കേരളത്തെ പ്രകൃതി ദുരന്തങ്ങൾ വിട്ടു മാറാതെ പിടിമുറുക്കുമ്പോഴും ഭരണകർത്താക്കൾ തിരുനക്കര തന്നെ!




കേരളം  എത്ര മനോഹരം.
മഴക്കാലത്തിനപ്പുറവും അപ്പുറവും . 
കേരളം നമ്പർ വൺ വേനലിനപ്പുറവും ഇപ്പുറവും.
എന്ന അവസ്ഥയിലേക്കു കാര്യങ്ങൾ എത്തിയിരിക്കുന്നു. മാനവിക വിഭവശേഷിയിലെ ഒന്നാം സ്ഥാനം കേരളത്തിനു പൊൻ കിരീടമാണെന്നു പറയുന്ന നമ്മുടെ നേതാക്കൾ  പ്രകൃതിക്ഷോഭം കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തെ പറ്റി നിശബ്ദരായിരിക്കുന്നു.
 GDP വളർച്ചാ തോത് 10 % ആയി നില നിർത്തുന്നതിൽ ശ്രദ്ധാലുക്കളാണു നമ്മുടെ ഭരണ കർത്താക്കൾ 


വരൾച്ചയും വെള്ളപ്പൊക്കവും കേരളീയരുടെ കാർഷിക, ആരോഗ്യ, വ്യവസായ , വികസന രംഗങ്ങളിൽ ഉണ്ടാക്കുന്ന തിരിച്ചടികളെ മറക്കുന്നവർ, നാടിന്റെ സാമ്പത്തിക സ്ഥിതിയെ ഓർത്ത് വല്ലാതെ  ദുഖം പ്രകടിപ്പിക്കാറുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്ക കാലത്തു മുഖ്യമന്ത്രി പങ്കുവെച്ച വേവലാതികൾ ദിവസങ്ങൾ കഴിഞ്ഞപ്പോഴേ അദ്ദേഹത്തിന്റെ ക്യാബിനറ്റ് മറന്നിരുന്നു.


അപ്രതീക്ഷിതമായ ഡിസംബറിലെ  തണുപ്പ് അതിന്റെ ഭാഗമായി തേയില / ഏലം/തോട്ടങ്ങൾ മഞ്ഞിനാൽ കരിഞ്ഞുണങ്ങിയത് , ശേഷം അവിശ്വസനീയമായ ചൂടുകാലം. ചൂടു കാലത്ത്  വരണ്ടുപോയ  നെൽപ്പാടങ്ങൾ , തെങ്ങ് ,മറ്റു കൃഷി തോട്ടങ്ങൾ, UV index 12 നടുത്തെത്തിയതും സൂര്യാഘാതവും കുടിവെള്ള ക്ഷാമം, വേനൽകാല രോഗങ്ങൾ എല്ലാം ഒന്നാെന്നായി എത്തിയിരുന്നു. നിപ്പയും ഡങ്കിയും വരവറിയിച്ചു.


വീണ്ടും മറ്റൊരു  ജൂൺ മാസം .ജൂൺ ഒന്നിനെത്തേണ്ട മഴ മടിച്ചതിനാൽ ഒരു മാസത്തിനിടയിൽ 46 % മഴക്കുറവ്. ജലക്ഷാമം രൂക്ഷമായി. ഡാമുകളിൽ 13% വെള്ളം മാത്രം .വൈദ്യുതി നിയന്ത്രണം. ഞാറു / ചേന തുടങ്ങിയ നടീലുകൾ മാറ്റി വെക്കേണ്ടി വന്നു.


ജൂലൈയിലെ ആദ്യ രണ്ടാഴ്ച്ചയും വ്യത്യസ്ഥമായിരുന്നില്ല സ്ഥിതി എന്നാൽ പിന്നീടു മഴ ശക്തമായി തുടങ്ങിയിരിക്കുന്നു. ഒരു പക്ഷേ മൺസൂൺ മഴക്കാലത്തെ കഴിഞ്ഞ നാളുകളിലെ കുറവ് വരും ദിവസങ്ങളിലെ അതി വൃഷ്ടിയിലൂടെ  നികത്തപ്പെടാം.  


മഴക്കാലം എന്നത് മൊത്തം ലഭിക്കുന്ന മഴയുടെ കേവല  കണക്കെടുപ്പല്ല. അത് ജൂൺ ആദ്യവാരം പെയ്തു തുടങ്ങുന്ന 7 മുതൽ 8 ദിവസത്തെ മഴ. പിന്നെ ഒരിടവേള , ശേഷം വീണ്ടും മഴ ദിനങ്ങൾ. കർക്കടകത്തിൽ (വാവു ദിനങ്ങളിൽ) തുള്ളി മുറിയാത്ത  മഴ.  ചിങ്ങമാസത്തിൽ മഴ മാറിനിൽക്കുന്നു. പിന്നെ കന്നിമാസം . മറ്റൊരു മഴക്കാലത്തിനായുള്ള ഇടവേള. തുലാമാസത്തെ ഇടിവെട്ടിനൊപ്പം എത്തുന്ന മഴ (ഇടിവെട്ട് മണ്ണിന്റെ ഘടനയെ  ശക്തമാക്കുന്നു  തുലാവർഷം  തെക്കൻ കേരളത്തിൽ പൊതുവേ കൂടുതലും വടക്കോട്ട് കുറവുമായിരിക്കും. പുതു വർഷത്തിലെ ആദ്യ മൂന്നു നാലു മാസം കഴിഞ്ഞാൽ വേനൽ ചൂടിനെ  ശമിപ്പിക്കുന്ന വേനൽമഴ. അത്  മാവിനും കാപ്പിക്കും അനുഗ്രഹമായി തീരും.അതു കൊണ്ട് ആ മഴയെ Mango Rain എന്നും Bloosom Coffee rain എന്നും  വിളിക്കും. വയനാടിനും ഇടിക്കും ഇഷ്ടപ്പെട്ട നൂൽമഴ, പലതരം നമ്പറിൽ അറിയപ്പെട്ട മഴകൾ. ഇവയുടെ വൈവിധ്യം ഓരോ നാടിനെയും സമ്പന്നമാക്കി. 


മഴയുടെ മൊത്തം അളവിൽ വലിയമാറ്റമില്ല എന്നു പറയുമ്പോൾ അതിന്റെ സ്വഭാവത്തിലുള്ള മാറ്റം വലിയ തിരിച്ചടി നൽകിവരുന്നു. അതിന്റെ അലകൾ അറബിക്കടൽ മുതൽ കാന്തല്ലൂർ, മറയൂർ, വട്ടവട, നെല്ലിയാമ്പതി എന്നിവടങ്ങളിൽ പ്രകടമായിക്കഴിഞ്ഞു. 


32 ഡിഗ്രി ചൂടിൽ നെൽചെടികൾ ക്ഷയിക്കുകയും 38 ഡിഗ്രിക്കു മുകളിൽ കരിഞ്ഞു പോകുകയും ചെയ്യുമെന്നിരിക്കെ എങ്ങനെയാണ് കഴിഞ്ഞ വേനൽ കാലം നെല്ലുൽപ്പാദനത്തെ പ്രതികൂലമായി   ബാധിച്ചതെന്ന് സർക്കാർ പറയാൻ മടിക്കുന്നു.  26/28 ഡിഗ്രിക്കു മുകളിലുള്ള ചൂട്  പ്രതികൂലമായ സാഹചര്യമാണ്  തെങ്ങുകൾക്ക് ഉണ്ടാക്കുന്നത്.18 കോടി തെങ്ങുകളെ അതു ബാധിച്ചിട്ടുണ്ട്. വാഴക്കും പച്ചക്കറികൾ ക്കും  മറ്റും വർദ്ധിച്ച ചൂട് താങ്ങാവുന്നതല്ല. 


കാലാവസ്ഥയും അനുബന്ധ സംഭവങ്ങളും കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന  അവസ്ഥയിലും  കാലാവസ്ഥയെ അട്ടിമറിക്കുവാൻ മുന്നിൽ നിൽക്കുന്ന  തോട്ടം മുതലാളിമാർക്കെതിരെയോ , ഖനന വ്യവസായികൾ ക്കെതിരേയോ  കെട്ടിട നിർമ്മാണ വ്യവസായികൾക്കെതിരെയോ നിലപാടുകൾ എടുക്കുവാൻ സർക്കാർ തയ്യാറല്ല.


വെള്ളപ്പൊക്കത്തിന്റെ ഒരാണ്ടു പിന്നിടുന്ന കാലത്തിനിടയിൽ പോലും  ഇടതുപക്ഷ സർക്കാർ  ഖനനത്തെ കൂടുതൽ കയറൂരി വിട്ടു. മലയിടിച്ചിൽ വ്യാപകമായ ഇടുക്കി, നെല്ലിയാമ്പതി, വയനാട് എന്നിവിടങ്ങളിലെ അനധികൃത നിർമ്മാണങ്ങൾ ഒന്നു പോലും പൊളിച്ചു നീക്കിയില്ല. അനധികൃത നിർമ്മാണങ്ങളെ സാധൂകരിക്കുവാൻ വൈദ്യുതി ബന്ധം , കെട്ടിട നമ്പർ എന്നിവ നൽകുവാൻ ശ്രമിച്ചു. മരം മുറിക്ക് എല്ലാ പ്രാേത്സാഹനവും .  ചതുപ്പുനിലങ്ങൾ / നെൽപ്പാടങ്ങൾ ഇവയുടെ സുരക്ഷയ്ക്ക് പരിഗണനയില്ല. പാരിസ്ഥിതിക  വിഷയത്തിലെ നിസ്സംഗത  തുടരുന്ന കേരള സർക്കാർ  മറ്റൊരു മഴക്കാലം താളം തെറ്റി എത്തുമ്പോൾ എന്തു പ്രതിരോധ പ്രവർത്തനമാണ്  കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചെയ്യുവാൻ ശ്രമിച്ചത് എന്നവർ പരിശോധിക്കുമോ ?


ഭൂമാഫിയകളിൽ നിന്നും മണ്ണിനെ രക്ഷിക്കുവാൻ ഡേറ്റാ ബാങ്ക് നിർമ്മാണം പൂർത്തീകരിക്കൽ( 6 മാസത്തിനകം ), നെൽവയൽ നീർത്തട സംരക്ഷണ നിയമത്തെ ശക്തിപ്പെടുത്തൽ, ഖനനത്തെ പറ്റി സമഗ്ര പഠനം, ഖനനങ്ങൾ സർക്കാർ നിയന്ത്രണത്തിൽ തുടങ്ങിയ ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി അട്ടിമറിക്കുന്ന ഇടതുപക്ഷ സർക്കാരിന് ഈ മഴക്കാലത്തെ പറ്റി എന്താകും പറയാനുള്ളത്  ?


സംസ്ഥാനത്തെ 1500 km വനപ്രദേശങ്ങളും ഉരുൾ പാെട്ടൽ ഭീഷണിയിൽ. 70% കടൽ തീരവും കടലാക്രമണത്തിൽ ,  54500 കുളങ്ങളിൽ ഒട്ടുമിക്കതും ഓർമ്മയിലാണ് . കാവുകൾ 10000ത്തിൽ നിന്നും 100 ആയി. കണ്ടൽകാടുകൾ 700 Km ഉണ്ടായിരുന്നത്  7 കിലോമീറ്ററായി. 65 ലക്ഷം കിണറുകളിൽ ബഹു ഭൂരിപക്ഷവും  ഉപയോഗ ശുന്യമായി കഴിഞ്ഞു.


മഴയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ പരിഗണിച്ച് തീരങ്ങൾ, കായൽ, നദികൾ, പുഴകൾ, കുളങ്ങൾ, നെൽപ്പാടങ്ങൾ, കാടുകൾ എന്നിവയുടെ സ്വഭാവികത നിലനിർത്തുവാൻ മടിച്ചു നിൽക്കുന്ന സർക്കാർ പുനർനിർമ്മാണത്തിന്റെ പേരിൽ ലോകബാങ്കിന്റെ തട്ടകമായി കേരളത്തെ മാറ്റി എടുക്കുമ്പോൾ അത് നാടിന്റെ പരിസരങ്ങളെ കുറേക്കൂടി പ്രതിസന്ധിയിലാക്കും.


തകർന്നു വീണ കേരളത്തെ പുനർനിർണ്ണയിക്കുവാൻ സർക്കാർ എടുത്ത തീരുമാനങ്ങളിൽ ഒന്നും തന്നെ UN സമിതിയുടെ നിർദ്ദേശങ്ങളെ അംഗീകരികുന്നില്ല. പരിസ്ഥിതിയുടെ  സംരക്ഷണത്തിനു മുഖ്യ പരിഗണന നൽകുന്ന പുനർ നിർമ്മാണങ്ങൾ,  അവിടെ കാർഷിക രംഗത്തെ പ്രതിസന്ധിക്ക് പരിഹാരം, പ്രാദേശിക അറിവുകളും അധികാരവും ഉപയോഗപ്പെടുത്തൽ തുടങ്ങിയ UN പദ്ധതികളെ തഴഞ്ഞ്, Rebuilding  Kerala iniative മുന്നോട്ടുവെക്കുന്ന Kerala Rebuilding Development Programme പദ്ധതികൾ കൂടുതൽ കെട്ടിട / റോഡു നിർമ്മാണത്തെ സഹായിക്കുന്ന തരത്തിലുള്ളതാണ്  . 


കഴിഞ്ഞ വെള്ളപ്പൊക്കം വരുത്തിവെച്ച 500 നടുത്തു മരണങ്ങൾ, അരക്കോടി ആളുകളെ ബാധിച്ച വിവിധ പ്രതിസന്ധികൾ, 40000 കോടി രൂപയുടെ നഷ്ടം നാടിനു വരുത്തിവെച്ചു. അതിന്റെ പുനർനിർമ്മാണത്തിനായി ഏറ്റവും കുറഞ്ഞത് 30000 കോടി രൂപ വേണ്ടി വരുന്ന പുനർ നിർമ്മാണത്തെ  കെട്ടിട സമുച്ചയങ്ങൾ, റോഡു നിർമ്മാണം  കൺസൾട്ടന്റ് സ്ഥാപനങ്ങൾ എന്നിവയായി ചുരുക്കുവാനുള്ള ശ്രമങ്ങൾ ഇടതുപക്ഷ സർക്കാർ നടത്തുന്നു. കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷയോട് അരനൂറ്റാണ്ടായി എടുത്തുവന്ന നിഷേധ നിലപാടുകൾ ഇവിടെ തുടരുകയാണ്.


മഴക്കാലത്ത് പൊട്ടി വീഴുന്ന പശ്ചിമഘട്ടം, ഉരുൾപൊട്ടലുകൾക്ക്  അവസര മൊരുക്കുന്ന ഖനനങ്ങൾ, മെലിഞ്ഞു പോയ പുഴകൾ, നദികൾ, ഇല്ലാതായ ഏലകൾ , സ്വീകരണ ശേഷി നഷ്ടപ്പെട്ട കായലും കടലും  കേരളത്തിന് മഴക്കാലവും വേനലും ഭീഷണിയായി മാറി കൊണ്ടിരിക്കുന്നു .അപ്പോഴും നമ്മുടെ നേതാക്കൾ വികസനത്തിനായുള്ള Conclave കൾ നടത്തുവാനുള്ള തിരക്കിലാണ് !

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment