പ്രകൃതി വിഷയങ്ങളിൽ കാല്പനികതയിൽ നിന്നും യാഥാർഥ്യത്തിലേക്ക് വരേണ്ട സമയം അതിക്രമിച്ചു: ബിജിപാൽ




 മണ്ണ്, മരം, കാട് എന്നിവയൊക്കെ കാല്പനികതയിൽ നിന്നും യാഥാർഥ്യത്തിലേക്ക് വരേണ്ട സമയം അതിക്രമിച്ചുവെന്ന് സംഗീത സംവിധായകൻ ശ്രീ. ബിജിബാൽ അഭിപ്രായപ്പെട്ടു. ശാന്തിവനത്തിൽ വെച്ചു നടന്ന പരിസ്ഥിതി ജാഗ്രതാ ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടവർ നിർമാണത്തിനായി കെഎസ്ഇബി അധികൃതർ ആദ്യം തന്നെ മുറിച്ച അൻപതോളം വർഷം പഴക്കമുള്ള വെള്ളപ്പൈൻ മരത്തിന്റെ ഓർമ്മയ്ക്ക് വെള്ളപ്പൈനിന്റെ ഒരു തൈ ബിജിബാൽ, മീന, മറ്റു പ്രകൃതി സ്നേഹികൾ എന്നിവർ ചേർന്ന് നട്ടുകൊണ്ടായിരുന്നു പരിപാടിക്ക് തുടക്കം കുറിച്ചത്.. 


അവശേഷിക്കുന്ന പച്ചത്തുരുത്തുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ  കുറിച്ച് പരിസ്ഥിതി ജാഗ്രതാ ദിനാചരണത്തിൽ ചർച്ചകൾ നടന്നു. പരിസ്ഥിതി സാമൂഹികവും നിയമപരവുമായ വെല്ലുവിളികൾ  നേരിടുന്നുണ്ട്. അത്‌കൊണ്ട് തന്നെ അത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. അതുപോലെ തന്നെ പരിസ്ഥതി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്. ഈ കാര്യങ്ങളിൽ ആയിരുന്നു പരിപാടിയിൽ പ്രധാനമായും ചർച്ചകൾ നടന്നത്. ശാന്തിവനത്തിലെ കെഎസ്ഇബിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ചകൾ നടന്നത്.


സംഗീതസംവിധായകൻ ബിജിബാൽ, സ്ഥലമുടമ മീന മേനോൻ, ജൈവവൈവിധ്യ ബോർഡ്‌ ജില്ലാ കോ ഓർഡിനേറ്റർ ശ്രീ. രാമചന്ദ്രൻ, ശാന്തി വനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ള വിവിധ പാർട്ടി നേതാക്കളായ ഫൈസൽ, ഡിവിൻ കെ ദിനകരൻ, പി എ പ്രേംബാബു, എം കെ കൃഷ്ണൻകുട്ടി, നിമിഷ രാജു, ജയഘോഷ്‌,  കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ പരിസ്ഥിതി സമരങ്ങളുടെ പ്രതിനിധികൾ, മറ്റു പ്രകൃതി സ്നേഹികൾ എന്നിവർ സംസാരിച്ചു. 


ഹൈസ്കൂൾ വിദ്യാർഥികളായ ശ്രദ്ധ, ശ്രീലക്ഷ്മി എന്നിവർ ശാന്തിവനത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജലഛായ ചിത്രങ്ങൾ വരച്ചുകൊണ്ടാണ് സമരത്തിൽ പങ്കുചേർന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment