പേരാമ്പ്രയിലെ ചന്തമുള്ള പിങ്ക് പൂക്കൾക്ക് ചില ദോഷവശങ്ങളുമുണ്ട് 




ക ബോംബ അക്വാട്ടിക്ക എന്ന മുള്ളന്‍ പായല്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്തുള്ള ആവളപ്പാണ്ടിയില്‍ ജലസ്രാതസ്സുകളില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച വാര്‍ത്ത‍ ഒട്ടേറെ ആളുകളെ അവിടേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള പൂക്കള്‍ കാണുവാന്‍ ചന്തമുണ്ട് എങ്കിലും അതിന്‍റെ  ദോഷവശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേതുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച വിദഗ്ദര്‍ പായലുകള്‍ നീക്കം ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് .


അനുകൂല സാഹചര്യത്തില്‍ അതിവേഗം വ്യാപിക്കുന്നതായതിനാല്‍ പായലുകള്‍ പെട്ടന്ന് നീക്കം ചെയ്യുവാന്‍ തീരുമാനിച്ചു. യന്ത്ര സഹായത്തോടെ പറച്ചു നീക്കി നശിപ്പിക്കുന്നതാണ് അനുയോജ്യമായ മാര്‍ഗം. അമ്ല ഗുണമുള്ള (Ph. മൂല്യം 5) ജലത്തിലാണ് ജല സസ്യം നന്നായി വളരുന്നതെന്ന് കാര്‍ഷിക വിദഗ്ധര്‍ വിശദീകരിച്ചു. കുമ്മായം വിതറി പായല്‍ നശിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. തോടായതിനാല്‍ കളനാശിനികള്‍ തളിക്കുന്നത് പ്രായോഗികമല്ല. കുറച്ചു കാലമായി തോട് ശുചീകരിക്കാത്തത് മുള്ളന്‍പായലിന് അനുകൂല ഘടകമായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
 

ശുദ്ധ ജലത്തിലോ തടാകങ്ങളിലോ നദികളിലോ നേരിയ ജല പ്രവാഹമുള്ള ഇടങ്ങളിലോ ആണ് ക ബോംബ വളരുന്നത്. അഞ്ചോ പത്തോ ചെടികള്‍ ആയി വളരാന്‍ തുടങ്ങുന്ന കബോംബ പാരിസ്ഥിതികമായി അനുകൂല സാഹചര്യങ്ങള്‍ കിട്ടിയാല്‍ തഴച്ചു വളരാന്‍ തുടങ്ങും. ചിലപ്പോള്‍ വര്‍ഷങ്ങളോളം എടുത്ത് ജല സ്രോതസ്സിനെ മുഴുവനായും മൂടുന്ന രീതിയിലേക്കായിരിക്കും ഇതിന്‍റെ വളര്‍ച്ച. ജല സ്രോതസ്സിന്റെ പന്ത്രണ്ട് അടിയോളം താഴ്ചയില്‍ സസ്യം വളരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.മറ്റ് ദുര്‍ബല സസ്യങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുവാന്‍ ഇവക്കു കഴിയും.സസ്യങ്ങളുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന രീതിയിലേക്കാണ് കബോംബ വളരുക. ഒപ്പം വളരുന്ന ചെടികളെ മാത്രമല്ല,  സസ്യത്തിന്റെ വേരുകളില്‍ മുട്ടയിട്ട് പ്രജനനം നടത്തുന്ന സ്വാഭാവിക മത്സ്യങ്ങളുടെ പ്രജനനം കുറയുന്നതിനും മുള്ളന്‍ പായല്‍ ഇടയുണ്ടാക്കും.ജലസംഭരണ ശേഷി കുറയുന്നതിനും വഴിയൊരുക്കും.കബോംബയുടെ വെള്ളത്തിനടിയിലുള്ള കാണ്ഢവും ഇലകളും വള്ളങ്ങള്‍ ഒഴുകി നീങ്ങുവാന്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.
 

ഓസ്ട്രേലിയയിലെ കിഴക്കന്‍ തീരങ്ങളില്‍ ഒട്ടനവധി ജലപാതകളെ  കള നശിപ്പിച്ചുണ്ടെന്നാണ് വിലയിരുത്തല്‍. ഇട തൂര്‍ന്നു വളരുന്ന സസ്യങ്ങള്‍ നശിക്കുമ്പോള്‍ ഉണ്ടാകുന്ന വിഘടന പ്രവര്‍ത്തനം ഓക്സിജന്‍ കുറക്കുന്നതിനും ദുര്‍ഗന്ധം വമിക്കുന്നതിനും ഇടയുണ്ടാക്കും. കേരളത്തില്‍ പമ്പാ നദിയുടെ പല കടവുകളും ഇത്തരം കള കാരണം അവ ഉപയോഗ ശൂന്യമാവുകയും നശിക്കുകയും ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ഏറ്റം മോശം സസ്യങ്ങളിലൊന്നായാണ് കബോംബയെ കാണുന്നത്.


കേരളത്തിലേക്ക് പുറത്തു നിന്നതും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതുമായ ചില  സസ്യങ്ങളാണ് രാക്ഷസ കൊന്ന, കമ്യുണിസ്റ്റ് പച്ച, കോൺഗ്രസ്സ്‌ പച്ച, ദൃതരാഷ്ട്രപ്പച്ച തുടങ്ങിയവ.


രാക്ഷസ കൊന്ന (Senna spectabilis)


സാമൂഹിക വനവൽക്കരണത്തിൻറെ ഭാഗമായി മുത്തങ്ങ ഫോറസ്ററ് ഓഫീസ് പരിസരത്ത് സെന്നാ സ്പെക്റ്റാബിലിസ് എന്ന രാക്ഷസ കൊന്നയുടെ 8 തൈകളാണ് 1986ൽ കർണ്ണാടകയിൽ നിന്നും കൊണ്ടു വന്ന് നട്ടുപിടിപ്പിച്ചത്.നറും മഞ്ഞനിറ ത്തിലുള്ള പൂക്കള്‍ ആകര്‍ഷകമാണ്.ഇപ്പോൾ മുത്തങ്ങ വന്യജീവി സങ്കേതത്തിലെ നാൽപ്പത്തിയഞ്ചിലധികം ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിലുള്ള വന മേഖല പൂർണ്ണമായും ഇതിന്‍റെ പിടിയിലാണ്.ഇത്രയും സ്ഥലത്ത് വ്യാപിച്ച് നാശം വിതക്കുന്ന ചെടിയെ നശിപ്പിക്കുവാന്‍ 12 വർഷക്കാലം നീണ്ടുനിൽക്കുന്ന അദ്ധ്വാനം വേണ്ടി വരും. ഓരോ വർഷവും ശരാശരി അഞ്ച് ചതുരശ്ര കിലോ മീറ്റർ വന മേഖ രാക്ഷസ കൊന്ന കൈയ്യടക്കുന്നു.


കമ്യുണിസ്റ്റ് പച്ച (Chromolaena odorata)


സൂര്യകാന്തിച്ചെടിയുടെ വംശ പരമ്പരയിൽ പെട്ട ആസ്റ്ററേഷ്യ കുടുംബത്തിലുള്ള ഏക വാർഷികച്ചെടിയാണ് കമ്യുണിസ്റ്റ് പച്ച.ഈ കുറ്റിച്ചെടി ഉഷ്ണ മേഖല പ്രദേശങ്ങളിൽ നിന്നാണ്‌ ഇന്ത്യയിലെത്തിയത് അമേരിക്കയിലെ ഫ്ളോറിഡ,ടെക്‌സാസ് എന്നിവിട ങ്ങളിൽ സുലഭമാണ്.ആസാമില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും അത് കേരളത്തില്‍ വന്നു ചേർന്നു.


ദൃതരാഷ്ട്ര പച്ച (Mikania micrantha)


തൊട്ടടുത്ത്‌ നിൽക്കുന്ന തണ്ടിലും മരങ്ങളിലും ആശ്ലേഷിക്കുന്നതരത്തിൽ പെട്ടെന്ന് പടർന്നു കയറാൻ കഴിയുന്ന ദൃതരാഷ്ട്രപ്പച്ചയുടെ ഇടപെടലിലൂടെ ഓക്സിജൻ കിട്ടാതെ താങ്ങു ചെടി നശിച്ചു പോകും. ദൃതരാഷ്ട്രപ്പച്ചയുടെ തണ്ടിൽ നിന്നും വരുന്ന പ്രത്യേക രാസഘടകങ്ങൾ കാരണം ചുറ്റിപ്പടരുന്ന വൃക്ഷം കാല താമസമില്ലാതെ വളർച്ച മുരടിക്കും. ഒരു ദിവസത്തെ സമയ ദൈർഘ്യത്തിനുള്ളിൽ 10cm ഉയരത്തിൽ വളരാൻ കഴിവുള്ള ധൃത രാഷ്ട്രപ്പച്ച എന്ന ചെടിയ്ക്ക് 25 ചതുരശ്ര മീറ്റർ വിസ്‌തൃതിയിലുള്ള ഭൂമിയിൽ പടർന്നുകയറി സ്വന്തമാക്കാൻ ഏതാനും മാസങ്ങൾ  മതി. നാല്പത്തിനായിരത്തിലധികം വിത്തുകൾ  ഒരു വർഷം കൊണ്ട് ഉൽപ്പാദിപ്പി ക്കുവാൻ  ശേഷിയുള്ള ചെടി കാറ്റിലൂടെയും മനുഷ്യരുടെ ഇടപെടലിലൂടെയും പൂമ്പാറ്റ കളിലൂടെയുമാണ് മുഖ്യമായി വിത്തു വിതരണം നടത്തുന്നത്.


കോൺഗ്രസ്സ് പച്ച (Parthenium hysterophorus )


മധ്യ അമേരിക്കൻ സ്വദേശിയായ പാഴ്‌ച്ചെടി 1950 കാഘട്ടങ്ങളിലാണ് ഇന്ത്യയിലെത്തിയത്. ഈ ചെടി ആദ്യം കണ്ടത് പൂനയിൽ . അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്‌ത ഗോതമ്പ് ചാക്കുകളിലൂടെ വിത്തുകൾ നമ്മുടെ നാട്ടിലെത്തിയതെന്നു വേണം കരുതാൻ. കാർഷിക മേഖലകൾക്കുമപ്പുറം പരിസ്ഥിതിക്കും ചുറ്റുപാടിലുള്ള മനുഷ്യരുടെ  ആരോഗ്യത്തിനുംവരെ  കടുത്ത ഭീഷണയാണ് കോണ്‍ഗ്രസ് പച്ച. പൂമ്പൊടി ശ്വസിക്കുന്നവർക്ക് തുടർച്ചയായ തുമ്മൽ,മൂക്കൊലിപ്പ്,കണ്ണിൽ നിന്നും വെള്ളം വരിക മുതലായ അസ്വസ്ഥതകളും തൊലിപ്പുറത്ത് അലർജി,ശ്വാസ കോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കും. ചെടിയിലടങ്ങിയ പാർത്തേനിയം രാസവസ്‌തുവാണ് ദോഷ കാരണം.


സംസ്ഥാനത്ത് മൂന്നു ഡസനിലടുത്ത് സസ്യങ്ങള്‍ മറ്റു നാടുകളില്‍ നിന്നും എത്തിയവയാണ്. അതില്‍ പെടുന്നതാണ് കുള വാഴയും. ഇവയില്‍ ഒന്നര ഡസനിലധികം ഇനങ്ങള്‍ മറ്റു ചെടികളുടെ വളര്‍ച്ചക്കും മണ്ണിനും ജീവികള്‍ക്കും ദോഷം വരുത്തുന്നതാണ്‌. കബോംബ അക്വാട്ടിക്ക എന്ന മുള്ളന്‍ പായല്‍ നമ്മുടെ നീരുരവകള്‍ക്ക് വിവിധങ്ങളായ തിരിച്ചടികള്‍ ഉണ്ടാക്കും. കാലാവസ്ഥ വ്യതിയാനം അധിനിവേശ ചെടികളുടെ വളർച്ചയെ അനുകൂലമാക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment