വയനാട്ടില്‍ ഉരുള്‍പൊട്ടലിൽ ഉണ്ടായ സ്ഥലത്ത് ക്വാറി തുടങ്ങാന്‍ നീക്കം




വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ച സ്ഥലത്ത് ക്വാറി തുടങ്ങാന്‍ നീക്കം. പരിസ്ഥിതി പ്രാധാന്യമുള്ള മണിക്കുന്ന് മല, മുട്ടില്‍മല എന്നിവിടങ്ങളിലായി കരിങ്കല്‍ ക്രഷര്‍ തുടങ്ങാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതി മുന്‍പാകെ നാല് അപേക്ഷകളാണ് ജില്ലയിലെ വന്‍കിട ക്രഷര്‍ ഗ്രൂപ്പ് നല്‍കിയിരിക്കുന്നത്. വനത്തിനടുത്ത് ആദിവാസികള്‍ താമസിക്കുന്ന മേഖലയോട് ചേര്‍ന്ന ഭൂമിയും അപേക്ഷ നല്‍കിയതില്‍ ഉള്‍പ്പെടുന്നു.


2018 ല്‍ ഉരുള്‍പൊട്ടി ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ മരിച്ച സ്ഥലമാണ് മുട്ടില്‍മല. വ്യാപക മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. മുട്ടില്‍മല, മാണ്ടാട്, മുണ്ടുപ്പാറകുന്ന്, എന്നിവിടങ്ങളില്‍ ക്രഷര്‍ തുടങ്ങാനാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതിയില്‍ കൃഷ്ണഗിരി സ്റ്റോണ്‍ ക്രഷര്‍ കമ്പനി അപേക്ഷ നല്‍കിയിരിക്കുന്നത്. സ്കൂളുകള്‍, ആരാധാനാലയങ്ങള്‍ എന്നിവയുണ്ടെന്ന കാര്യം മറച്ച്‌ വെച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. 


മുട്ടില്‍മല-മണിക്കുന്നമല മേഖല അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതാണെന്ന അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു മുന്‍ ജില്ലാ കലക്ടര്‍ ഇവിടെയുണ്ടായിരുന്ന ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചത്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ടിലും മണ്ണിടിച്ചില്‍ സാധ്യത ചൂണ്ടികാണിച്ചിട്ടുണ്ട്. വീട് നിര്‍മ്മാണത്തിന് പ്രദേശവാസികള്‍ക്ക് പഞ്ചായത്ത് അനുമതി നിഷേധിച്ച സ്ഥലത്താണ് ക്വാറികള്‍ക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.


മലബാര്‍ വന്യജീവി സങ്കേതത്തിന്‍റെ ഒരു കിലോമീറ്റര്‍ ദൂരപരിധി പരിസ്ഥിതി ലോല മേഖലയാക്കി പ്രഖ്യാപിച്ചതോടെ ഈ മേഖലകളിലുണ്ടായിരുന്ന വിവിധ ക്വാറികളും മറ്റിടങ്ങളിലേക്ക് മാറ്റാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഈ ക്രഷര്‍ യൂണിറ്റുകള്‍ക്കെല്ലാം അനുമതി നല്‍കിയാല്‍ വലിയ പരിസ്ഥിതി പ്രത്യാഘാതമായിരിക്കും ജില്ല നേരിടേണ്ടി വരിക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment