കേരളത്തില്‍ മഴ ശക്തമായേക്കും; എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്




ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാനിർദ്ദേശം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം മുതൽ വയനാട് വരെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 


ഇന്ത്യൻ മഹാസമുദ്രത്തിലെ ന്യൂനമർദ്ദം ചൊവ്വാഴ്ച ആന്ധ്ര, തമിഴ്നാട് തീരത്തെത്തുമെന്നാണ് വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്താണ് ചൊവ്വാഴ്ച വരെ യെലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കനത്തമഴയ്ക്ക് സാധ്യത. മത്സ്യത്തൊഴിലാളികളോട് 28ന് മുൻപ് തിരിച്ചെത്താനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങൾ മലയോരമേഖലകളിലേക്കും ബീച്ചുകളിലേക്കും യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.


ഏപ്രിൽ 28, 29 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ കാറ്റ് (മണിക്കൂറില്‍ 40 -50 കീ.മി. വരെ വേഗത്തില്‍) വീശുവാന്‍ സാധ്യത ഉണ്ട്. ചില സ്ഥലങ്ങളിൽ 29, 30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 29 ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് (ശക്തമായ മഴ) എന്നീ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് (ശക്തമായ മഴ) എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment