ഖനന മാഫിയക്ക് ഭീഷണിയായ വില്ലേജ് ഓഫീസർക്ക് സ്ഥലം മാറ്റം




നിയമാനുസൃതം തന്റെ ജോലി ചെയ്തുവന്നിരുന്ന കോഴിക്കോട് കൂടരഞ്ഞി വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയതായി പരാതി. കൂടരഞ്ഞി വില്ലേജിലെ പ്രകൃതി ദുരന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് കരിങ്കല്‍ ഖനനം നിയന്ത്രിക്കാന്‍ ശ്രമിച്ചതാണ് കൂടരഞ്ഞി വില്ലേജ് ഓഫിസര്‍ യു. രാമചന്ദ്രന്റെ സ്ഥല മാറ്റത്തിന് കാരണമെന്നാണ് സൂചന. ചെങ്കുത്തായ മലനിരകളാല്‍ സമ്പന്നമായ പ്രദേശമാണ് കൂടരഞ്ഞി.


കൂടരഞ്ഞിയില്‍ പുതുതായി 12 ഓളം കരിങ്കല്‍ ക്വാറികള്‍ തുടങ്ങാന്‍ ശ്രമം തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തോളമായി. വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം ലഭിക്കാത്തതാണ് പലപ്പോഴും കൂടരഞ്ഞിയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനനത്തിന് പ്രതിബന്ധമായിരുന്നത്. ഖനന ചട്ടങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും മാത്രം മുന്നില്‍ കണ്ട റവന്യൂ വകുപ്പ്​ ഉദ്യോഗസ്ഥന്‍ ഭരണ - പ്രതിപക്ഷ കക്ഷികളുടെ കണ്ണിലെ കരടായിരുന്നു.


ക്വാറി ലോബിയുടെ ഭീഷണിക്കും വില്ലേജ് ഓഫിസര്‍ വിധേയനായി. ഓഫിസറെ മാറ്റാന്‍ പലപ്പോഴായി ശ്രമം നടന്നെങ്കിലും റവന്യൂ വകുപ്പിലെ ഒരു വിഭാഗം ഉന്നതോദ്യോഗസ്ഥര്‍ തടയുകയായിരുന്നു. എന്നാൽ ഒടുവിൽ ക്വാറി മാഫിയ തന്നെ വിജയിച്ചിരിക്കുന്നു. നിയമാനുസൃതം ജോലി ചെയ്തുവന്നിരുന്ന ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം.


2018 ജൂണ്‍ 14ന് പ്രളയത്തിനിടെ കൂടരഞ്ഞി കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ മണ്ണിടിച്ചിലുണ്ടായത് വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു പുറംലോകമറിഞ്ഞത്. ജൂണ്‍ 16ന് കക്കാടംപൊയില്‍ പാര്‍ക്ക് സന്ദര്‍ശിച്ച വില്ലേജ് ഓഫിസര്‍ അപകട സാധ്യത കണ്ട് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്.


കൂടരഞ്ഞി കൂമ്പാറയിലും പരിസരങ്ങളിലുമുണ്ടായ 2018ലെ 12ഓളം ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്​ടമാണുണ്ടായത്. കല്‍പ്പേനിയില്‍ കുടുംബത്തിലെ പിതാവും മകനും ദുരന്തത്തില്‍ മരിച്ചിരുന്നു. കൂമ്പാറ മേഖലയിലെ കരിങ്കല്‍ ഖനനത്തിന്റെ ദുരന്ത സാധ്യത സംബന്ധിച്ച്‌ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളുയര്‍ത്തിയ കൂമ്പാറ പുന്നക്കടവിലെ ക്വാറിയുടെ പ്രവര്‍ത്തനം ഹൈകോടതി തടയുന്നതിലേക്ക് നയിച്ചതും ഈ റവന്യൂ ഉദ്യോഗസ്ഥന്റെ നിയമാനുസൃത ഇടപെടല്‍ നിമിത്തമായിരുന്നു.


ബദാം ചുവട്, കക്കാടംപൊയില്‍ തേനരുവി, തേക്കിന്‍ ചുവട് തുടങ്ങിയ ക്വാറികള്‍ക്കെതിരെ നാട്ടുകാരുടെ പരാതികള്‍ ശരിവെക്കുന്നതായിരുന്നു വില്ലേജ് ഓഫിസറുടെ നിലപാടും. 70 ഡിഗ്രി ചെങ്കുത്തായ മലഞ്ചെരിവിലുള്ള കൂമ്പാറ ആനക്കല്ലുപാറയിലെ ക്വാറിക്കെതിരെയായിരുന്നു ഏറ്റവും ഒടുവില്‍ വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ജില്ല ജിയോളജിസ്​റ്റ്​ ആനക്കല്ലുപാറയിലെ കരിങ്കല്‍ ഖനനം തടഞ്ഞെങ്കിലും പിന്നീട് പുനരാരംഭിച്ചു.  


ഖനന ലോബിയുടെ താല്‍പര്യം സംരക്ഷിക്കുന്ന ഉദ്യോഗസ്ഥനെ വെച്ച്‌ കൂടരഞ്ഞിയില്‍ പുതിയ ക്വാറികള്‍ തുടങ്ങാനുള്ള നീക്കം ആരംഭിച്ചാല്‍ പ്രതിഷേധവും നിയമനടപടികളും ആരംഭിക്കുമെന്ന് ജില്ല പരിസ്ഥിതി പ്രവര്‍ത്തക കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ എ.എസ്. ജോസ് പറഞ്ഞു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment