കിള്ളിയാർ, ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ച മറ്റൊരു പുഴ




സമൂഹം വളരുമ്പോൾ എല്ലാ ആസ്തിയും പോലെ ജലാശയങ്ങളും ബാധ്യത ആകുന്നു. നികത്തിയെടുത്താൽ ആസ്തി, അല്ലെങ്കിൽ മാലിന്യം നിക്ഷേപിക്കാനുള്ള ഓട, ഇതാണ് മിക്ക ജലാശയങ്ങളുടെയും അവസ്ഥ. കിള്ളിയാർ ഇതിനു അപവാദമല്ല, അറവുശാലയിലെ മാലിന്യം മുതൽ കക്കൂസ് മാലിന്യം അടക്കം തള്ളാനുള്ള ഇടമായി കിള്ളിയാറും മാറി. വൈകിയെങ്കിലും വന്ന വിവേകത്തിന്റെ ഭാഗമായും, പ്രായശ്ചിത്തമായും,  പുഴ ശുചീകരിക്കപ്പെടുകയാണ്, നഗരസഭയുടെ ആഭിമുഖ്യത്തിൽ. വലിയ സന്നാഹവും ബഹുജന  പങ്കാളിത്തവും ഉണ്ട്‌. പക്ഷെ സുസ്ഥിരമാകണമെങ്കിൽ, പുഴക്ക് അവകാശപ്പെട്ട പുറമ്പോക്ക് തിരികെ കൊടുക്കണം. 


നെടുമങ്ങാട്‌ താലൂക്കിൽ, പനവൂർ തീർത്ഥങ്കരയിൽ ഉത്ഭവിച്ചു, വഴയിലയില് നഗര പ്രവേശനം നടത്തി, മണ്ണാമൂല, മരുതംകുഴി, ഇടപഴഞ്ഞി, ജഗതി, കിള്ളിപ്പാലം, ആറ്റുകാൽ, കാലടി വഴി മാലിന്യങ്ങളുടെ ഭാണ്ഡം പേറിയാണ് നിലവിൽ കരമന ആറ്റിൽ കിള്ളിയാർ എത്തുന്നത്. മാലിന്യ കൂമ്പാരത്തിൽ നിന്നും ശുദ്ധജലം പുനഃസ്ഥാപിക്കുന്നതിലേക്കുള്ള പാതയിലാണ് കിള്ളിയാർ. എന്നാൽ പുഴയുടെ സംശുദ്ധി നഗരജീവിതത്തിനു മുതൽക്കൂട്ട് ആകണം എങ്കിൽ, പുഴയുടെ നൈസർഗികമായ രൂപം പുനർസ്ഥാപിച്ചെ മതിയാകൂ. ഇതിനായി ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയെ മതിയാകൂ.


1)പുഴയുടെ പുറമ്പോക്കെ ഭൂമി അടിയന്തിരമായി കല്ലിട്ടു അടയാളപ്പെടുത്തണം. 


2)അതിക്രമിച്ചു കൈവശപ്പെടുത്തിയവരുടെ തർക്കമോ അവകാശവാദമോ പരിശോധിച്ചു ആവശ്യമായ പരിഹാരം കണ്ടെത്താവുന്നതാണ്.

 
3) ആറിന്റെ കൈവഴികൾക്കു സമീപമുള്ള വീടുകൾക്കു കക്കൂസ്, മലിനജല കുഴി നിര്ബന്ധമാക്കേണ്ടതും, അതിനുശേഷം മാത്രം സർക്കാർ സൗജന്യങ്ങൾ ലഭ്യമാക്കേണ്ടതും ആണ്.


4) ജലാശയ മലിനീകരണം തടവ് ശിക്ഷ അർഹമാക്കുന്ന കുറ്റമായി നിയമഭേദഗതി കൊണ്ടുവരാൻ സർക്കാരിൽ സമ്മർദം ചെലുത്താവുന്നതാണ്. 

ഇങ്ങനെയുള്ള മുൻകരുതലുകളും നടപടികളും ഉണ്ടായില്ലെങ്കിൽ, ഇതുവരെ നടത്തിയ ശുചീകരണ പ്രവർത്തികൾ പാഴാകുകയും, ജല രേഖയായി പരിണമിക്കുന്നതുമാണ്.


പുഴ സമൃദ്ധമായാൽ, കുളങ്ങളും മറ്റു തണ്ണീർത്തടങ്ങളും സമൃദ്ധമാകും. കുടിവെള്ളത്തിന് പൈപ്പ് ലൈൻ ഉണ്ടെന്ന അഹങ്കാരം വേണ്ട. ഏറെ പഴക്കമുള്ള കുടിവെള്ള വിതരണ പൈപ്പ് തകർന്നാൽ, പുനരുദ്ധരിക്കുന്നതു വരെ പുഴയും, കുളങ്ങളും മാത്രമേ നഗര ജീവിതം താങ്ങി നിർത്താൻ ഉണ്ടാകൂ എന്ന ഓർമയിലാവണം ഓരോ പുഴയും വീണ്ടെടുക്കേണ്ടത്. പുഴയും ജലാശയങ്ങളും പൂർവസ്ഥിതിയിൽ ആക്കിയാലേ ജീവൻ നിലനിർത്താൻ ആകൂ എന്ന കാര്യവും ഓർക്കേണ്ടതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment