കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഉഷ്‌ണതരംഗം




കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഉഷ്ണതരംഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനിലയില്‍ നാലര ഡിഗ്രി സെല്‍ഷ്യസിലധികം വര്‍ധനയുണ്ടാകുന്ന സാഹചര്യത്തെയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്.


ഉഷ്ണതരംഗം മൂലം സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അന്തരീക്ഷ താപനില മൂന്നു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യല്‍ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


കോഴിക്കോട് ജില്ലയിലാകെ നിലവിൽ പുറംജോലികളിൽ ഏർപ്പെടുന്നവരും നഗരങ്ങളിലും നിരത്തിലും ഉള്ളവരും വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കി വിശ്രമിക്കുകയും തണലിലേക്ക് മാറുകയും ചെയ്യണം. ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യേണ്ടതാണ്.


പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് ഒരു കാരണവശാലും നേരിട്ട് സൂര്യതാപം ശരീരത്തിലേൽക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ല. കോഴിക്കോട് ജില്ലയിൽ, പ്രത്യേകിച്ച് നഗരമേഖകളിൽ ആളുകൾ പകൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. ശുദ്ധമായ വെള്ളം ധാരാളമായി കുടിക്കേണ്ടത് ഈ ഘട്ടത്തിൽ അത്യാവശ്യമാണ്.*


കഠിനമായ ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകളെടുത്ത് വിശ്രമത്തോട് കൂടി മാത്രം ജോലിയിൽ ഏർപ്പെടേണ്ടതാണ്. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, രോഗങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങളെ പെട്ടെന്ന് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കാനിടയുണ്ട്. ഇത്തരം വിഭാഗങ്ങൾ മുന്നറിയിപ്പ് നിലനിൽക്കുന്ന ഘട്ടത്തിൽ ഒരു കാരണവശാലും പുറത്തിറങ്ങാൻ പാടുള്ളതല്ല.


പുറം വാതിൽ ജോലികളിൽ ഏർപ്പെടുന്നവർ, കെട്ടിട നിർമാണ തൊഴിലാളികൾ, പൊതുമരാമത്ത് ജോലിക്കാർ, കർഷകർ, കർഷക തൊഴിലാളികൾ, ട്രാഫിക്ക് പോലീസ്, ഹോം ഗാർഡുകൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, തെരുവോര കച്ചവടക്കാർ, ബൈക്ക് യാത്രികർ, മുനിസിപ്പാലിറ്റി ശുചിത്വ തൊഴിലാളികൾ, തെങ്ങുകയറ്റക്കാർ തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവർ അതീവ ജാഗ്രത പാലിക്കണം. കൂടുതൽ സമയം ചൂട് ശരീരത്തിൽ ഏൽക്കുന്ന സാഹചര്യം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാം.


സൂര്യഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ തോന്നുന്നവർ ഉടനെ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ആരേയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ പ്രഥമ ശുശ്രൂഷ നൽകുകയും ഉടനെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment