മരട് ഫ്ലാറ്റ്: നഷ്ടപരിഹാരത്തിൽ മാത്രം കേസ് ഒതുങ്ങരുത്




മരടിലെ അനധികൃത നിർമ്മാണം പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതിയുടെ കർക്കശമായ നിർദ്ദേശത്തെ അട്ടിമറിക്കുവാൻ സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥ വൃന്തങ്ങളും നിർമ്മാണ കമ്പനികൾക്ക് വേണ്ടി നടത്തിയ ശ്രമങ്ങളെ അംഗീകരിക്കാതിരുന്ന കോടതിയുടെ തീരുമാനം മാതൃകാപരമായിരുന്നു. നിയമ ലംഘനങ്ങളിലൂടെ നിർമ്മാണം നടത്തിയ കമ്പനിയും അവർക്ക് നേരിട്ടും അല്ലാതെയും ഒത്താശ ചെയ്ത ത്രിതല പഞ്ചായത്തു പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ,നിർമ്മാണത്തിന് പച്ചക്കൊടി കാട്ടിയ ഹൈക്കോടതി ജഡ്ജ്, മുതലായവർ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനുള്ള ചെലവ് വഹിക്കേണ്ടവരാണ്. അന്തേ വാസികളെ കബളിപ്പിച്ചു കൊണ്ടാണ് വീടുകൾ വിറ്റതെങ്കിൽ  അവർക്ക് നഷ്ടപരിഹാരം കൊടുക്കുവാൻ എല്ലാ  നിയമ ലംഘകരും ബാധ്യസ്ഥമാണ്. ഈ ഫ്ലാറ്റുകളിലെ 345 ഓളം വരുന്ന അന്തേവാസികൾക്ക് 25 ലക്ഷം രൂപ 4 ആഴ്ചക്കുള്ളിൽ  പ്രാധമികമായി നൽകുവാൻ തയ്യാറാകണമെന്നും സർക്കാർ പണം നിർമ്മിതാക്കളിൽ നിന്നു കണ്ടെത്തണം എന്നും കോടതി പറഞ്ഞു..നിയമ ലംഘനങ്ങളിലൂടെ പ്രകൃതിക്കുണ്ടായ നഷ്ടം  നിയമങ്ങൾ കാറ്റിൽ പറത്തുവാൻ കൂട്ടുനിന്നവരിൽ നിന്നും കണ്ടെത്തുന്നതിനൊപ്പം ജയിൽ ശിക്ഷ നൽകുവാൻ  കോടതി തയ്യാറാകണമായിരുന്നു. ഒപ്പം പൊളിച്ചുനീക്കുവാനുള്ള ചെലവ് നിയമ ലംഘകർ തന്നെ വഹിക്കണം എന്ന നിർദ്ദേശം വിധിയിൽ ഉള്ളതായി കാണുന്നില്ല.


സംസ്ഥാനത്തെ തീരങ്ങളിൽ ഉള്ള1800 ചെറുതും വലുതുമായ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുണ്ട് എന്നു സർക്കാർ സമ്മതിക്കുന്നു. അവ പൊളിച്ചുനീക്കുവാനും അതിന്റെ ഉടമകൾക്ക് ബാധ്യതയുണ്ട്. പരിസ്ഥിതികമായി പ്രത്യാഘാതങ്ങൾ ഉണ്ടാകാതെ, നിർമ്മിച്ച കെട്ടിടങ്ങളുടെ ഭാഗങ്ങൾ പുനരുപയോഗി ക്കുവാൻ പാകത്തിന് പദ്ധതികൾ തയ്യാറാക്കണം .തീരദേശം മുതൽ ഇടനാട്ടിലും  മലനാട്ടിലും നടത്തിയ നിർമ്മാണങ്ങൾക്ക്  കോടതി പരാമർശം ബാധകമാക്കി വയനാടിനെയും ഇടുക്കിയെയും കുട്ടനാടിനെയും സംരക്ഷിക്കുവാൻ സർക്കാർ സംവിധാനങ്ങൾ മുന്നോട്ടു വരാതെ പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുവാൻ കഴിയില്ല.


പ്ലാച്ചിമടയിൽ കൊക്കാകോള ഉണ്ടാക്കിയ 260.16 കോടി രൂപയുടെ നഷ്ടം കോള കമ്പനിയിൽ നിന്ന് വാങ്ങി കൊടുക്കുവാൻ തയ്യാറാകാത്ത സർക്കാർ മരട് വിഷയത്തിൽ ആകുലപ്പെട്ടിരുന്നു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 5 ലക്ഷം രൂപ വീതം നൽകണമെന്ന കോടതി വിധിയിൽ മരുന്നു നിർമ്മാണ കമ്പനിയിൽ നിന്നും നഷ്ട്ടപരിഹാരം ഈടാക്കുവാൻ കോടതിയോ സർക്കാരോ മടിച്ചു നിൽക്കുമ്പോൾ പ്രക്യതി നശീകരണത്തിൽ പങ്കു വഹിയ്ക്കുന്നവർ നിയമത്തിന്റെ മുന്നിൽ കുറ്റക്കാരായി പിടിക്കപ്പെടും എന്ന പ്രതീതി ഉണ്ടാക്കുവാൻ കഴിയാതെ പോകുന്നു.


ഭരണഘടനയുടെ 48 (A), 51 (A) വകുപ്പുകൾ അനുസരിച്ച് സർക്കാരിനും വ്യക്തിക്കും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുവാൻ ബാധ്യതയുണ്ട് എന്ന അനുശാസനത്തെ നടപ്പിൽ കൊണ്ടുവരണമെങ്കിൽ പ്രകൃതിയെ തകിടം മറിക്കുന്നവരെ മാതൃകാപര മായി ശിക്ഷിച്ചാൽ മാത്രമേ സാധ്യമാകുകയുള്ളൂ. 


നിയമ ലംഘനങ്ങൾ നടത്തി നിർമ്മിച്ച തീരദേശത്തും നദീ തീരങ്ങളിലും  പശ്ചിമഘട്ടത്തിലുമുള്ള കെട്ടിടങ്ങൾ വേഗത്തിലും ശാസ്ത്രീയവുമായും പൊളിച്ചു നീക്കുവാൻ സംസ്ഥാന സർക്കാർ സമയ ബന്ധിതമായി തീരുമാനിക്കണം.നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങൾ ,വ്യക്തികൾ അവക്ക് അവസരം, ഒരുക്കുയി  ത്രിതല, സർക്കാർ സംവിധാനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെ ശിക്ഷിക്കുവാനായി പ്രത്യേക സംവിധാനമുണ്ടാക്കി നാടിനെ രക്ഷിക്കുവാൻ സർക്കാർ മുന്നോട്ടു വരാതെ നമ്മുടെ മുന്നിൽ മറ്റു മാർഗ്ഗങ്ങളില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment