മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീയ്ക്ക് പിന്നിൽ മനുഷ്യർ




മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീയ്ക്ക് പിന്നിൽ മനുഷ്യർ

തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരിലുണ്ടായ കാട്ടുതീ മനുഷ്യനിര്‍മിതമെന്നു വനം വകുപ്പ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. അതേസമയം കാട്ടുതീയില്‍ അകപ്പെട്ട് മരിച്ച മൂന്നു പേരുടെയും മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.


ആളിപടര്‍ന്ന തീ പൂര്‍ണമായും അണച്ചു. നിലവില്‍ 20 വാച്ചര്‍മാര്‍ പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ചിലയിടങ്ങളില്‍ ഇടയ്ക്ക് പുക ഉയരുന്നുണ്ടെങ്കിലും അത് കണ്ടെത്തി അണക്കുകയാണ് ചെയ്യുന്നത്. അതേസമയം, മൂന്നു പേരുടെ ജീവഹാനിക്ക് കാരണമായ കാട്ടു തീ മനുഷ്യ നിര്‍മിതമാണെന്നും അന്വേഷണം ആരംഭിച്ചതായും വനം വകുപ്പ് വ്യക്തമാക്കി.


ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് പാട്ടത്തിനെടുത്ത ഭൂമിയിലാണ് തീ പടര്‍ന്നത്. എച്ച്എന്‍എല്ലിന് പ്രദേശം സംരക്ഷിക്കുന്നതില്‍ വീഴ്ച വന്നതായും വനം വകുപ്പ് കണ്ടെത്തി. കാട്ടു തീയില്‍ അകപ്പെട്ട് മരിച്ച മൂന്നു വനപാലകരുടെയും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അടിയന്തര ധനസഹായമെന്ന നിലയില്‍ വനം വകുപ്പ് രണ്ട് ലക്ഷം രൂപയും വൈല്‍ഡ് ലൈഫ് ട്രസ്റ്റിന്റെ ഒരു ലക്ഷം രൂപയും കൈമാറും.


അതേസമയം, നിരവധി മരങ്ങളും ജന്തുജാലങ്ങളും തീയിൽ പെട്ട് ഇല്ലാതായി. ഏക്കറുകണക്കിന് പ്രദേശം തീയിൽപ്പെട്ടപ്പോൾ നശിച്ചത് മനുഷ്യന് പുറമെ ഭൂമിയിൽ തന്നെ വസിക്കുന്ന മറ്റു ജീവികളും കൂടിയാണ്. ഈ തീ മനുഷ്യരായി തന്നെ ഉണ്ടാക്കിയതാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. അത് എത്രയും വേഗം കണ്ടെത്തേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment