മകര മാസത്തിലെ മഴ മലയാളത്തെ മുടിക്കും 




2021 ലെ ആദ്യ മാസത്തിൻ്റെ ആദ്യ രണ്ടാഴ്ച്ചയിൽ തന്നെ കാലാവസ്ഥാ വ്യതിയാനം സജ്ജീവമായിക്കഴിഞ്ഞു. മകര മാസത്തിലെ മഴ മലയാളത്തെ മുടിക്കുമെന്ന ചൊല്ല് പ്രസക്തമാണ്. കാരണം അത് കൃഷിക്കാരെ പലതരത്തിലും പ്രതികൂലമായി ബാധിക്കും. തുലാ വർഷം അവസാനിക്കുന്ന ഡിസംബർ മുതൽ വേനൽ കാലത്തുണ്ടായിരുന്ന സാധാരണ അന്തരീക്ഷം മാറുമ്പോൾ ദൂര വ്യാപകമായ പ്രശ്നങ്ങളായിരിക്കും ഉണ്ടാക്കുക.


വടക്കു കിഴക്കൻ ഹിമാലയത്തിലും ഡൽഹിയിലും ശൈത്യകാലത്ത് കുടുതൽ മഴ ലഭിച്ചു. മകരമാസത്തിൽ തെക്കേ ഇന്ത്യയിൽ വൻ തോതിലുള്ള മഴയുടെ വർധന (1000 %ത്തിലധികം) പ്രധാനമായി ബാംഗ്ലൂർ. കോയമ്പത്തൂർ എന്നിവിടങ്ങളിൽ സംഭവിച്ചു. ജനുവരി മുതൽ മൂന്നു മാസത്തിനകം ലഭിക്കേണ്ട മഴ ജനുവരി ആദ്യ ആഴ്ച്ച കൊണ്ടു കിട്ടിയിരുന്നു. കേരളത്തിലും മഴ ശക്തമായി പെയ്തു കൊണ്ടിരിക്കുന്നു.


മൂന്ന് ഘടകങ്ങൾ ഒന്നിച്ചു വന്നതാണ് കാലം തെറ്റിയ മഴക്കുള്ള കാരണങ്ങൾ. മാഡൻ - ജൂലിയൻ ഓസിലെഷൻ (മഴപ്പാത്തി) ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിയത് മഴക്ക് അവസരമൊരുക്കി. ബംഗാൾ ഉൾക്കടലിലെ കിഴക്കൻ കാറ്റ് ശക്തമായത് മറ്റൊരു കാരണമാണ് (ചക്ര വാത ചുഴി). ഉത്തരേന്ത്യൻ ശൈത്യ കാറ്റ് അറബിക്കടലിൽ അധികമായ സാനിധ്യമറിയിച്ചത് മൂന്നാമത്തെ കാരണമായി പരിഗണിക്കുന്നു. ഇത്തരം ഘടകങ്ങൾ ഒന്നിച്ചു വന്നത് കാലം തെറ്റിയ മഴയ്‌ക്ക് ഇടയുണ്ടാക്കി. കിഴക്കൻ കാറ്റ് ശക്തമായി പടിഞ്ഞാറേക്ക് നീങ്ങുന്നതു വഴി വടക്കു നിന്നുള്ള ശീതക്കാറ്റ് തടയപ്പെടുന്നു. അതു വഴി തണുപ്പ് മാറി നിന്ന് മഴക്ക് അവസരമൊരുങ്ങുകയാണ്. കാലാവസ്ഥാ പ്രതി ഭാസത്തിലെ മാറ്റം കാർഷിക രംഗത്ത് വൻ തിരിച്ചിടി ഉണ്ടാക്കും. മാവ്, പ്ലാവ്, കാപ്പി മുതലായവ പൂക്കുന്ന സമയത്തുണ്ടാകുന്ന മഴ കൃഷിയെ പ്രതി കൂലമാക്കും. മഹാരാഷ്ട്രയിലെ സ്ട്രോബറി കൃഷിയെയും ഹിമാലയത്തി ലെ ആപ്പിൾ പൂക്കലിനെയും മുന്തിരി വിളവെടുപ്പിനെയും അത് ബാധിക്കും.


മഴയുടെ താളത്തിലുണ്ടാകുന്ന വ്യതിയാനം കാലാവസ്ഥയിലും കൃഷിയിലും വിവിധ ദുരിതങ്ങൾ ഉണ്ടാക്കുകയാണ്. മകരമഞ്ഞും തണുപ്പും വിളകളുടെ പുഷ്പിക്കലിന് സഹായകരമാണ്. തുലാവർഷത്തിൻ്റെ തോതു കുറഞ്ഞതും ഇടവപ്പാതി വൈകി എത്തുന്നതും ശൈത്യ കാലത്തെ മഴയും പ്രകൃതിയുടെ സ്വഭാവത്തിൽ സംഭവിക്കുന്ന വലിയ തിരിച്ചടിയുടെ ഭാഗമാണ്. ഇതൊക്കെ പകർച്ച വ്യാധികളെയും കാർഷിക പ്രതിസന്ധികളെയും വർധിപ്പിക്കും. അത് സാമ്പത്തിക തിരിച്ചടിക്ക് ആക്കം കൂട്ടുകയാണ് നമ്മുടെ നാട്ടിൽ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment