സർക്കാർ കോഴിക്കോട് 78 ഏക്കർ തണ്ണീർത്തടം നികത്തുന്നു




പ്രളയദുരന്തത്തിന് പിന്നാലെ കോഴിക്കോട്  78 ഏക്കര്‍ നിലം മണ്ണിട്ട് നികത്തുന്നു. രാമനാട്ടുകര നഗരസഭ പരിധിയിലെ പൂവന്നൂര്‍പള്ളിക്ക് സമീപമുള്ള വയല്‍പ്രദേശവും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെട്ട ഭൂമി വ്യവസായവകുപ്പ് നികത്തുന്നത്. യാതൊരു പാരിസ്ഥിതിക ആഘാത പഠനങ്ങളും നടത്താതെയാണ് കോഴിക്കോട് ജില്ലയിലെ തന്നെ അതിപ്രധാനമായ ഒരു പാടശേഖരം മണ്ണിട്ട് നികത്തുന്നത്. 

 

കേന്ദ്ര നിയമപ്രകാരം 78 ഏക്കർ നിലം നികത്താൻ പാരിസ്ഥിതിക അനുമതി വേണമെന്ന ചട്ടം മറികടക്കാൻ ഘട്ടം ഘട്ടമായാണ് ഇവിടെ നിലം നികത്തുന്നത്. ഇതിനകം തന്നെ പത്തിലധികം ഏക്കർ സ്ഥലം നികത്തിക്കഴിഞ്ഞു. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയാണ് ഇവിടെ സ്ഥാപിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. 250 കോടി രൂപ ചെലവിട്ട് കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്താണ് സ്ഥലം ഏറ്റെടുത്തത്. കഴിഞ്ഞ സർക്കാർ മരവിപ്പിച്ച് നിർത്തിയിരുന്ന ഈ പദ്ധതി കിൻഫ്രയുടെ നേതൃത്വത്തിൽ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. 

 

വർഷം മുഴുവൻ ജലസാന്നിധ്യമുള്ള,ചുറ്റുമുള്ള മനുഷ്യർക്ക് മുഴുവൻ കുടിവെള്ളം പ്രദാനം ചെയ്യുന്ന പാടശേഖരമാണ് നികത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് സർക്കാർ തന്നെ  78 ഏക്കർ തണ്ണീർത്തടം നികത്തുന്നത്. സർക്കാർ പദ്ധതിക്ക് വേണ്ടി എത്ര വേണമെങ്കിലും നിലം നികത്താവുന്ന രീതിയിൽ 2008 ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമത്തെ ഈ സർക്കാർ ഭേദഗതി ചെയ്തിരുന്നു. ആ ഭേദഗതി സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകർ ഉന്നയിച്ച ആശങ്കകളെ ശരി വെക്കുന്നതാണ് പ്രളയദുരന്തത്തെ പോലും വകവെക്കാതെയുള്ള നിലം നികത്തൽ. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment