അനിയന്ത്രിത ഖനനത്തിനെതിരെ നാളെ സെക്രട്ടറിയേറ്റ് പടിക്കൽ സമരം




അനിയന്ത്രിത ഖനനത്തിനെതിരെ നാളെ (ഡിസംബർ 11 ന്) സെക്രട്ടറിയേറ്റ് പടിക്കൽ സമരം സംഘടിപ്പിക്കുന്നു. കരിങ്കൽ ഖനനം പൊതുമേഖലയിലാക്കുക, പൊതുമേഖലാ സംവിധാനത്തിലൂടെ പാവപ്പെട്ടവർക്ക് വീടു് നിർമ്മിക്കാനായി കരിങ്കൽ ഉല്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കുക, കരിങ്കൽ ഉല്പന്നങ്ങളുടെ ആവശ്യം കുറച്ചു കൊണ്ടുവരുന്ന നിർമ്മാണ - വികസന നയങ്ങൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അനിയന്ത്രിത ഖനന വിരുദ്ധ ജനകീയ പ്രസ്ഥാനം (NAPM) ആണ് സമരം നടത്തുന്നത്.


കേരളത്തിന്റെ ഭൂപ്രകൃതിക്ക് യോജിക്കാത്ത വികസന നയങ്ങളുടെ പ്രയോഗം മൂലം നമ്മുടെ നിലനിൽപ്പു് അപകടത്തിലാവുന്ന സ്ഥിതിയാണ് രൂപപ്പെട്ടു വരുന്നതെന്ന് അനിയന്ത്രിത ഖനന വിരുദ്ധ ജനകീയ പ്രസ്ഥാനം അഭിപ്രായപ്പെടുന്നു. ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലും കേരളത്തിലുണ്ടായ പ്രളയം കേരളീയ സമൂഹത്തിന്റെ സമീപനങ്ങളിൽ യുക്തിസഹവും ശാസ്ത്രീയവുമായ പരിവർത്തനത്തിനുള്ള പ്രകൃതിയുടെ ആഹ്വാനമായി കണക്കിലെടുക്കേണ്ടതുണ്ടെന്ന് അനിയന്ത്രിത ഖനന വിരുദ്ധ ജനകീയ പ്രസ്ഥാനം കരുതുന്നു.


കാലാവസ്ഥാമാറ്റം മൂലമാണ് അതിവൃഷ്ടിയും പ്രളയവും ഉണ്ടായതെങ്കിലും പ്രളയദുരിതം ജനങ്ങൾക്ക് താങ്ങാവുന്നതിലധികമാക്കിയതു് നമ്മുടെ ഭൂപ്രകൃതിക്ക് യോജിക്കാത്ത നിർമ്മാണ പ്രവർത്തനങ്ങളും ഖനന പ്രവർത്തനങ്ങളും മൂലമാണെന്നത് വസ്തുതയാണ്. ഈ രംഗങ്ങളിൽ യാഥാർത്ഥ്യബോധത്തോടെയുള്ള നയങ്ങൾ ആവിഷ്ക്കരിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഭരണ സിരാ കേന്ദ്രത്തിന് മുന്നിൽ അനിയന്ത്രിത ഖനന വിരുദ്ധ ജനകീയ പ്രസ്ഥാനം ഈ സമരത്തിന് തുടക്കം കുറിക്കുന്നത്. ഈ സമരം ഏതെങ്കിലുമൊരു സർക്കാരിനെതിരല്ല എന്നും ,ഒരു സമൂഹമെന്ന നിലയിൽ കേരളത്തിലെ ജനങ്ങളുടെ ഇടയിൽ സുസ്ഥിരമായതും നീതിപൂർവ്വകമായതുമായ ഒരു വികസന സമീപനത്തിനനുകൂലമായി അഭിപ്രായ രൂപീകരണം നടത്തി ഭരണതലത്തിൽ അതിനനുസരിച്ചുള്ള  നയം മാറ്റങ്ങളുണ്ടാക്കാൻ ലക്ഷ്യം വച്ചുള്ളതാണെന്നും അനിയന്ത്രിത ഖനന വിരുദ്ധ ജനകീയ പ്രസ്ഥാനം വ്യക്തമാക്കി.


വളരെ പെട്ടെന്ന് ലക്ഷ്യം നേടിയെടുക്കാനാവുന്ന സമരമല്ലിത് എന്ന യാഥാർത്ഥ്യബോധവുമുണ്ടു്. ഈ സമരത്തെ അവഗണിക്കാനും അടിച്ചമർത്താനും ശ്രമങ്ങളുണ്ടാകുമെന്നും അറിയാം. അനിയന്ത്രിത ഖനനം വഴി ലാഭം കുന്നുകൂട്ടുന്നവർ ഈ ധർമ്മസമരത്തെ പരാജയപ്പെടുത്തുവാൻ വേണ്ടിയും വലിയ തോതിൽ മുതൽ മുടക്കുകൾ നടത്തുമെന്നും ഞങ്ങൾക്ക്‌ ധാരണയുണ്ടു്. എന്നാൽ അത്തരം നീക്കങ്ങൾ കൊണ്ടു് തകർക്കാവുന്ന സമരമല്ല ഇതെന്നും ഈ സമരം ഉന്നയിക്കുന്ന വിഷയങ്ങൾ പ്രബുദ്ധരായ കേരളീയ സമൂഹം ഏറ്റെടുക്കുമെന്നും തങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അനിയന്ത്രിത ഖനന വിരുദ്ധ ജനകീയ പ്രസ്ഥാനം പ്രത്യാശ പ്രകടിപ്പിച്ചു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment