജി വകുപ്പ് ഡയറക്ടറുടെ ഉത്തരവ് മുൻനിർത്തിയായിരുന്നു ഇവരുടെ വാദം. എന്നാൽ കോടതി ഇത് തള്ളി.


കോടതി ഉത്തരവ് പ്രകാരം, പാട്ടത്തിനെടുത്ത പുറമ്പോക്ക് ഭൂമിയിൽ നിശ്ചയിച്ച തോതിൽ മാത്രമേ പാറപൊട്ടിക്കാനേ അർഹതയൊള്ളു. റോയൽറ്റി നൽകുന്നുണ്ടെന്ന പേരിൽ കൂടുതൽ പാറ പൊട്ടിക്കാൻ അനുവാദമില്ല. ഇതുപ്രകാരം അനുവദിച്ചതിൽ കൂടുതൽ പാറ പൊട്ടിച്ചത് അനധികൃതമാണ്. ഇതിന് പിഴയൊടുക്കണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment