2018 പ്രളയം നേതാക്കളെ ഒന്നും പഠിപ്പിച്ചിട്ടില്ല




ഉഷ്ണ മേഖലാ പ്രദേശത്തെ  പൂജ്യം ഡിഗ്രി തണുപ്പുള്ള  മല നിരകള്‍, വരയാടുകളുടെ സാന്നിധ്യം,ലോകത്തെ ഏറ്റവും ഉയരം കൂടിയ  തേയില തോട്ടം (കൊളുക്കുമല) മുതലായ അത്ഭുത പ്രതിഭാസങ്ങളുടെ  നാടാണ് മൂന്നാർ.1924  വെള്ളപോക്കത്താൽ നാട്  ആ നാട് ഒലിച്ചു പോയതും നാലില്‍ ഒരാള്‍  വെച്ച് മരണപ്പെട്ടതും മറന്നു പോകരുത്. 


2018 ലെ വെള്ളപൊക്കം ,നൂറ്റാണ്ടിനു മുൻപ് മൂന്നാറില്‍ നിന്നും ഒഴുകിപോയ കരിന്തിരി മലയേയും അനുബന്ധ സംഭാവനങ്ങളെയും ഓർമ്മിപ്പിച്ചു.(2018ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി 99 ലെ വെള്ളപ്പൊക്കത്തെ ഓർത്തെടിത്തിരുന്നു.)


നിയമങ്ങലെ കാറ്റില്‍ പറത്തി , മൂന്നാറിന്‍റെ പരിസ്ഥിതിയെ തകര്‍ക്കുമാറ് , മലനിരകളെ അനധികൃതമായി കൈയ്യില്‍ വെച്ച തോട്ടം മുതലാളിമാര്‍ വളര്‍ത്തി കൊണ്ടുവന്ന മാഫിയ ലോകത്ത്, രാഷ്ട്രീയക്കാരും പങ്കാളികളാണ്. അതുണ്ടാക്കിയ പ്രതിസന്ധികള്‍ തൊഴിലാളികളേയും പെരുവഴി യിലെത്തിച്ചു. (പെമ്പളൈ ഒരുമൈ നടത്തിയ സമരത്തിനു പോലും പ്രതിദിന വേതനം 301 നു മുകളിലെത്തിക്കുവാൻ കഴിഞ്ഞില്ല) അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കുവാൻ  ശ്രീ VS ന്റെ നിര്‍ദ്ദേശത്താൽ നടത്തിയ മുന്നാര്‍ ഓപ്പറേഷന്‍ അദ്ധേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ തന്നെ അട്ടിമറിച്ചു.VS പാര്‍ട്ടിയില്‍  ഒറ്റപെട്ടു.


മൂന്നാര്‍ മലനിരകള്‍ ഉള്‍പെടുന്ന പശ്ചിമഘട്ടം അനുഭവിക്കുന്ന പ്രതിസന്ധികള്‍ അതി രൂക്ഷമാണ്. ഗാട്ഗില്‍ കമ്മീഷന്‍ അതു വ്യക്തമാക്കിയിരുന്നു  1500 കി.മീ.നീളത്തില്‍ ലോകത്തിന്‍റെ പ്രധാന ഹോട്ട് സ്പോട്ട് ആയി നിൽക്കുന്ന സഹ്യന്‍റെ കരുത്തുള്ള പ്രദേശം കേരളത്തിന്റെ ഭാഗമാണ്.  മലനിരകളുടെ  ശോഷണത്തില്‍ 65% സംഭവിച്ചത് കേരളത്തിന്‍റെ അത്രുത്തിക്കുള്ളിലായിരുന്നു അതിന്‍റെ ആഘാതം കേരളവും അനു ബന്ധ സംസ്ഥാനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. 44 നദികളും അതിന്‍റെ ഉപനദികളും അരുവികളും പാടങ്ങളും കുളങ്ങളും ഒക്കെ തകര്‍ച്ചയിലാണ്. നാടിനെ ചുട്ടു പൊള്ളിക്കുവാനും  പേമാരിയില്‍ മുങ്ങി മരിക്കുവാനും അത് ഇടയുണ്ടാക്കി.മൊട്ട കുന്നുകളിലെ ഖനനങ്ങള്‍ വില്ലന്മാരായി തുടരുന്നു.ഇത്തരം പ്രതിസന്ധികള്‍ എങ്ങനെയാണ് ദുരന്തങ്ങളായി മാറിയത് എന്നറിയുവാന്‍  ആഗസ്റ്റു മാസത്തെ സംഭവങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും.


1500ലധികം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും .അതില്‍ പെട്ട് 470ലധികം മരണങ്ങൾ(മലനിരകളില്‍ മാത്രം), 13200 വീടുകള്‍ പൂര്‍ണ്ണമായും രണ്ടേകാല്‍ ലക്ഷം വീടുകള്‍ ഭാഗികമായും തകർന്നതിനു കാരണം, പശ്ചിമഘട്ടത്തിനും ഇടനാടിനും തീരപ്രദേശത്തിനും പ്രകൃതി ക്ഷോഭങ്ങളെ പ്രതിരോധിക്കുവാ നുള്ള ശേഷി നഷ്ടപെട്ടതാണ്.


1963ലെ KLR Act  സംസ്ഥാന ഭൂമിയിൽ‍ വൈദേശികരുടെ ഉടമസ്ഥാവകാശം അനുവദിക്കുന്നില്ല. പക്ഷേ ഹാരിസൺ‍ മലയാളം പ്ലാന്‍റേഷൻ എന്ന ബ്രിട്ടീഷ് സ്ഥാപനം 60000 എക്കർ‍ ഭൂമി കൈവശം വെച്ചിരിക്കുന്നു. കേസ്സിൽ വിജയിക്കുവാനായി സർക്കാർ അവർക്ക് അവസരമൊരുക്കി. (വയനാട്ടിൽ‍ മാത്രം 2000ലധികം ഏക്കർ‍). ടാറ്റയുടെ നിയന്ത്രത്തിൽ 1.3 ലക്ഷം ഹെക്ടറുണ്ട് .അനധികൃതമായി 5. 2 ലക്ഷം ഹെക്ടർ ഭൂമി വൻ കിടക്കാർ കൈകാര്യം ചെയ്യുന്നു. അവരിൽ നിന്നുള്ള പാട്ട കുടുശ്ശിക നൂറുകണക്കിന് കോടി വരും മറുവശത്ത് ഭൂരഹിതർ‍ 15 ലക്ഷത്തിലധികവും  നാമമാത്ര ഭൂ ഉടമകൾ മറ്റൊരു 60 ലക്ഷവും. 


മൂന്നാർ (ഇടുക്കി) പ്രദേശത്ത് മൂന്നു തരം പട്ടയങ്ങളാണുള്ളത്. 1. LA പട്ടയതറ (Land Assignment) നിർമ്മാണങ്ങൾ നടത്തുവാൻ അനുവാദമുള്ളത്. 2. Cardamom Hill Reserve പട്ടയം , അവയിൽ‍ ഏല കൃഷി ചെയ്യുവാൻ‍ മാത്രമേ അവകാശമുള്ളു. മരങ്ങളെ സംരക്ഷിക്കണം. 3. കുത്തക പാട്ട (Lease land) ഭൂമി. പാട്ട കാലവധി 20 വർ‍ഷമാണ്‌ .നിർ‍മ്മാണങ്ങളോ ഭൂമിയുടെ ഘടനയിൽ‍ വ്യതിയാനമോ ഉണ്ടാക്കുവാൻ   അവകാശമില്ല. കുത്തക പാട്ടത്തിന് ഈടാക്കുന്ന പാട്ട തുക നിസ്സാരമാണ് എന്ന്  Mr. Chandrashekaran committee റിപ്പോർട്ടു പറഞ്ഞു  പക്ഷേ,


മൂന്നാര്‍ ഓപ്പറേഷനിലൂടെ 16000 ഹെക്റ്റര്‍ തിരിച്ചു പിടിച്ചു. 92 കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയിരുന്നു. പില്‍കാലത്ത് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി.മൂന്നാര്‍ ട്രിബ്യുണല്‍ പിരിച്ചു വിട്ട സര്‍ക്കാര്‍ ഭൂ മാഫിയകള്‍ക്കായി അവസരങ്ങള്‍ ഒരുക്കി.  
വട്ടവട, കൊട്ടകാംബേല്‍ ഗ്രാമങ്ങളിലെ  കുറുഞ്ചി താഴ്  വരയുടെ 151 പട്ടയങ്ങളില്‍ 141 ഉം ചെന്നൈക്കാരുടെ സ്വന്തമായതെങ്ങനെ ?


14000 ഹെക്റ്ററിൽ  വ്യാപിച്ചുകിടക്കുന്ന ഷോല വനങ്ങളുടെ  സംരക്ഷണം (fragile land സംരക്ഷണ നിയമം ) ഇല്ലാതാക്കിയ സര്‍ക്കാര്‍, Tata, Harrison തുടങ്ങിയ അര ഡസന്‍ വന്‍കിട കമ്പനിക്കാര്‍ക്കായി നിയമങ്ങളെ കാറ്റില്‍ പറത്തി .പൊതു മുതലായ ഭൂമി സ്വകാര്യ സ്ഥാപങ്ങള്‍ക്ക് കൈയ്യേറുവാനായി കേസുകൾ തോറ്റു കൊടുത്തു.


നിവേദിത P.ഹരന്‍  പരാമര്‍ശിക്കുന്ന മൂന്ന്‍ നിലയില്‍ അധികം ഉയരമുള്ള കെട്ടിടങ്ങള്‍ മൂന്നാറില്‍ ഉണ്ടാകരുത് എന്ന നിര്‍ദ്ദേശത്തേയും രാജ മാണിക്യം  റിപ്പോര്‍ട്ടിനേയും  മറന്ന സര്‍ക്കാര്‍  മൂന്നാറിനെ കൈവെടിയുകയാണ്. മുൻ ഇടതുപക്ഷ സര്‍ക്കാർ ഉണ്ടാക്കി എടുത്ത നീര്‍ത്തട സംരക്ഷണം, മൂന്നാര്‍ ട്രിബ്യൂണല്‍, ഏലക്കാടുകളിലെ മരങ്ങള്‍ സംരക്ഷിക്കല്‍, പാറ മടകള്‍ക്ക്  ജനവാസ കേന്ദ്രത്തിലേക്കുള്ള ദൂരപരിധി , പാട്ട ഭൂമിയില്‍ നിന്നും പാറ പൊട്ടിക്കല്‍ നിയന്ത്രണം മുതലായ നിയമങ്ങളെ ഭൂ/തോട്ടം/റിയൽ എസ്റ്റേറ്റു കച്ചവടക്കാർക്കായി ഉടച്ചുവാർത്തു പുതിയ സർക്കാർ .
 

മൂന്നാറിന്റെ തകർച്ചയിൽ ഉൽക്കണ്ഠപെടാത്ത നേതാക്കൾ , വികസനത്തിന്റെ മറവിൽ നടക്കുന്ന സംഘടിത പരിസ്ഥിതി നശീകരണ പ്രവർത്തനത്തിൽ നിയമലംഘകരായി രംഗത്തു വരുന്നു. നിയമങ്ങളെ മാനിക്കുവാൻ മറ്റുള്ളവരെ പഠിപ്പിക്കേണ്ട സർക്കാർ സംവിധാനം തന്നെ  കൈയ്യേറ്റക്കാരായി തീരുന്നത് മാഫിയകളെ വല്ലാതെ സന്തോഷിപ്പിക്കും.


മൂന്നാർ MLA , പ്രകൃതി കൊള്ള സംഘത്തിന്റെ God father മാരുടെ പട്ടികയിലെ കേവലം പരൽ മാത്രം. പൊട്ടിവീഴുന്ന മലകളും മരണം വരിച്ച നദികളും പാടങ്ങളും ക്ഷോഭിച്ച കടലും കേരളത്തെ കണ്ണീരിലാഴ്ത്തുമ്പോൾ  വേവലാതിപെടാത്ത  നേതാക്കൾ നാടിന്റെ ശത്രുക്കളാണെന്നു നമ്മൾ  തിരിച്ചറിയണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment