ടെക്‌നോപാർക്കിലെ നിർമാണം നിർത്തിവെക്കണമെന്ന് ഹരിത ട്രൈബ്യൂണൽ




തിരുവനന്തപുരം: ടെക്‌നോപാർക്കിലെ തണ്ണീർത്തടം നികത്തികൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തലാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇവിടെ നടന്ന് വരുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് പാരിസ്ഥിതികാനുമതിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ടെക്‌നോപാർക്കിലെ മൂന്നാം ഘട്ടത്തിന്റെ നിർമാണത്തിന്റെ ഭാഗമായാണ് തണ്ണീർത്തടം നികത്തിയത്.


നിർമാണത്തിനിടെക്കുന്ന സ്ഥലത്തിന്റെ യഥാർത്ഥ അളവും മറ്റു വസ്തുതകളും മറച്ച് വെച്ചാണ് ഡ്രാഗൺ സ്റ്റോൺ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി പാരിസ്ഥിതികാനുമതി വാങ്ങിയിരുന്നത്. ഇതിനെതിരെ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസർച്ച് കൗൺസിൽ പ്രസിഡന്റ് എസ് ജെ സഞ്‌ജീവ്‌ ഹർജി നൽകിയത്. ഈ ഹർജിയിലാണ് ഇപ്പോൾ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഉണ്ടായിരിക്കുന്നത്.


ഹർജിയെത്തുടർന്ന് സംസ്ഥാനത്തെ പാരിസ്ഥിതിക ആഘാത നിർണായ ഏജൻസിയോടും മറ്റു വിദഗ്‌ധരോടും ട്രൈബ്യൂണൽ റിപ്പോർട്ട് തേടിയിരുന്നു. ഈ നിർമാണത്തെ പറ്റി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെന്നൈ മേഖലാ ഓഫീസും സംസ്ഥാന മലിനീകരണ ബോർഡുകളും കൂടി ഒരു മാസത്തിനകം സ്ഥിതി വിവരങ്ങൾ നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഒക്ടോബർ 14 ന് പരാതി വീണ്ടും പരിഗണിക്കും. 


അതേസമയം, കഴിഞ്ഞ വർഷം ജൂൺ 18 ന് അനുവദിച്ച പാരിസ്ഥിതികാനുമതി കാലഹരണപ്പെട്ടിട്ടുണ്ട്. കൂടുതൽ സ്ഥലമെടുത്തുള്ള നിർമാണത്തിന് നിർമ്മാതാക്കൾ നൽകിയ പുതിയ അപേക്ഷയിലും തീരുമാനം ആയിട്ടില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment