ചെറുവള്ളി എസ്റ്റേറ്റിൽ നടക്കുന്നത് കേരള സർക്കാരിന്റെ ഭൂമി കുംഭകോണം




കോവിഡിന്റെ മറവിൽ കോർപ്പറേറ്റുകൾക്ക് പാദസേവ ചെയ്യുന്ന മോദിയെ പിൻപറ്റി കൊണ്ട് കേരള മുഖ്യൻ ചെറുവള്ളിയിലെ 2263  ഏക്കർ ഭൂമി കെ.പി യോഹന്നാനും അതുവഴി നമ്മടെ ഒരു ലക്ഷത്തോളം ഏക്കർ ഭൂമി കയ്യടക്കിയിരിക്കുന്ന ഹാരിസൺസ് എന്ന നിലവില്ലാത്ത കമ്പനിക്കും ഭൂഉടമസ്ഥത ഉറപ്പുവരുത്താനുള്ള തിരക്കിട്ട ഗൂഡാലോചനയിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഹാരിസൺസിനോ  യോഹോന്നാനോ ചെറുവള്ളി ഭൂമിയിൽ ഒരു സെന്റ് പോലും ഉടമസ്ഥത അവകാശപ്പെടാനുള്ള നിയമപരമായ സാധുതയില്ല.


സർക്കാറിന്റെ തന്നെ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരൻ തുടങ്ങി, സജിത് ബാബു റിപ്പോർട്ട്, ജസ്റ്റിസ് മനോഹരന്റെ നിയമോപദേശം, വിജിലൻസ് അന്വഷണ റിപ്പോർട്ടുകൾ, ഏറ്റവും ഒടുവിലായി എം.ജി രാജമാണിക്യം റിപ്പോർട്ട് വരെ, എത്രമാത്രം രേഖകളും തെളിവുകളുമാണ് ചെറുവള്ളി ഉൾപ്പെടെ അഞ്ചര ലക്ഷം ഏക്കർ ഭൂമി കേരളത്തിലെ സർക്കാറിൽ നിക്ഷിപ്തമാകേണ്ടതാണന്ന് തെളിയിക്കാൻ സർക്കാറിന്റെ മേശപ്പുറത്തിരിക്കുന്നതു്.


ഈ തെളിവുകൾ വെച്ചു കൊണ്ട് ഈ ഭൂമിയ ത്രയും സർക്കാറിൽ നിക്ഷിപ്തമാക്കാനും, തോട്ടങ്ങൾ പുന:സംഘടിപ്പക്കാനും, ദലിത്-ആദിവാസി, ജനവിഭാഗങ്ങൾ ഉൾപ്പെടെ മണ്ണിൽ പണിയെടുക്കുന്നവർക്ക് കൃഷി ഭൂമി ഉറപ്പു വരുത്തുന്നുമുള്ള ബദൽ കാഴ്ചപ്പാടുകൾ നടപ്പാക്കുന്നതിന് പകരം സർക്കാർ ഭൂമിക്ക് സർക്കാർ പണം കെട്ടിവെക്കുന്ന വഞ്ചനാപരമായ നിലപാട് ഒരു വൻ ഭുമി കുംഭകോണത്തിനുള്ള നീക്കം മാത്രമാണ്.


ചക്കിക്കൊത്ത ചങ്കരനെപ്പോലെ പിണറായിയുടെ പിന്നാലെ കോർപ്പറേറ്റുകളെ സേവിക്കാൻ സി.പി.ഐയുടെ റവന്യു മന്ത്രി ചന്ദ്രശേഖരനും ഉണ്ട്. സർക്കാർ ഭൂമിയാണങ്കിൽ സർക്കാർ കോടതിയിൽ പണം കെട്ടിവെക്കുന്നതെന്തിനാണന്ന ചോദ്യത്തിന്  മന്ത്രിയുടെ മറുപടി ശ്രദ്ധിക്കുക. ചെറുവള്ളി ഭൂമി സർക്കാർ ഭൂമിയാണ്. പക്ഷെ അതിലെ ചമയങ്ങൾ വെച്ചുപിടിപ്പിച്ചത് സർക്കാറല്ല. ചമയങ്ങൾക്കുള്ള വിലകണക്കാക്കിയാണ് സർക്കാർ കോടതിയിൽ പണം കെട്ടിവെക്കുന്നതു് എന്നാണ്. കയ്യേറ്റക്കാരായ ആളുകളെ തുറുങ്കിലട്ടുന്നതിന് പകരം, അവർ സർക്കാർ ഭൂമി കയ്യേറി ഉണ്ടാക്കിയ ചമയങ്ങൾ വില കണക്കാക്കി സർക്കാർ തന്നെ കോടതിയിൽ പണം കെട്ടിവെക്കുന്നതിന്റെ നിയമസാധുത എന്തെന്നു് മന്ത്രി വിശദികരിക്കാമോ?


റവന്യൂ മന്ത്രി കരുതുന്നത് കേരളത്തിലെ ജനങ്ങൾ വിഡ്ഢികളാണ് എന്നാണോ? ഉടുതുണിക്ക് മറുതുണിയില്ലാത്ത പട്ടിണിപ്പാവങ്ങൾ കിടപ്പാടത്തിനു വേണ്ടി തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയിൽ കുടിൽ കെട്ടുമ്പോൾ പോലീസിനേയും ഗുണ്ടകളെയും അണിനിരത്തി വേട്ടയാടുന്നവർ, അവരെ മാസങ്ങളോളം തടവറയിലേക്ക് വലിച്ചിഴക്കുന്നവർ, ഒരു ലക്ഷം ഏക്കർ കയ്യേറിയ ഹാരിസൺസിന്റെ കാര്യത്തിൽ കാട്ടുന്ന ഉദാരത അപാരം തന്നെ .ഇത് വഴി നിങ്ങൾ പ്രദർശിപ്പിക്കുന്ന ഇടതുപക്ഷ അവബോധം വിചിത്രം തന്നെ.
സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചാൽ കയ്യേറ്റക്കാരനെ തടവിലിട്ട് കയ്യേറ്റ ഭൂമിയുടെ സെൻറ് വിലകണക്കാക്കി പിഴ ചുമത്തണമെന്ന നിയമം മന്ത്രിക്കറിയില്ലേ?


കേരളത്തിലെ നിയമനിർമ്മാണ സഭ നിർമ്മിച്ചെടുത്ത ഭൂസംരക്ഷണ നിയമമെന്താണന്ന് ദയവ് ചെയ്തു മന്ത്രി ഒരു വട്ടമെങ്കിലും വായിക്കേണ്ടിയിരിക്കുന്നു. 2263ഏക്കർ സർക്കാർ ഭൂമി കയ്യടക്കിയ ക്രിമിനലുകളെ തുറുങ്കിലടച്ച് കൊള്ളയടിച്ച കോടിക്കണക്കിന് രൂപ കണ്ടു കെട്ടാൻ നടപടിയെടുക്കുന്നതിന് പകരം വിമാനത്താവള നിർമ്മാണത്തിന് ഭൂമിയേറ്റെടുക്കുന്നു എന്ന പേരിൽ പണം കോടതിയിൽ കെട്ടിവെക്കുന്നതു് കേരളത്തിലെ മൊത്തം റവന്യൂ ഭൂമിയുടെ പകുതിയോളം വരുന്ന ഭൂമിക്ക് ഉടമസ്ഥത വിദേശ കുത്തകൾക്ക് താലത്തിൽ വെച്ച് നല്കുന്നതിന് തുല്യമാണ്.


ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ഭൂമി കുംഭകോണ മാണിത്. ഇതു വരെ ലഭ്യമായ നിരവധി രേഖകൾ വെച്ച് കോടതികളിലുള്ള കേസ്സുകളിൽ വിജയം കണ്ടെത്തി കൊണ്ടിരുന്ന സ്പെഷ്യൽ ഗവ: പ്ലീഡർ അഡ്വ: സുശീല ഭട്ടിനെ മാറ്റി ഹാരിസൺസിന് വേണ്ടി കേസു വാദിച്ചിരുന്ന സ്വന്തക്കാരനെ ഗവ. പ്ലീഡറായി നിശ്ചയച്ചപ്പോൾ തന്നെ പിണറായിയുടെ കുറുക്കൻ ബുദ്ധിയെ ഞങ്ങൾ ചൂണ്ടി കാട്ടിയിരുന്നു. നിരവധിയായ, അനിഷേധ്യമായ തെളിവുകൾ നിരത്തി കൊണ്ട് സ്പെഷ്യൽ ഓഫീസർ MG രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ടിന്  റവന്യൂസിക്രട്ടറി യെക്കൊണ്ട് ഒന്നര പേജുള്ള കുറിപ്പ് എഴുതി വാങ്ങി റിപ്പോർട്ട്‌ തകിടം മറിച്ചതു മുതൽ നിങ്ങളുടെ ലക്ഷ്യം എന്താണന്നു് ഞങ്ങൾ തുറന്നു് കാട്ടിയിരുന്നു.


ടാറ്റ - ഹാരിസണ്‍ ഉൾപ്പെടെയുള്ള കുത്തകൾ  കൈവശം വെയ്ക്കുന്ന 5 ലക്ഷത്തിലധികം ഏക്കർ തോട്ടഭൂമി  നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന് നിർദ്ദേശിക്കുന്ന വിലപ്പെട്ട റിപ്പോർട്ടാണ് നിങ്ങൾ അട്ടിമറിച്ചത്. ലക്ഷക്കണക്കിന് ആദിവാസികളുൾപ്പെടെയുള്ള മണ്ണിന്റെ മക്കളുടെ മനുഷ്യരായി  ജീവിക്കാനുള്ള അവകാശത്തെയാണ് നിങ്ങൾ ഇതുവഴി തകർത്ത് തരിപ്പണമാക്കിയതു്. യാഥാർത്ഥ്യങ്ങളെ നിങ്ങൾ എത്ര തന്നെ മൂടിവെക്കാൻ ശ്രമിച്ചാലും ഒരു നാൾ അത് പുറത്ത് വരിക തന്നെ ചെയ്യും. മിർ ജാഫർമാരുടെ പിന്തുടർച്ചക്കാരായി ചരിത്രം നിങ്ങളെ അടയാളപ്പെടുത്തും.


തുടരും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment