തോട്ടം ഉടമകൾക്ക് സീനിയറേജ്‌ ഒഴിവാക്കൽ ;സംസ്ഥാനത്തിന് നഷ്ടം കോടികൾ




തോട്ടം ഉടമകളെ സഹായിക്കാൻ ഇറക്കിയ ഉത്തരവിലൂടെ കേരളത്തിന് നഷ്ടമാകുന്നത് കോടികൾ . റബ്ബർ മരങ്ങൾ മുറിച്ച് മാറ്റുമ്പോൾ സീനിയറേജ്‌ ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് സർക്കാർ ഒഴിവാക്കി കൊടുത്തത്. ജൂൺ 27 നു വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സീനിയറേജ്‌ പൂർണമായി ഒഴിവാക്കി കൊടുക്കുകയായിരുന്നു. ഒരു മരത്തിന് 2500 രൂപ വീതം കിട്ടിയിരുന്ന സീനിയറേജ്‌ ഒഴിവാക്കിയതിലൂടെ ഹാരിസൺ, എ.വി.ടി പോലുള്ള തോട്ടം മുതലാളിമാർക്ക് കോടികളുടെ ലാഭമുണ്ടാക്കുന്ന ഉത്തരവാണിത്. തൊഴിലാളികളുടെ പേര് പറഞ്ഞ് തോട്ടം മേഖലയ്ക്ക് അനുകൂലമായി സ്വീകരിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. തോട്ടം മേഖലയെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിന് പിന്നാലെയാണ് അധികം ശ്രദ്ധിക്കപ്പെടാതെ ഈ ഉത്തരവും പുറത്തിറക്കിയത്. 

 

തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് നിയോഗിച്ച ഉന്നതതല കമ്മിറ്റി 2500 രൂപ എന്നത് 1000 രൂപയായി കുറയ്ക്കുക എന്ന ശുപാർശ നൽകിയെങ്കിലും സർക്കാർ ഈ തുക പോലും വേണ്ടെന്ന് വെക്കുകയായിരുന്നു. കേരളത്തിലെ തോട്ടങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാൽ അവയെ സഹായിക്കുവാന്‍ തോട്ടങ്ങളുടെ നികുതി എടുത്തു കളയും (ഹെക്ടര്‍ന് 700 രൂപ), ലാഭ വിഹിതം കൊടുക്കേണ്ടതില്ല.ഭൂനികുതി വൈകാതെ കുറക്കും, മരങ്ങള്‍ മുറിച്ചു മാറ്റുമ്പോള്‍ സര്‍ക്കാരിനടക്കേണ്ട പണം ഒഴിവാക്കും തുടങ്ങിയ തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തത്. 
 

 

തോട്ടങ്ങളില്‍ ഏറെയും പാട്ടഭൂമികളാണ്. 1.1 ലക്ഷം ഹെക്ടര്‍ റവന്യു ഭൂമിയും 60400 ഹെക്ടര്‍ വനവും .1980 ലെ നിയമപ്രകാരം ഹെകടറിന് 3 രൂപ മുതല്‍ 10 വരെയായിരുന്നു പാട്ടത്തുക. കഴിഞ്ഞ സര്‍ക്കാര്‍ പാട്ടതുക 100 ഹെക്ടറിന് മുകളില്‍ ഉള്ള തോട്ടത്തിന് 1300 ഉം 25 മുതല്‍ 100 ഹെക്ടര്‍ വരെ 1000 രൂപ അതിനു താഴെ 750 രൂപയായും നിശ്ചയിച്ചു. ഒരേക്കറിന് മാസം 50 രൂപ പോലും വാങ്ങാതെ കുത്തകകളെ സഹായിക്കുകയാണ് സർക്കാരുകൾ എന്ന ആരോപണവും ഉയർന്നിരുന്നു. സര്‍ക്കാര്‍ നിയമം പറയുന്നത് വസ്തു വിലയുടെ 3% അല്ലെങ്കില്‍ വിള വരുമാനത്തില്‍ നിന്നും 70% സർക്കാരിനു നൽകണമെന്നാണ്.

 

തോട്ടം മുതലാളിമാർക്ക് അനുകൂലമായി സർക്കാർ നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം ഹാരിസൺ കേസിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രളയത്തിൽ കഷ്ടപ്പെടുന്ന കേരളത്തിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന ഈ ഉത്തരവും വിമർശനവിധേയമാകുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment