മരടിലെ ഫ്‌ളാറ്റുകള്‍ ഈ മാസം 20ന് മുമ്പ് പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം




ന്യൂഡല്‍ഹി: കൊച്ചി മരടില്‍ തീരദേശനിയമം ലംഘിച്ചു നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ ഈ മാസം 20ന് മുമ്പ് പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം. 23 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടു. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും അത് പാലിക്കാത്തതില്‍ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ നടപടി വേണ്ടിവരുമെന്നും നേരത്തെ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. 


മേയ് എട്ടിനാണ് തീരദേശ പരിപാല ചട്ടം ലംഘിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. പൊളിച്ചുനീക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. ഇതു നടപ്പാക്കാത്ത സാഹചര്യത്തിലാണ്‌ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് ഇന്ന് വിധി പറഞ്ഞത്. ഫ്‌ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച റിവ്യു ഹര്‍ജിയും ജൂലായ് 11ന് തള്ളിയിരുന്നു. 


അത് കഴിഞ്ഞ് രണ്ട് മാസത്തോളം ആയിട്ടും നടപടി ഇല്ലാത്ത ഘട്ടത്തിലാണ് സുപ്രീം കോടതി അന്ത്യശാസനം നൽകിയത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതു സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെയങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി വരാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അങ്ങനെയാണ് വീണ്ടും ഉത്തരവ് വന്നിരിക്കുന്നത്. നിയമം ലംഘിച്ചു കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയതിനുപിന്നില്‍ ആരെല്ലാമാണെന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 


ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫാ വെഞ്ച്വേഴ്സ് എന്നിവ പൊളിച്ചുനീക്കാനായിരുന്നു സുപ്രീംകോടതിയുടെ വിധി. ഇതിനെതിരേ ഫ്‌ളാറ്റുടമകളും നിര്‍മാതാക്കളും പിന്നീട് പലതവണ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഉത്തരവില്‍ മാറ്റം വരുത്താന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് തയ്യാറായിരുന്നില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment