ബാണാസുര സാഗറിന് സമീപം കനത്ത മണ്ണിടിച്ചില്‍; ചുറ്റിലും നടക്കുന്നത് അനധികൃത നിർമ്മാണങ്ങൾ




ഓഗസ്റ്റിലെ അതിതീവ്രമഴയില്‍ ബാണാസുര സാഗറിന് സമീപം കനത്ത മണ്ണിടിച്ചില്‍. ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഡാമിന്റെ സ്പില്‍വേയില്‍ നിന്ന് അരക്കിലോമീറ്ററിനുള്ളിലാണ് മണ്ണിടിഞ്ഞത്. ജില്ലയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ ഓഗസ്റ്റ് എട്ട്, ഒമ്ബത് തീയതികളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. എന്നാല്‍ പ്രളയസമയത്ത് ഡാമിലെ മണ്ണിടിച്ചില്‍ പുറംലോകം അറിഞ്ഞതുമില്ല. 


ഇപ്പോള്‍ പ്രദേശവാസികള്‍ വഴിയാണ് വിവരം പുറത്തെത്തിയത്. സ്ഥലത്തുണ്ടായിരുന്ന തെങ്ങും കവുങ്ങുമെല്ലാം ഇപ്പോള്‍ റിസര്‍വോയറിന് നടുവിലാണ്. റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നിലെ സ്വകാര്യവ്യക്തിയുടെ ഒന്നരയേക്കറോളം ഭൂമിയാണ് സംഭരണിയിലേക്ക് ഇടിഞ്ഞുതാഴ്‌ന്നത്. റിസര്‍വോയറിനരികിലൂടെ കെ.എസ്.ഇ.ബി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ പുതിയ റോഡും നിര്‍മിച്ചിരുന്നു. ഈ റോഡ് ഉള്‍പ്പെടെയാണ് വെള്ളത്തിലേക്ക് ഇടിഞ്ഞുതാഴ്‌ന്നത്. ശേഷിക്കുന്ന റോഡിലും വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്.


മണ്ണിടിച്ചില്‍ അണക്കെട്ടിനോട് ചേര്‍ന്ന് താമസിക്കുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും പ്രളയത്തില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ റിസര്‍വോയറിനോട് ചേര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെക്കുറിച്ച്‌ വിദഗ്ധമായ പഠനം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഡാമിന്റെ റിസര്‍വോയറിന് സമീപത്തുണ്ടായ മണ്ണിടിച്ചില്‍ ഡാമിന്റെ സുരക്ഷയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ സമീപത്തുള്ളവരെല്ലാം ഭീഷണിയിലാണ്.


കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന് സമീപത്ത് ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. പുറത്തറിയിക്കാതെ മണ്ണിടിഞ്ഞ ഭാഗം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച്‌ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള ശ്രമമാണ് അന്നുണ്ടായത്.


അതേസമയം, സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തില്‍ ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ ഇപ്പോഴും വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പതിവാണ്. അണക്കെട്ടിനോട് ചേര്‍ന്ന് അടുത്തകാലത്ത് ഹൈഡല്‍ ടൂറിസം വകുപ്പിന്റെ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അണക്കെട്ടിനോട് ചേര്‍ന്നുള്ള അനധികൃത നിര്‍മാണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. നിരവധി സ്വകാര്യറിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഡാമിന്റെ സമീപത്ത് മണ്ണിടിച്ചില്‍ ഉണ്ടാവാന്‍ കാരണമായതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment