മൂന്നാർ: വേണം ഒരു ബദൽ ജനകീയ പ്രസ്ഥാനം




ശവശരീരങ്ങൾ പോലും വീണ്ടെടുക്കാനാവാത്ത തരത്തിൽ എത്രമാത്രം  മനുഷ്യ ജീവിതങ്ങളാണ് ഇവിടെ  മണ്ണിലും ചേറിലും പുതഞ്ഞ് എന്നന്നേക്കുമായി  പൊലിഞ്ഞു പോയതു്.? ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂമി കയ്യേറ്റവും നിയമവിരുദ്ധ പ്രവർത്തനങ്ങളുമാണ് ടാറ്റ മൂന്നാറിൽ നടത്തി കൊണ്ടിരിക്കുന്നതു്. ടാറ്റ ,ഹരിസൺസ്, ടി ആർ ആന്റ് ടീ ഉൾപ്പെടെയുള്ള തോട്ട മാഫിയകളും അവരുടെയൊക്കെ  ഏജന്റുകളായി പ്രവർത്തിക്കുന്ന റിസോർട്ടു മാഫിയാകളും ഖനന മാഫിയകളും ചേർന്ന് മൂന്നാറിന്റെ മാത്രമല്ല പശ്ചിമഘട്ടത്തിന്റെ ആകെ  തന്നെ പ്രകൃതി സന്തുലിതാവസ്ഥയെ തന്നെയാണ് തകർത്ത് കൊണ്ടിരിക്കുന്നതു്. തുടക്കത്തിൽ അതിന്റെ ഇരകളാകേണ്ടി വരുന്നത് തോട്ടം തൊഴിലാളികളും തദ്ദേശീയ ഗോത്ര വിഭാഗങ്ങൾ  ഉൾപ്പെടെയുള്ള പാർശ്വവൽകൃത വിഭാഗങ്ങളുമാണങ്കിൽ ഇന്ന് ഒരു ജനതയെ തന്നെ ഗുരുതരമായി ഇത് ബാധിച്ചു കഴിഞ്ഞു എന്നും നാം തിരിച്ചറിയേണ്ടതുണ്ട്‌. 


മൂന്നാറിൽ  കണ്ണൻദേവൻ തോട്ടങ്ങളുടെ നിയന്ത്രണം ടാറ്റയിലേക്ക് എത്തുന്നത് എല്ലാ നിയമങ്ങളെയും, നമ്മുടെ ഭരണഘടനയേ തന്നെയും കാറ്റിൽ പറത്തി കൊണ്ടാണ്. കേരളം ഇതേ വരെ മാറി മാറി ഭരിച്ച ഭരണാധികാരികളെ മുഴുവനും വിലക്കെടുത്തു കൊണ്ടാണ് ടാറ്റ ഇത് സാധ്യമാക്കിയതു്. ടാറ്റ എന്ന മൂന്നാറിലെ കോർപ്പറേറ്റ് ഭൂ കുത്തകയെ  തൊഴിലാളികളുടെ ഒടുങ്ങാത്ത രോഷത്തിൽ നിന്ന് എപ്പൊഴും രക്ഷിച്ചെടുക്കുന്നതു്. ടാറ്റയുടെ എച്ചിൽ നക്കുന്ന ട്രെയിഡ് യൂനിയൻ കങ്കാണിമാരും ജന വിരുദ്ധരായ ഭരണ വർഗ്ഗരാഷ്ട്രീയ നേതൃത്വങ്ങളുമാണ്.


മൂന്നാറിലെ പെമ്പിളൈ ഒരുമൈയുടെ സമരത്തിൽ നാമത് കണ്ടതാണ്. അടിമവേലക്ക് തയാറല്ലന്നും, ജീവിക്കാനാവശ്യമായ വേതനം ലഭ്യമാക്കണമെന്നും ഭൂഉടമസ്ഥതയിൽ അവകാശമുണ്ടന്നും ഉള്ള ആവശ്യമുന്നയിച്ചു ആയിരങ്ങളെ അണിനിരത്തിയുള്ള ഒരു തൊഴിലാളി പ്രക്ഷോഭത്തെ എത്രമാത്രം ഗൂഡാലോചന പരമായാണ് ട്രെയഡ് യൂനിയൻ കങ്കാണിമാരും തോട്ടം കുത്തകകളും ഭരണ വർഗ്ഗരാഷ്ട്രീയ നേതൃത്വങ്ങളും  നേരിട്ടത്.


മുന്നാറിനെ രക്ഷിക്കാൻ, മൂന്നാറിലെ പതിനായിരക്കണക്കായ തോട്ടം തൊഴിലാളികളെ രക്ഷിക്കാൻ ഒന്നു മാത്രമെ കരണീയമായുള്ളൂ. തദ്ദേശീയരായ ആദിവാസി ജന വിഭാഗങ്ങളെ മനുഷ്യരായി, തങ്ങളുടെ ആവാസ മേഖലയിൽ ജീവിക്കാൻ അനുവദിക്കുന്നതിനും ഒന്നു മാത്രമെ ഇനി അവശേഷിക്കുന്നുള്ളൂ. കയ്യേറ്റക്കാരനായ ടാറ്റയിൽ നിന്ന് നമ്മുടെ പൊതു സ്വത്തായ മൂന്നാറിനെ വീണ്ടെടുക്കുക! മൂന്നാറിനെ ജനകീയ നിയന്ത്രണത്തിൻ കീഴിലേക്ക് കൊണ്ടുവരിക.


രണ്ട് ലക്ഷം ഏക്കറിനടുത്തു വരുന്ന കണ്ണൻദേവൻ ഭൂമി സർക്കാർ ഭൂമിയാണ്. ഒരു നൂറ്റാണ്ട് ആയി തലമുറകളായി അടിമപ്പണി ചെയ്യേണ്ടി വരുന്ന തോട്ടം തൊഴിലാളികൾക് അവകാശപ്പെട്ട ഭൂമിയാണ്. ഇടമലക്കുടി പോലുള്ള നിരവധിയായ ഊരുകളിലെ തദ്ദേശീയ ആദിവാസി ജന വിഭാഗങ്ങളുടെ ആവാസ ഭൂമിയാണ്. അത് തിരിച്ചുപിടിക്കുന്നതിനായി പശ്ചിമഘട്ട മേഖലകളിൽ പിടിമുറുക്കിയ ടാറ്റ, ഗോയങ്കെ പോലുള്ള കോർപ്പറേറ്റ് ഭീമൻമാരിൽ നിന്നും വിദേശതോട്ടം കുത്തകകളിൽ നിന്നും ശക്തമായ നിർമ്മാണത്തിലൂടെ നമ്മുടെ ലക്ഷക്കണക്കിന് ഏക്കർ ഭൂമി വീണ്ടെടുക്കുക എന്നത് ഒരു അടിയന്തിര പ്രാധാന്യമുള്ള അജണ്ടയായി ജനാധിപത്യ കേരളം മാറ്റേണ്ടതുണ്ട്.


വിദേശതോട്ടം കമ്പനികളുടെ ഭൂമി കയ്യേറ്റം:


കേരളത്തിലെ ഏറ്റവും വലിയ ഭൂമി കയ്യേറ്റക്കാർ ടാറ്റയും ഗോയങ്കയുമാണ്. കണ്ണൻദേവൻ, ഹാരിസൺസ് തുടങ്ങിയ വിദേശ തോട്ടം കമ്പനികളാണ്. മൂന്നാർ ഭൂമിയിൽ ടാറ്റയ്ക്ക് എന്ത് അവകാശമാണു ഉള്ളത്? ടാറ്റ ഇന്ന് മൂന്നാറിൽ പടുത്തുയർത്തിയ സാമ്രാജ്യം നിയമപരമാണോ? അത് ഭരണഘടനാപരമാണോ? 


2013 ഏപ്രിൽ 25 നും 2015 ഡിസമ്പർ 30 ന് മായി രണ്ടു ഉത്തരവുകളിലൂടെ കേരള സർക്കാർ രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പക്ടർ ജനറലും സർവ്വേ ഡയറക്ടറുമായിരുന്ന രാജമാണിക്യം IAS നെ പ്രത്യേക ജൂഡീഷ്യൽ അധികാരങ്ങളോടെ സ്പെഷ്യൽ ഓഫീസറായി കേരള സർക്കാർ നിയമിച്ചു. കേരളത്തിൽ ഏതാനും വിദേശ  തോട്ടം കമ്പനികൾ നിയമവിരുദ്ധമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന വിവിധ കമ്മീഷൻ റിപ്പോർട്ടുകളിൽ അന്തിമ തീരുമാനങ്ങൾ എടുക്കുന്നതിന് വേണ്ടിയായിരുന്നു ഈ നിയമനം. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സിക്രട്ടറി, നിവേദിത പി.ഹരൻ, ഡോ.സജിത് ബാബു റിപ്പോർട്ടും  ഈ രണ്ടു റിപ്പോർട്ടുകളിലും ഉന്നയിക്കപ്പെട്ടിട്ടുള്ള നിയമ വശങ്ങളെക്കുറിച്ചു പഠിക്കാൻ ജസ്റ്റിസ് മനോഹരൻ ചെയർമാനായ കമ്മിറ്റിയുടെ റിപ്പോർട്ട്, നന്ദനൻ പിള്ള നടത്തിയ വിജിലൻസ് അന്വഷണ റിപ്പോർട്ട് എന്നിവയിലൊക്കെ അസന്ദിഗ്ദമായി വിശദീകരിച്ചിരുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ അവശ്യ നടപടികൾക്കു വേണ്ടിയായിരുന്നു സ്പഷ്യൽ ഓഫീസറുടെ നിയമനം. അഥവാ തോട്ടം മേഖലയിൽ ഭൂഉടമസ്ഥതയിൽ കൃതൃമം കാണിച്ചു നിയമ വിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിദേശ കമ്പനികളെക്കുറിച്ച് പഠിച്ചു സർക്കാറിനു് അന്യാധീനം വന്ന ഭൂസ്വത്ത് തിരിച്ചുപിടിക്കാനുമുള്ള ചുമതലയായിരുന്നു സ്പെഷ്യൽ ഒഫീസർക്ക് നിർവ്വഹിക്കാനുണ്ടായിരുന്നത്.


രാജമാണിക്യം പിണറായി സർക്കാറിന് 2016 ജൂൺ 4 ന് സമർപ്പിച്ച റിപ്പോർട്ട് മൂന്നാർ ഉൾപ്പെടെയുള്ള തോട്ടം ഭൂമിയുടെ ഉടമസ്ഥതയക്കുറിച്ച്, എത്ര മാത്രം ഹീനമായാണ് കൃതൃമ രേഖകകൾ കെട്ടിച്ചമച്ചും, നിയമവിരുദ്ധ നടപടികൾ സ്വീകരിച്ചും അഞ്ചര ലക്ഷം ഏക്കർ ഭൂമി തട്ടിയെടുക്കാൻ ഈശക്തികൾ ശ്രമിക്കുന്നതെന്ന് വിശദമാക്കുന്നു. തുടർന്ന് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി 19 നടപടികളിലൂടെ അനധികൃതമായി വിറ്റഴിച്ചഭൂമി കണ്ടു കെട്ടാനും ശ്രമമാരംഭിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ മൂന്നാറിലെ മണ്ണിൽ ടാറ്റ യുടെ അധിനിവേശം എങ്ങിനെയായിരുന്നു എന്നു്  ഒര് പരിശോധന നടത്തുന്നത് തന്നെ ഈ അവസ്ഥയിൽ വളരെയേറെ പ്രാധാന്യമേറിയതാണ്‌.


പശ്ചിമഘട്ടത്തിലെ കണ്ണൻദേവൻ മലനിരകകൾക്ക് ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തിലൊരിടത്ത്‌ പോലും  ടാറ്റയുടെ പാരമ്പര്യാർജ്ജിതമായ തറവാട്ട് സ്വത്താണ് മൂന്നാർ എന്നല്ല രേഖപ്പെടുത്തപ്പെടുത്തിയിരിക്കുന്നതു. കണ്ണൻദേവൻ മലനിരകൾ ഉൾക്കൊള്ളുന്ന വിശാല ഭൂമികയുടെ ചരിത്രമെന്താണ്?കിളിമാനൂർ, ഇടപ്പിളളി, പഞ്ഞിപ്പുഴ, പൂഞ്ഞാർ പന്തളം എന്നീ പ്രധാന ഇടവകകളിൽ കിളിമാനൂർ ഒഴികെ കൊല്ലവർഷം 904 [1729] ന് മുമ്പ് ഭരണം കയ്യാളിയിരുന്നത് സ്വതന്ത്ര നാടുവാഴികളായിരുന്നു. ഈ ദേശങ്ങൾ വേണാടിനോട് ചേർത്തത് മൂലം അധികാരസ്ഥാനം നഷ്ടപ്പെട്ട ദേശാധിപതികൾക്ക്  കരമില്ലാതെ  നല്കിയ ഭൂമിയാണു് ഇടവക ഭൂമികൾ .


വേണാട് രാജകുടുബവുമായി അടുപ്പമുണ്ടായിരുന്ന പൂഞ്ഞാർ രാജകുടുബത്തിൻ്റെ പീരുമേട് താലൂക്കിലെ പൂഞ്ഞാർ പകുതിയിലെ മുഴുവൻ ഭൂമിയും കരമൊഴിവായി നല്കിയതായിരുന്നു. പൂഞ്ഞാർ ഇടവകയുടെ വകയായിരുന്ന മീനച്ചിൽ താലൂക്കിലെ കൊണ്ടൂർ പകുതിയിൽപ്പെട്ട കണ്ണൻ ദേവൻ അഞ്ചനാട്ടുമല 227 ചതുര ശ്രമൈൽ (145280 ഏക്കർ ) സ്ഥലം 5000 രൂപ റൊക്കം പറ്റിക്കൊണ്ടും ആണ്ടിൽ 3000 രൂപതറപ്പാട്ടം നല്കാമെന്ന വ്യവസ്ഥയിലും 1877 ജുലായി 11 ന് ഒരു ഉടമ്പടി പ്രകാരം അന്നത്തെ പൂഞ്ഞാർ ചീഫ് ജോൺ ഡാനിയൽ മൺറോ എന്ന വിദേശിക്ക് പാട്ടത്തിന്ന് നല്കി. ഇത്തരം ഉടമ്പടികളിൽ ഉടനീളം രാജ്യത്തെ കീഴ്പ്പെടുത്തിയ അധിനിവേശ രാജ്യത്തിന്റെ അധികാരപ്രമത്തതയും ,അധിനിവേശിത രാജ്യത്തിന്റെ നിസ്സഹായതയും വായിച്ചെടുക്കുക എളുപ്പമാണ്.


പൂഞ്ഞാർ രാജാവിന് ഈ ഭൂമിയിൽ ജന്മാവകാശം ഇല്ലാതിരുന്നതിനാലും യൂറോപ്യന്മാർക്ക്‌ ഭൂമി നല്കുന്നതിന് സാമന്തന്മാർക് തിരുവിതാംകൂറിൻ്റെ അനുമതി വേണമെന്നതിനാലും, അനുമതിക്കായി മൺറോ തിരുവിതാംകൂർ രാജാവിനെ സമീപിച്ചു.  1878 നവമ്പർ 28 ന് തിരുവിതാകൂർ രാജകുടുംബം ഈ ഉടമ്പടി അംഗീകരിച്ചു.  ഒപ്പുവെക്കപ്പെട്ട ഉടമ്പടികളിൽ ഒന്നും തന്നെ ഭൂഉടമസ്ഥത  അടിയറവ് വെച്ചില്ലന്നതു് പകൽ പോലെ വ്യക്തം.  ഈ ഭൂമിയിൽ എപ്പൊഴെങ്കിലും ഖനിജങ്ങളോ നാണയങ്ങളോ വില പിടിപ്പുള്ള മറ്റു വല്ലതുമോ കണ്ടെത്തിയാൽ വിവരം തിരുവിതാംകൂർ സർക്കാറിനെ അറിയിക്കണമെന്നും അതൊക്കെ തിരുവിതാങ്കൂർ രാജ്യത്തിന്റെ അധികാര പരിധിക്കുള്ളിൽ തന്നെയാണന്നും രാജ്യത്തിന്റെ ഖജനാവിൽ വകയിരുത്തപ്പെടേണ്ടതാണന്നും ഈ കരാറുകളിൽ  വ്യക്തമാക്കപ്പെട്ടു.


1899 സെപ്തമ്പർ 29ൻ്റെ രാജകീയ വിളംബരം തിരുവിതാങ്കൂറിൻ്റെ അവിഭാജ്യ ഭാഗമാണ് ഈ ഭൂപ്രദേശമെന്ന് പ്രഖ്യാപിച്ചു. ഈ വിളംബര പ്രകാരം കരാർ പ്രകാരമുള്ള ഭൂമിയിലെ സർവ്വ അവകാശങ്ങളും തിരുവിതാംകൂർ സർക്കാറിൽ നിക്ഷിപ്തമാണു്. 1900 ൽ നോർത്ത് ട്രാവൻകൂർ ലാൻ്റ് പ്ലാനി ഗ് ആൻ്റ് അഗ്രികൾച്ചറൽ സൊസൈറ്റിക് രൂപം നല്കി; അതോടൊപ്പം കണ്ണൻ ദേവൻസ്  ഹിൽസ് പ്രൊഡ്യൂസ് കോ- ലിമിറ്റഡും നിലവിൽ വന്നു. 1936 ഏപ്രിൽ 6 മുതൽ ഈ കമ്പനി ആംഗ്ലോ അമേരിക്കൻ ടീ  ട്രേഡിങ് കമ്പനിയായി മാറി.
 ഇവയൊക്കെ Uk ആസ്ഥാനമായി റജിസ്റ്റർ ചെയ്യപ്പെട്ടവയാണ്. 1926 ഡിസമ്പറിൽ ഇവരുടെ വിലാസം എന്താണെന്ന് രാജമാണിക്യം കണ്ടെത്തുന്നു. ഫെല്ലിനി ഹൗസ്, 3797,ബാത്ത് സ്ട്രീറ്റ് ഗ്രസ് ഗൗ, ജി. 2 , ES സ്കോട്ട്ലാൻ്റ് .


ഇത് പോലെ എത്രയോ ചരിത്ര വസ്തുതകൾ സർക്കാർ തന്നെ നിയോഗിച്ച നിരവധി അന്വഷണ ഏജൻസികൾ പുറത്തു് കൊണ്ടുവന്നു. ഇത്തരമൊരു  യാഥാർത്ഥ്യങ്ങളുടെ  ചരിത്ര പശ്ചാത്തലത്തിൽ നിന്നാണ് ബ്രിട്ടീഷ് പാർലിമെന്റ് പോലും അഗീകരിച്ച ഇന്ത്യൻ ഇൻഡിപെന്റഡ്  ആക്ടപോലും രൂപം കൊള്ളുന്നതു്. 1947ലെ  ഇൻഡ്യൻ ഇൻഡിപെൻറഡ് ആക്ട് നമ്മുടെ രാജ്യത്തെ സംബന്ധിച്ച് വളരെയേറെ സുപ്രധാനമായിരുന്നു.


 1. ഇന്ത്യാ രാജ്യത്തിലെ ഏതെങ്കിലും നാട്ടുരാജ്യങ്ങളുമായോ കമ്പനികളും ആയോ ബ്രീട്ടീഷ് പൗരന്മാരോ കമ്പനികളോ ഉണ്ടാക്കിയിട്ടുള്ള എല്ലാ ഉടമ്പടികളും റദ്ദ് ചെയ്യൂന്നതാണ് - 
2. സ്ഥാവരജംഗമ സ്വത്തുക്കളുടെ കൈമാറ്റ മോ  വിൽപനയോ നിയമവിരുദ്ധമാണു്.
 3. ഈ സ്വത്തുക്കൾഅതത് സംസ്ഥാന ഗവർന്മേൻ്റുകളിലോ  കേന്ദസർക്കാറിലോ നിക്ഷിപ്തമാകുന്നതാണു്.
നിയമത്തിലെ ഈ വകുപ്പുകൾ സമഗ്രമാക്കി കൊണ്ടാണു് ഭരണഘടനയിലെ 296 ാം വകുപ്പായി ഇത് ഉൾപ്പെടുത്തിയത്.


ഇന്ന് രാജ്യത്ത് പ്രവർത്തിക്കുന്ന ജനാധിപത്യ ശക്തികളും പുരോഗമനവിപ്ലവ ശക്തികളും ഭൂസമര പ്രസ്ഥാനങ്ങളും   ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഇത്തരമൊരു സാഹചര്യത്തിൽ ഉത്തരം ലഭിച്ചേ മതിയാകൂ. ചോദ്യം ലളിതമാണ്? കേരളത്തിൻ്റെ സമ്പത്തിൽ പിടിമുറുക്കാൻ ടാറ്റക്കും ഗോയങ്ക ക്കും അവസരം വന്നത്
എപ്പോൾ?' എങ്ങിനെ? സ്വാതന്ത്ര്യനന്തരമുള്ള 7 പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഈ വിദേശ കമ്പനികളെയും അവരുടെ ബിനാമികളായി മാറിയ ടാറ്റ, ഗോയങ്കെ തുടങ്ങിയ വിരലിലെണ്ണാവുന്ന കുത്തകകൾക്കും കേരളത്തിന്റെ പകുതി ഭൂമിയോളം കൈപ്പിടിയിൽ ഒതുക്കി ഒരു സമ ന്തര ഭരണകൂടമായി പ്രവർത്തിക്കാൻ ആരാണ് സഹായിച്ചുകൊണ്ടിരിക്കുന്നത്. ?


സ്വാതന്ത്ര്യാനന്തരം രൂപം കൊണ്ട ഭരണഘടനയിലെ  നിയമ സൂചികകൾ മാത്രമല്ല മറ്റ് നിരവധി വകുപ്പുകളും നിയമങ്ങളും  രാജ്യത്തു ഇന്നും നിലനില്ക്കുന്ന , (സ്വന്തം ജന്മ രാജ്യത്ത് നിന്ന് പോലും മൺമറഞ്ഞു പോയ) ബ്രട്ടീഷ് കമ്പനികൾക്കും  സ്ഥാപനങ്ങൾക്കും പ്രതികൂലമാകുക സ്വാഭാവികമാണല്ലോ? .സ്വാതന്ത്ര്യത്തിനു് ശേഷവും ഈ നിയമ നിർമ്മാണങ്ങളിൽ അന്തർലീനമായ ദേശീയ ബോധത്തെ ഉൾക്കൊള്ളാൻ നമ്മുടെ കൊളോണിയൽ കാലത്ത് അടിച്ചേല്പിക്കപ്പെട്ട അടിമ ബോധം പലരേയും അനുവദിക്കുന്നില്ല എന്നത് വേദനാജനകമാണ്. അവരുടെ അടിമ മനസ്സ് ഇപ്പൊഴും മോചിതമാകാതെ ,നിയമം എല്ലാവർക്കും ഒര് പോലെയാണന്ന സാമാന്യയുക്തിയെ പോലും നിരാകരിക്കുകയാണു് ചെയ്യുന്നത്.


ഈ വിദേശ കമ്പനികൾ വെല്ലുവിളിക്കുന്ന ചില നിയമങ്ങളും വകുപ്പുകളും ശ്രദ്ധി ക്കുക:
 a ) കമ്പനി റജിസ്ട്രേഷൻ നിയമങ്ങൾ: 1953 ലെ കമ്പനീസ് റജിസ്ട്രേഷൻ വകുപ്പ് പ്രകാരം ഒര്  കമ്പനിക്ക്‌ നമ്മുടെ രാജ്യത്ത് പ്രവർത്തിക്കാൻ കഴിയണമെങ്കിൽ 1953 ലെ കമ്പനി റജിസ്ടേഷൻ നിയമങ്ങൾക്കു് വിധേയമായി രജിസ്ടർ ചെയ്യണം. ഗ്രാമപഞ്ചായത്തിൻ്റെ ലൈസൻസിനു് വിധേയമാകാതെ ഒര് പെട്ടിക്കടക്കു പോലും പ്രവർത്തിക്കാൻ ആവാത്ത നമ്മുടെ നാട്ടിൽ എല്ലാ തരം നിയമസംഹിതികളിൽ നിന്നും ഒഴിഞ്ഞു മാറി, ജനങ്ങളുടെ സമ്പത്തിൽ പിടിമുറുക്കിയ  ഈ വിദേശ കുത്തകകൾക്കും ബിനാമികൾക്കും എങ്ങിനെ നിലനില്കാൻ കഴിയുന്നു?  ഇപ്പൊഴും ഇവരെ ചവുട്ടി പുറത്താക്കുന്നതിൽ നമ്മുടെ ഭരണാധികാരികളുടെ കൊളോണിയൽ അടിമ ബോധം മാത്രമാണ് തടസ്സമായി നിൽക്കുന്നതു്. ഭരണാധികാരികളുടെ അധമമായ ഈ അടിമ മനോഭാവമാണ്.


ടാറ്റയെപ്പോലെ ജനങ്ങളുടെ ചോരയൂറ്റു ന്ന ശക്തികൾക്ക്‌ പിൻവാതിലൂടെ കടന്ന് വരാനും ജനങ്ങളെ കൊള്ളയടിക്കാനുമുള്ള സാഹചര്യമൊരുക്കിയത്. ഇന്ത്യൻ കമ്പനീസ് റജിസ്ടേഷൻ ആക്ട പ്രകാരം റജിസ്റ്റർ ചെയ്യുക മാത്രമല്ല. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിദേശനാണയ വിനിമയ ചട്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതായിരിക്കണം ഈ കമ്പനികൾ . എന്നാൽ,ഫെറാ നിയമങ്ങളുടെ നഗ്നമായ ലംഘനം, കേരള ഭൂപരിഷ്കരണ നിയമങ്ങളുടെ ലംഘനം, തുടങ്ങി രാജ്യത്ത് നിലവിലുള്ള  ഒര് ഡസൻ നിയമങ്ങളെ ങ്കിലും ലംഘിച്ചു കൊണ്ടാണ് ഈ വിദേശതോട്ടം കമ്പനികൾ രാജ്യത്ത് പ്രവർത്തിക്കുന്നത് എന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ തൊഴിലാളി വർഗ്ഗത്തിന്റെ പേരു പറഞ്ഞു അധികാര കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്നവർക്ക് പോലും കഴിയാതെ പോകുന്നതിൽ ഒട്ടും ആശ്ചര്യപ്പെടേണ്ട കാര്യമില്ല. 


ഒട്ടനവധി ചരിത്ര വസ്തുതകൾ പുറത്ത് വരികയും കേരളമുയർത്തി കൊണ്ടുവന്ന പുതിയ ഭൂ സംരക്ഷണ നിയമങ്ങളും കേരളത്തിലെ തങ്ങളുടെ നിലനിൽപ് അപകടപ്പെടുത്തുമെന്ന  എന്ന തിരിച്ചറിവിൽ നിന്നാണ് ,വിദേശതോട്ടം കമ്പനികൾ  ഭരണാധികാരികളുടേയും ട്രെയ്ഡ് യൂനിയൻ കങ്കാണിമാരുടേയും അറിവോടെയും ഒത്താശയോടെയും ഇന്ത്യയിലെ തങ്ങളുടെ ബിനാമികളിലൂടെ ഈ ഭൂസ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതു്. ഫിൻ ലേ കമ്പനിയുമായി കൂട്ട് കച്ചവടത്തിന് ടാറ്റ തയ്യാറാവുകയും 
കമ്പനി ടാറ്റാ ഫിൻ ലെ ആയി മാറ്റാനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്യൂന്നത്-ഇത്തരമൊരു സാഹചര്യത്തിലാണ്.ഹാരിസൺ മലയാളവും ഇതേ തന്ത്രങ്ങൾ പയറ്റി കൊണ്ടാണു് ഒരു ലക്ഷം ഏക്കർ ഭൂമിയുടെ ഉടമസ്ഥതാവകാശം  തട്ടിയെടുക്കാൻ ശ്രമിക്കുന്നത്.


1971 ൽ  സി.അച്ച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ കേരള നിയമസഭ ഒര് നിയമനിർമ്മാണത്തിനു് തയ്യാറായി.കണ്ണൻദേവൻ ഹിൽസ് (തിരിച്ചുപിടിക്കൽ) നിയമമെന്നാണു് അതിൻ്റെ പേര് . ഈ നിയമത്തിലെ ചില വകുപ്പുകൾ ഉപയോഗിച്ച് തേയില കൃഷിക്ക് ഉപയോഗപ്പെടുത്താത്ത ഭൂമി കണ്ടെത്തി അത് തിരി ച്ചു പിടിച്ചു;ഈ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് കണ്ണൻ ദേവൻ കമ്പനി കോടതിയെ സമീപിച്ചു. 100 വർഷത്തിലധികമായി പ്രവർത്തിക്കുന്ന 18500 പേർക്ക് തൊഴിൽ നല്കുന്ന കമ്പനിയാണന്നും ആയിരുന്നു കണ്ണൻ ദേവൻ്റെ വാദം. കമ്പനി ഉന്നയിച്ച എല്ലാ വാദങ്ങളെയും തള്ളിക്കൊണ്ട് കണ്ണൻ ദേവൻ ഭൂമിയുടെ സമ്പൂർണ്ണമായ അവകാശം തിരുവിതാകൂർ സർക്കാറിൽ നിക്ഷിപ്തമാക്കി കൊണ്ടാണു് എല്ലാ കരാറുകളുമെന്ന്  കോടതി അന്ന് തന്നെ  നിരീക്ഷിച്ചു.


അതോടൊപ്പം കുന്നത്തൂർ താലൂക്കിലെ കിഴക്കെ കല്ലട വില്ലേജിലും കുന്നത്തൂർ താലൂക്കിൽ തന്നെ പടിഞ്ഞാറെ കല്ലട പെരിനാട് വില്ലേജകളിലും പെട്ട ഭൂമിയും പാർവ്വതീഭായി തമ്പുരാട്ടി പാട്ടത്തിനു് നല്കിയിരുന്നു എന്നും ഇതും തിരിച്ചെടുത്തു എന്നും കോടതി നിരീക്ഷിച്ചു - മാത്രമല്ല കാർഷിക പരിഷ്കരണത്തിൻ്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക്‌ നഷ്ടപരിഹാരം വാങ്ങാൻ കമ്പനി അർഹമല്ലന്നും ഭൂമിയുടെ ഉടമസ്ഥ അവകാശം കേരള സർക്കാറിനാണന്നും സുപ്രീം കോടതി അന്ന് വിധിയെഴുതി.


1974ൽ ആണു് കമ്പനിയുടെ കൈവശമുള്ള മുഴുവൻ ഭൂമിയുടേയും ഉടമ സ്ഥ അവകാശം സർക്കാരിനാണന്ന ചരിത്ര പ്രധാനമായ ഈ വിധി വരുന്നത്. ഭൂപരിഷ്കരണ നിയമത്തിലെ കൈവശ കൃഷിക്കാരൻ എന്ന പഴുത് കമ്പനി അവസാനമായി ഉപയോഗപ്പെടുത്തിയപ്പോൾ ശക്തമായ എതിർവാദങ്ങൾ ഉന്നയിക്കുന്നതിൽ നിയമപരമായി സർക്കാർ വീഴ്ച വരുത്തിയത് കാരണം കമ്പനിക്ക് ചില ആനുകൂല്യം നല്കുന്നതിനു് കോടതി നിർബന്ധിക്കപ്പെട്ടു. ഇവിടെയാണ് ചരിത്രത്തിലെ മറ്റൊരു വഞ്ചന മറനീക്കി പുറത്തു വരുന്നത്.സർക്കാറും അതിനെ നയിക്കുന്നവരും പുറത്തുള്ളവരുമായ രാഷ്ടയ നേതൃത്വങ്ങളെയും വിലക്കെടുത്തു കൊണ്ട് ടാറ്റ കോടതിയെ കബളിപ്പിച്ചു. പുതിയ വ്യവസ്ഥകൾ രൂപപ്പെടുത്തി 57192 ഏക്കർ ഭൂമി കമ്പനിക്ക്‌ കൃഷി ചെയ്യാൻ പുതിയ പാട്ടം  അനു:വദിക്കാമെന്ന് കോടതി പറഞ്ഞു. ഇങ്ങിനെ പുതിയ കരാറിൽ പാട്ടത്തിന് നല്കുന്ന ഭൂമിയൊഴികെ എല്ലാ ഭൂമിയും സർക്കാറിന് ഇപ്പോൾ തന്നെ ഏറ്റെടുക്കാമെന്നും കോടതി അന്ന് തന്നെ പറഞ്ഞിരുന്നു. 


ടാറ്റക്ക് 50000 ഏക്കർ ഭൂമിയുടെ പുതിയ പാട്ടവ്യവസ്ഥ സ്വീകരിക്കാൻ കോടതി സർക്കാറിന് നിർദ്ദേശം നൽകാൻ ഇടയാക്കിയത് അന്നത്തെ സർക്കാറിന്റെ വഞ്ചനമൂലമാണ്. ഇത്തരമൊര് വിധി വരുന്നത്  കൈവശ കൃഷിക്കാരൻ എന്ന നിർവ്വചനത്തിൽ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി പ്രവർത്തിക്കുന്ന ഒര് വിദേശ കമ്പനി വരികയില്ല എന്ന സുപ്രധാന കാര്യം സുപ്രീം കോടതിയുടെ മുന്നിൽ എത്തിക്കുന്നതിൽ സർക്കാർ തയാറായില്ല എന്ന ഒറ്റ കാരണത്താലാണു്. അഥവാ സർക്കാരും ടാറ്റയും തമ്മിലുലു ള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു ഈ നടപടികൾ.


ഭൂപരിഷ്കരണ നടപടി ചട്ടങ്ങളിൽ കുടിയാൻ എന്നാൽ ജന്മിമാരിൽ നിന്നും ഭൂമി പാട്ടത്തിനെടുത്ത ഭൂരഹിതനായ കർഷകനാണ് എന്ന നിർവ്വചനത്തെ മൂടിവെച്ചു കൊണ്ട് ടാറ്റ എന്ന പെരുകുത്തകയെയും, ടാറ്റയുമായി ചങ്ങാത്തമുണ്ടാക്കി തട്ടിപ്പു നടത്തിയ വിദേശ കമ്പനിയേയും രക്ഷപ്പെടുത്തുകയും തട്ടിപ്പിലൂടെ ഭൂമിയിൽ ഒരു ഭാഗത്തിന് നിയമസാധുത ഉണ്ടാക്കുവാനുമാണ് സർക്കാറും ടാറ്റയും രാഷ്ട്രീയ നേതൃത്വങ്ങളും ഗൂഡാലോചന നടത്തിയത്.


ബിട്ടീഷ്  കമ്പനികൾക്ക്  അവസാനത്തെ പിടിവള്ളിയും നഷ്ടപ്പെടാൻ പോകുകയാണന്ന് അന്ന് അതിവേഗം കമ്പനികൾ തിരിച്ചറിഞ്ഞു. ഇതിനു് ശേഷമാണ് നമ്മുടെ ടാറ്റ ,ടാറ്റ ടീ ലിമിറ്റഡ് എന്ന പേരിൽ മൂന്നാറിൽ പരസ്യമായ രംഗ പ്രവേശം ചെയ്യുന്നത്. 1977 ഏപ്രിൽ 18 ന് കണ്ണൻദേവൻ കമ്പനി ബ്രട്ടീഷ് "മഹാരാജ്ഞി തിരുമനസ്സി"ന്റെ അനുമതിയോടെ 5250.50 ഏക്കർ ഭൂമി ടാറ്റ ഫിൻലെ എന്ന റജിസ്ട്രേഡ് കമ്പനിക്ക്‌ കൈമാറുന്നു. ഈ കൈമാറ്റം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണന്ന് രാജമാണിക്യം സ്ഥാപി ക്കു ന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടാറ്റ ഫിൻ ലെ ഇന്ത്യൻ കമ്പനീസ് റെജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടതാണങ്കിലും അങ്ങിനെയല്ലാത്ത കണ്ണൻ ദേവൻ കമ്പനിക്ക്‌ ഭൂമി ടാറ്റക്ക് കൈമാറാനോ വില്കുവാനോ അവകാശമില്ല. ദേവികുളം സബ്ബ് റജിസ്ട്രർ ഓഫീസിൽ 380/1977 നമ്പറിൽ നടന്ന ഈ കൈമാറ്റത്തിനു് നിയമസാധുതയില്ല. 34.82 ലക്ഷം രൂപ വില കെട്ടിയ ഇടപാടിൽ പണം കൈമാറിയിട്ടില്ല. എന്നാൽ 5 % പലിശക്ക് എട്ട് ലക്ഷം രൂപ വായ്‌പ തരപെടുത്തി കൊടുക്കുകയും ചെയ്തു.


അതേദിവസം തന്നെയാണ് കണ്ണൻ ദേവൻ കമ്പനി ടാറ്റയ്ക്കൂ 95783 ഏക്കർ ഭൂമി കൈമാറിയതായ മറ്റൊര് രേഖയും ഉണ്ടാക്കിയിരിക്കുന്നത്. 1.58 കോടി രൂപയാണു് വില കാണിച്ചത്. 38 ലക്ഷം രൂപ  ഷയറാക്കി
 1.19 കോടി വായ്പയും നല്കി. അവിടെയും പണമിടപാട് നടന്നട്ടില്ല; വീണ്ടും 1994 ൽ മറ്റൊര് രേഖ പ്രകാരം ടാറ്റ ഫിൻ ലെ കമ്പനി വീണ്ടും പേര് മാറ്റി ടാറ്റ ടീ (പ്രൈ .ലിമിറ്റഡ്) ആയി മാറുന്നു. 2005 ൽ ഈകയ്യേറ്റക്കാരൻ വീണ്ടുമൊരു മറു പാട്ടക്കരാറിന് രൂപം കൊടുക്കുകയും കമ്പനി കണ്ണൻ ദേവൻ ഹിൽസ് പ്ലാൻ്റേഷൻ പ്രൈ .ലിമിറ്റഡ് എന്ന് പേര് മാറ്റുകയും ചെയ്തു.


കണ്ണൻ ദേവൻ കമ്പനിയുമായി ബന്ധപ്പെട്ട ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളെ മുടി വെക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ,ജനങ്ങളെ കബളിപ്പിക്കാൻ കുരുടന്മാർ ആനയെ വർണിക്കുന്നതു് പോലെ വിചിത്ര വാദമുഖങ്ങളുമായി യാതൊരു ഉളുപ്പുമില്ലാതെ  വരികയാണ്. മുമ്പും പല ഘട്ടങ്ങളിലും പിണറായി വിജയൻ തുടങ്ങിയ രാഷ്ട്രീയ നേതൃത്വങ്ങളും  (vട ന്റെ മൂന്നാർ ഓപ്പറേഷൻ ഓർക്കുക ) പല ട്രെയ്ഡ് യൂനിയൻ കങ്കാണിമാരും ടാറ്റയുയുടെ കൈയ്യിലുള്ള അധിക ഭൂമിയെക്കുറിച്ചുള്ള പ്രഘോഷണങ്ങളുമായി ടാറ്റയുടെ പിന്നിൽ അണിചേരുകയാണ് ചെയ്തത്. ഇപ്പോൾ ആകട്ടെ അധികാര കസേരയിൽ അമർന്നിരുന്ന് ടാറ്റയേയും ഹാരിസൺ ഉൾപ്പെടെ, കേരളത്തിെന്റെ മണ്ണിൽ നിന്ന് എത്രയോ മുമ്പെ തന്നെ കെട്ട് കെട്ടിക്കേണ്ട കമ്പനികളേയും കേരളത്തിന്റ പാതി ഭൂമി താലത്തിൽ വെച്ചു കൊടുത്ത് കേരളത്തിൽ വാഴിക്കാൻ കിണഞ്ഞു ശ്രമിക്കയാണു്.


എന്തു ചെയ്യണം?


വളരെ ഗൗരവപൂർണ്ണവും സങ്കീർണ്ണവുമായ ഒരു സാഹചര്യത്തെയാണ് നാം  അഭിമുഖീകരിച്ചു തുടങ്ങിയിരിക്കുന്നതു്


1. നമ്മുടെ പശ്ചമഘട്ട മലനിരകൾ പൊതുവെ നേരിട്ടു കൊണ്ടിരിക്കുന്ന പാരിസ്ഥിതിക തകർച്ച കേരളീയ ജീവിതത്തെ മുന്നോട് കൊണ്ടുപോകാനാവാത്ത രീതിയിലുള്ള പരിണിതികളെയാണ് നേരിട്ട് കൊണ്ടിരിക്കുന്നതു്.സംസ്ഥാനത്ത് നടപ്പാക്കിയ കോർപ്പറേറ്റുകളെയും ഇതര മൂലധനശക്തികളെയും പ്രീണിപ്പിക്കുന്ന ജനവിരുദ്ധമായ വികസന നയം അതിവേഗം മുന്നണി വ്യത്യാസങ്ങളില്ലാതെ നടപ്പാക്കി കൊണ്ടിരിക്കയാണ്.ഗുരുതരമായ പാരിസ്ഥിതിക തകർച്ചയിലേക്ക് കേരളത്തെ ഇത് വലിച്ചെറിയുകയാണ്. നാം ഉണർന്നില്ല എങ്കിൽ  കുടിവെള്ളം പോലും ലഭ്യമല്ലാത്ത ഒരു കേരളമാ കും വരും തലമുറകൾക്കായ് നാം അവശേഷിപ്പിക്കുന്നത്.


അതോടൊപ്പം വളരെയേറെ പ്രധാനപ്പെട്ടതാണ് പശ്ചിമഘട്ട മേഖലയിൽ പിടിമുറുക്കിയിട്ടുള്ള നാനാ തരത്തിലും നിറത്തിലുമുള്ള മാഫിയ കൂട്ടുകെട്ടിൽ നിന്നും പശ്ചിമ ഘട്ട മലനിരകളെ സംരക്ഷിക്കുക എന്നത്. ജനകീയ സംരക്ഷണം ഉറപ്പിക്കേണ്ടിയിരിക്കുന്ന മേഖലകളിൽ ജനകീയ സംരക്ഷണം ഉറപ്പാക്കിയേ മതിയാകൂ. തോട്ടം കുത്തകളുടെ പിടിയിലകപ്പെട്ട ലക്ഷക്കണക്കിന് ഏക്കർ ഭൂമി ജനകീയ നിയന്ത്രണത്തിൽ കൊണ്ടു വന്നേ മതിയാകൂ. കൃഷി ചെയ്യാൻ പറ്റുന്ന മേഖലകളിൽ മാത്രം കൃഷി ചെയ്യുക;പരിസ്ഥിതിയെ തകർക്കുന്ന കുത്തകകളുടെ എല്ലാതരം  നിർമ്മാണ പ്രവർത്തനങ്ങളെയും തടയുക.പാർപ്പിട മേഖലകളെ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകളിൽ നിന്ന് വേർതിരിക്കുക:വാസയോഗ്യവും പ്രകൃതി സൗഹൃദവുമായ പാർപ്പിട നിർമ്മാണം അവലംബിക്കുക .


ടാറ്റയും ഹാരിസൺസുള്ള പ്പെടെ കയ്യടക്കിയിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ തയാറാകാത്ത സർക്കാറിനെതിരെ സമരത്തിന്റെ ഭാഷയിൽ തന്നെ സംസാരിക്കേണ്ടതുണ്ട്. തോട്ടം തൊഴിലാളികളുടെ ഭൂഉടമസ്ഥതയിൽ തോട്ടംങ്ങൾ പുന:സംഘടിപ്പിക്കുകയും, തൊഴിൽ സാധ്യതകളെ പരമാവധി വിപുലീകരിക്കുന്നതിനൊപ്പം ഭൂരഹിതരുടെ നേതൃത്വത്തിൽ കാർഷിക- ജനകീയ സഹകരണ സംഘങ്ങളിലൂടെ ഭഷ്യ സുരക്ഷ ഉറപ്പാക്കുക ' മുഴുവൻ പാർപ്പിട രഹിതർക്കും വാസയോഗ്യമായ പാർപ്പിടങ്ങൾ ഉറപ്പു വരുത്തി കൊണ്ടുള്ള പ്രകൃതി സൗഹൃദ പാർപ്പിട മേഖലകൾ സൃഷ്ടിക്കുക. ഇവയെ ജനകീയ ബദലിന്റെ പ്രായോഗിക പരിപാടികളായി എങ്ങിനെയൊക്കെ  വികസിപ്പിക്കാൻ കഴിയുമെന്നു് പരിശോധിക്കണം. കുത്തകകളെ സേവിക്കുന്നവരെ ഗ്രാമ  പഞ്ചായത്ത് മുതൽ നിയമസഭയും, പാർലിമെന്റും വരെയുള്ള ഒരു ജനപ്രതിനിധി സഭകളിലും കാലു കുത്താൻ അനുവദിക്കാത്ത രൂപത്തിൽ ജനകീയ അവബോധത്തെ വളർത്തിയെടുക്കുന്ന സമരവേദികളും പരിപാടികളും നമുക്ക് ആവിഷ്കരിക്കരിക്കേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തുകൾ മുതൽ സംസ്ഥാന നിയമനിർമ്മാണ വേദികളിൽ വരെ ഈ സാധ്യതകളെ ആയുധമാക്കിയേ പറ്റൂ . 


സാധ്യമായ മേഖലകളിലൊക്കെതന്നെ ഭൂരഹിതരായ ജനങ്ങളെ, തോട്ടം തൊഴിലാളികളെയും, ദലിത് - ആദിവാസി ജന വിഭാഗങ്ങളെയും തദ്ദേശീയരായ ഭൂരഹിത _ പാർപ്പിട രഹിത ജനവിഭാഗങ്ങളെയും അണിനിരത്തി കൊണ്ടുള്ള ഭൂപ്രക്ഷോഭങ്ങളും ജനകീയമായ മുന്നേറ്റങ്ങളും വളർത്തിയെടുക്കാൻ യോജിച്ച പ്രക്ഷോഭങ്ങൾ രൂപപ്പെടുത്തുക. ഒറ്റപ്പെട്ട തുരുത്തുകളിലെ സമരങ്ങൾക്കപ്പുറത്ത് ഒരു ബദൽ കഴ്ചപ്പാടിലൂന്നുന്ന ഭൂ പ്രക്ഷോഭങ്ങൾക്ക് മാത്രമെ യഥാർത്ഥ ജനകീയ ശക്തികളെ സമരസജ്ജരാക്കി മാറ്റാനാവൂ. സാധ്യമായ രീതിയിലുള്ള എല്ലാ നിയമപോരട്ടങ്ങളേയും ഇതിനോട് ബന്ധപ്പെടുത്തി കൊണ്ട് സമഗ്രമായൊരു മുന്നേറ്റം നടത്താൻ  പുരോഗമന ജനാധിപത്യ ശക്തികളുടേയും മർദ്ദിത ജനവിഭാഗങ്ങളുടേയും നേതൃത്വത്തിലുള്ള ഈ ബദൽ പ്രസ്ഥാനത്തിന് കഴിയേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment