കുടുംബശ്രീയും ക്വാറികൾ തുടങ്ങുന്നു




കുടുംബശ്രീയും ക്വാറികൾ തുടങ്ങുന്നു. സമ്പൂർണ്ണ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ കുടുംബശ്രീ ഏറ്റെടുത്തതിന്റെ ഭാഗമായാണ് ക്വാറി മേഖലയിലേക്കും നീങ്ങിയിരിക്കുന്നത്. തൃശൂർ ജില്ലയിലെ കടങ്ങോടാണ് ക്വാറി പ്രവർത്തിപ്പിക്കാൻ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾ കൊണ്ട് തന്നെ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശമാണ് കടങ്ങോട്. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്ക് എതിരെ ശക്തമായ ജനകീയ സമരവും ഇവിടെ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇവിടേക്ക് കുടുംബശ്രീയുടെ ക്വാറി കൂടി എത്തുന്നത്. പ്രവർത്തന അനുമതിക്കായി അപേക്ഷ നൽകിയിരിക്കുകയാണ് കുടുംബശ്രീ. 

 

വീട് നിർമ്മിച്ച് താക്കോൽ കൈമാറുന്ന പദ്ധതിക്ക് കുടുംബശ്രീ പ്രവർത്തകരെ പര്യാപ്തരാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള പരിശീലന പരിപാടികൾ നടന്നു വരികയാണ്. ലൈഫ് മിഷനുമായി സഹകരിച്ചാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. പ്രളയ പുനർനിർമ്മാണത്തിലും ഇവർ പങ്കെടുക്കും എന്നാണ് വിവരം. സർക്കാർ ഏജൻസി തന്നെ ക്വാറികൾ തുടങ്ങുമ്പോൾ നിയമങ്ങൾ പാലിക്കപ്പെടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. 

 

ഖനനം പൊതുമേഖലയിൽ ആക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും നിലവിൽ തന്നെ ക്വാറി മാഫിയ ദുരന്തം വിതച്ച ഒരു സ്ഥലത്ത് തന്നെ കുടുംബശ്രീയും ക്വാറി തുടങ്ങുന്നതാണ് ആശങ്ക ഉയർത്തുന്നത്. കുടുംബശ്രീ ഭവന നിർമാണ പദ്ധതികൾ ഏറ്റെടുത്ത് തുടങ്ങിയ ഘട്ടത്തിൽ തന്നെ ക്വാറി പ്രവർത്തനം കൂടി തുടങ്ങുന്നതിന്റെ ആവശ്യകതയും ചോദ്യങ്ങൾ ഉയർത്തുന്നു. പ്രാദേശിക ജനതയുടെ ആശങ്കകൾ അകറ്റി കുടുംബശ്രീ പോലുള്ള പൊതു സംവിധാനങ്ങളെ ക്വാറികളുടെ നടത്തിപ്പ് ഏൽപ്പിക്കുന്നത് ആശ്വാസകരം തന്നെയാണ്. എന്നിരിക്കിലും ക്വാറി മാഫിയകൾക്ക് യാതൊരു നിയന്ത്രണവും കൊണ്ട് വരാതെ അവർക്കൊപ്പം കുടുംബശ്രീ കൂടി എന്ന അവസ്ഥ വരുമോ എന്നാണ് ജനങ്ങൾ പങ്കുവെക്കുന്ന ആശങ്ക. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment