മരടിലെ ഫ്ലാറ്റ് പൊളിക്കരുതെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികളുടെ സഹതാപത്തിനു പിന്നിൽ പരിസ്ഥിതിയോടുള്ള വെല്ലുവിളി 




മരടിലെ 434 ഫ്ലാറ്റുകളിലെ ഉടമകളോടുള്ള രാഷ്ട്രീയ പാർട്ടികളുടെ സഹതാപത്തിനു പിന്നിൽ പ്രവർത്തിക്കുന്നത് പരമോന്നത കോടതി നിലപാടുകളെയും വെല്ലു വിളിക്കാൻ തയ്യാറായ പരിസ്ഥിതി വിരുധ സമീപനങ്ങൾ മാത്രമാണ്.  


നിർമ്മാണ രംഗത്ത് പശ്ചിമ ഘട്ട മലനിരകൾ മുതൽ തീരങ്ങളിൽ വരെ നടക്കുന്ന നിയമ ലംഘനങ്ങളോട് കണ്ണടക്കുന്ന പഞ്ചായത്തു സമിതികൾ മുതൽ നിയമസഭാ സമിതി വരെയും രാഷ്ട്രീയ പാർട്ടികളും കേരളത്തിന്റെ പ്രകൃതി ദുരന്തങ്ങളെ  മറക്കുവാനുള്ള ശ്രമങ്ങൾ  തുടരുകയാണ്. ഇടുക്കിയിലെയും വയനാട്ടിലെയും അനധികൃത നിർമ്മാണങ്ങളെ സംരക്ഷിക്കുന്ന സർക്കാർ സംവിധാനത്തിനു പിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ ലാകത്തിന് ഒരേ ശബ്ദമാണുള്ളത് എന്ന് മരട് സംഭവം വീണ്ടും തെളിയിച്ചു. 


4 വരി പാതക്കായി പരമാവധി വിതി  30 മീറ്റർ മതി എന്നിരിക്കെ, 45 മീറ്റർ റോഡിനായി  പൊളിച്ചുനീക്കേണ്ടി വരുന്ന  ഒരു ലക്ഷം കെട്ടിടങ്ങൾ ശ്രുഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ പറ്റി ആകുലതകളില്ലാത്ത മുഖ്യമന്ത്രിക്കും കൂട്ടർക്കും മരട് ഫ്ലാറ്റ് വിഷയത്തിലെ പ്രത്യേക പരിസരബോധത്തിനു പിന്നിൽ പ്രവർത്തിക്കു ന്നത് അനധികൃത നിർമ്മാണങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമാണ്. 


ചെങ്ങറയിലെ മൂവായിരം കുടുംബങ്ങൾ, മൂലം പള്ളിയിൽ 340 ലധികം അഭയാർത്ഥി കളാകേണ്ടി വന്നവർ, വികസനത്തിന്റെ പേരിൽ തെരുവിലെത്തിയ ആയിരങ്ങൾ,  ഉരുൾപൊട്ടൽ, കടലാക്രമണം എന്നിവയാൽ എല്ലാം നഷ്ടപെട്ടവർ, ഖനന മാഫിയകളുടെ ഭീഷണിയിൽ നാടുപേക്ഷിക്കേണ്ടി വന്നവർ എന്നിവരോടില്ലാത്ത  സഹതാപവും ഐക്യദാർഢ്യവും മരടിലെ ഫ്ലാറ്റ് ഉടമകളോട്  രാഷ്ട്രീയ പാർട്ടികൾക്കുണ്ടാകുന്നതിനുള്ള പ്രേരക ശക്തി മനുഷത്വമല്ല മാഫിയ മാനിയ മാത്രമാണ്.


ശ്രീമതി ഇന്ദിരാഗാന്ധി 1981 നവംബറില്‍ ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് രാജ്യത്തിന്റെ കടല്‍ത്തീരങ്ങളുടെ ജൈവിക സമഗ്രതയും സൗന്ദര്യവും  സംരക്ഷിക്കുന്നതിനായി വേലിയേറ്റ രേഖയുടെ 500 മീറ്റര്‍ തീരോന്മുഖ മേഖലയില്‍  നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ അനുവദിക്കരുതെന്നു നിര്‍ദ്ദേശിച്ചു . അങ്ങനെ തീരദേശ പരിപാലനത്തിന്റെ ശ്രമങ്ങൾ രാജ്യത്ത് തുടങ്ങി. തീരദേശ പരിപാലനത്തിനു നിയമപരമായ പിന്‍ബലമില്ലാത്തതിനാൽ നിയമപരമായ പിൻബലം ഉണ്ടാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 1991-ല്‍ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം പുറപ്പെടുവിച്ചു.


മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്കായിരുന്നു തീരദേശ നിയന്ത്രണ നിയമത്തിന്റെ നിര്‍വ്വഹണച്ചുമതല പിന്നീട് 1996-ലെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് തീരദേശ പരിപാലന അതോറിറ്റികള്‍ 1999-ല്‍ പ്രയോഗത്തില്‍ വന്നു. 1991ലെ തീരദേശ നിയന്ത്രണ വിജ്ഞാപനം വേലിയേറ്റ പ്രഭാവമുള്ള ജലാശ യങ്ങളുടെ തീരങ്ങളെ ജൈവ വൈവിധ്യം, ജലബലതന്ത്രം, ജനസംഖ്യാ വിതാനം,  പ്രകൃതിവിഭവങ്ങള്‍, ഭൂവല്‍ക്ക ശാസ്ത്രപരവും ഭൂഗര്‍ഭ ശാസ്ത്രപരവുമായ വിശേഷ ഗുണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ 1, 2,3,4 മേഖലകളായി തരം തിരിക്കുകയും ഓരോ മേഖലയിലെയും ഭൂവുപയോഗം നിശ്ചിത ദൂരപരിധിക്ക് വിധേയമായി നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരിക്കുന്നു.


ഈ സോണിങ്ങിനനുസരിച്ച് തീരദേശ നിയമപരിപാലനം നടപ്പിലാക്കുന്നതിനു ഓരോ സംസ്ഥാനവും കേന്ദ്രഭരണ പ്രദേശവും  തീരദേശ പരിപാലന ഭൂപടങ്ങള്‍ (CZMP) (വിജ്ഞാപനം പ്രാബല്യത്തില്‍ വന്നതിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍) തയ്യാറാക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. 1996-ലാണു കേരളം കോസ്റ്റണ്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നത്.


മരട് ഗ്രാമപഞ്ചായത്ത് കാറ്റഗറി മൂന്നിലാണു വരുന്നത്. കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാനിലെ 33, 33എ, 34എ സ്‌കെച്ചുകളിലാണു മരടിന്റെ സ്ഥാനം. കാറ്റഗറി 3-ലുള്‍പ്പെടുന്ന മേഖലകളില്‍ വേലിയേറ്റരേഖയില്‍ നിന്നും 200 മീറ്റര്‍ കരയോടുചേര്‍ന്ന പ്രദേശത്ത് നിലവിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയല്ലാതെ മറ്റു നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ അനുവദനീയമല്ലാത്ത നിരോധിത മേഖല(no development zone) യാണ്.


വേലിയേറ്റ ലൈനിൽ നിന്നും 200 മീറ്റര്‍ മുതല്‍ 500 മീറ്റരവരെ തീരത്ത്  മുക്കുവ ഗോത്രസമൂഹങ്ങളുടെ ഭവനനിര്‍മ്മാണവും പുനര്‍നിര്‍മ്മാണവുമൊഴികെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ പാടില്ല..തീരദേശ പരിപാലന മേഖലയിലെ 5 കോടിയി ലധികം ചെലവു വരുന്ന അനുവദനീയമായ നിര്‍മ്മാണങ്ങള്‍ക്ക്  ദേശീയ തീര പരിപാലന അതോറിറ്റിയില്‍ നിന്നും അല്ലെങ്കിൽ സംസ്ഥാന തീര പരിപാലന അതോറിറ്റിയില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടണം.( ഇവയെ ഒക്കെ അട്ടിമറിക്കുവാൻ ആവശ്യമായ നിയമ ഭേദഗതികൾ തീരദേശ നിയമത്തിൽ സർക്കാർ നടപ്പിലാക്കിക്കഴിഞ്ഞു.)


തീരദേശ നിയന്ത്രണ മേഖലയില്‍ അനുവദനീയമായ നിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംസ്ഥാന തീര പരിപാലന അതോറിറ്റിക്ക് കൈമാറണമെന്ന് കേരള ശാസ്ത്ര സാങ്കേതിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും 1992 മുതല്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചു .എന്നാൽ  തദ്ദേശ സ്ഥാപനങ്ങളിൽ പലരും വിഷയത്തെ വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ല.


കേരള തീര പരിപാലന അതോറിറ്റി 17.06.2006 തീയതി നിര്‍ദ്ദേശങ്ങൾ അടങ്ങുന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു .കൂടാതെ കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂളിന്റെ 23(4) ചട്ടം പ്രകാരം 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം തീരദേശ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലെ കെട്ടിട നിര്‍മ്മാണവും ഭൂ വികസനവും തീരദേശ നിയന്ത്രണ വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിക്കുന്ന ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


മരടിലെ 5 നിർമ്മാണങ്ങൾ 


ഹോളി ഫെയ്ത് H2O


ഹോളി ഫെയ്ത് ബില്‍ഡേഴ്‌സ് & ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കുണ്ടന്നൂരില്‍ കായ ലോരത്തു നിര്‍മ്മിക്കച്ച H2O എന്ന 18 നില കെട്ടിടത്തില്‍ 90 ഫ്‌ലാറ്റുകളാണുള്ളത്. 


ആല്‍ഫ സെറീന്‍


ആല്‍ഫ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നെട്ടൂരിലെ പുഴയോരത്തു നിര്‍മ്മിച്ച 16 നിലയുള്ള രണ്ടു ടവറുകളിലായി 94 ഫ്‌ലാറ്റുകളുള്ള ആല്‍ഫ സെറീന്‍ പ്രീമിയം വാടര്‍ ഫ്രണ്ട് അപ്പാര്‍ട്‌മെന്റ്‌സ്. മുഴുവന്‍ ഫ്‌ലാറ്റുകളും താമസമുള്ളവയാണ്.


ഗോള്‍ഡന്‍ കായലോരം


കായലോരം അപാര്‍ട്‌മെന്റ്‌സ് ചമ്പക്കര കനാല്‍ റോഡിനു സമീപം നിര്‍മ്മിച്ച 15 നില കെട്ടിടത്തില്‍ 40 ഫ്‌ലാറ്റുകളാണുള്ളത്. 


ജെയിന്‍ കോറല്‍ കോവ്


ജയിന്‍ ഹൌസിങ് & കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് നെട്ടൂര്‍ കെട്ടേഴെത്തു കടവില്‍ നിര്‍മ്മിച്ച 18 നില കെട്ടിടത്തില്‍ 125 ഫ്‌ലാറ്റുകളാണുള്ളത്. 


ഹോളിഡേ ഹെറിറ്റേജ്


ഹോളിഡേ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിന്റെ പണിപൂര്‍ത്തീകരിക്കാത്ത 90 ഫ്‌ലാറ്റുകള്‍.


നിയമ ലംഘനങ്ങൾ


തീരദേശ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന നിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ പഞ്ചായത്ത് തീരദേശ പരിപാലന അതോറിടിയിലേക്ക് അയച്ചു നല്കാതെ, തീരദേശപരിപാലന നിയമ പ്രകാരം നിര്‍മ്മാണം നിരോധിക്കപ്പെട്ട മേഖലയില്‍ അനുമതി നല്കുകയായിരുന്നു.


തീരദേശ നിയന്ത്രണ മേഖലകളിലെ കെട്ടിട നിര്‍മ്മാണവും ഭൂവികസനവും CRZ നോട്ടിഫിക്കേഷനു വിധേയമായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ അത് പാലിച്ചിട്ടില്ല.പരിസ്ഥിതി സംരക്ഷണ നിയമം 5-ഉം 19-ഉം വകുപ്പുകള്‍ പ്രകാരം ശീക്ഷാ നടപടികള്‍ക്കായി താക്കീതു നല്കിക്കൊണ്ടും സര്‍ക്കുലര്‍ അയച്ചിരുന്നു. 


ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ, കാരണം ബോധിപ്പിക്കുന്നതിനോ, അന്തിമ ഉത്തരവിനു കാത്തിരിക്കുന്നതിനോ, നിയമാനുസൃതമുള്ള അപ്പീല്‍ പ്രതിവിധി സ്വീകരിക്കുന്നതിനോ നില്‍ക്കാതെയാണ്  ആര്‍ട്ടിക്കിൾ  226 പ്രകാരം ഹൈക്കോടതിയുടെ റിട്ട് അധികാരം തേടിയത്. കാരണം കാണിക്കല്‍ നോട്ടീസിനെതിരെയുള്ള റിട്ട് ഹര്‍ജികള്‍  അപക്വമാണെന്നും(prematue)  കാരണം കാണിക്കല്‍ നോട്ടീസ് ആരുടെയും അവകാശത്തെ ഹനിക്കുന്നില്ലെന്നും അവകാശ നിഷേധങ്ങള്‍ക്കെതിരെ മാത്രമേ റിട്ട് ഹര്‍ജി സ്വീകരിക്കാവൂയെന്നും ആവലാതിക്കാരനെ ദോഷകരമായി ബാധിക്കുന്ന ശിക്ഷയോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കുമ്പോള്‍ മാത്രമാണു  ഹര്‍ജിനല്കുന്നതിനുള്ള കാരണം ഉണ്ടാകുന്നു ള്ളുവെന്നും സുപ്രീം കോടതി 1987 മുതലുള്ള വിധിന്യായങ്ങളിലൂടെ വ്യക്തമാക്കി യിട്ടുള്ളതാണ്. അവയെ പൂർണ്ണമായും മറക്കുവാൻ നിർമ്മാണ കമ്പനികൾ ഇവിടെ ശ്രമിച്ചു. ഇടക്കാല ഉത്തരവു സമ്പാദിച്ചതിനു ശേഷം അതിന്റെ മറവില്‍ വര്‍ഷങ്ങളോളം കാലം കഴിക്കുക എന്ന രീതിയാണ് ഹൈക്കോടതിയില്‍ ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ പ്രയോഗിച്ചത്.


2007-ല്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികള്‍ 5 വര്‍ഷത്തിനു ശേഷമാണു ഹൈക്കോടതി തീര്‍പ്പുകല്പിച്ചത്. ഈ കാലയളവിനുള്ളില്‍ കോടതിയുടെ ഇടക്കാല ഉത്തരവിന്റെ മറവില്‍ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുവാനും പിന്നീട് പൂര്‍ത്തീകരിച്ച കെട്ടിടത്തിനു നമ്പറിട്ടു നല്കുന്നതിനും കോടതിയില്‍ നിന്നും ബില്‍ഡേഴ്‌സ് ഉത്തരവുകള്‍ സമ്പാദിച്ചു. നിയമ പ്രകാരമുള്ള നടപടിക്രമങ്ങള്‍ ശരിയാം വിധം കൈക്കൊണ്ട് പെര്‍മിറ്റ് റദ്ദു ചെയ്യുന്നതിനുള്ള നോടീസ് നല്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിക്കാതെ അനധികൃത നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ മരടു പഞ്ചായത്ത് സഹായിച്ചു.പഞ്ചായത്ത് സെക്രട്ടറി വഴിവിട്ട് ബില്‍ഡേഴ്‌സിനെ സഹായിക്കുകയായിരുന്നുവെന്നും തങ്ങള്‍ക്കതില്‍ പങ്കില്ലെന്നും 2006 മുതല്‍ 2012 വരെ ഭരണം നടത്തിയ ഗ്രാമപഞ്ചായത്ത് സമിതികള്‍ക്ക്  എങ്ങനെ പറയുവാൻ കഴിയും ?


റിയൽ എസ്റ്റേറ്റ് , ഖനനം, മൂന്നാർ, വയനാട്, കുട്ടനാട്  തുടങ്ങിയ രംഗങ്ങളിലെ നിയമ ലംഘനങ്ങൾക്ക്  പിൻതുണ നൽകുവാൻ ഞങ്ങൾ ഒറ്റകെട്ടാണ് എന്ന രാഷ്ട്രീയ പാർട്ടികളുടെ നിലവിളിക്കു മുന്നിലും പിന്നിലും പ്രവർത്തിക്കുന്നത് കേരള നാടിന്റെ താൽപ്പര്യങ്ങളല്ല. പരമോന്നത കോടതിയും ഭരണഘട തന്നെയും ഇവിടെ  ബാധകമല്ല എന്ന സമീപനം സംസ്ഥാനമനുഭവിക്കുന്ന  ജനവിരുധ രാഷ്ട്രീയ  അജണ്ടയുടെ പ്രതിഫലനമായി പരിഗണിക്കണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment