നെതർലാന്റ് നവകേരള നിർമാണത്തെ പ്രചോദിപ്പിക്കണമെങ്കിൽ? 




കേരള മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശന അജണ്ടയിൽ ദുരന്ത നിവാരണം(പ്രളയം) മുഖ്യ വിഷയമാണ്. സംസ്ഥാനത്തിന്റെ മന്ത്രിമാർ വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതും അവിടുത്തെ മാതൃകകൾ നടപ്പിലാക്കുന്നതും തെറ്റായ കീഴ് വഴക്കമായി കാണേണ്ടതില്ല.മറ്റു രാജ്യങ്ങളുടെ   പദ്ധതികൾ നമുക്കും മറിച്ചും ഗുണപരമായി മാറിയ നിരവധി അനുഭവങ്ങളുണ്ട്. ചില മാതൃകകൾ പ്രതിസന്ധികൾ ഉണ്ടാക്കുകയും ചെയ്തു (ഹരിത/നീല വിപ്ലവങ്ങൾ).


രാജ്യത്തിന്റെ സുരക്ഷിത സോണിൽ പെട്ട (പാരിസ്ഥിതികമായി) സംസ്ഥാനമായിരുന്ന കേരളം പ്രകൃതി ക്ഷോഭങ്ങൾ വിട്ടുമാറാത്ത ഇടമായി മാറി ക്കഴിഞ്ഞു. ഒരു ഡസനോളം തരം മഴയും (ചാറ്റൽ മഴ, നൂൽമഴ, 21 ആം നമ്പർ മഴ, കാപ്പി മഴ etc) അടർന്നു വീഴാത്ത കൊടുമുടികളും വിവിധ തരം കാറ്റും ചാകരയും കായലും  പിണങ്ങാത്ത കടലും 12 മാസത്തെ മിത ശീലനായ സൂര്യനും പുതിയ ഭാവത്തിലേക്കു മാറി.ആഗോള താപനത്തിന്റെ സ്വാധീനം വിഷയത്തിൽ നിശ്ചിത പങ്കാളിത്തം വഹിക്കുന്നുണ്ട്. എന്നാൽ അതിലും എത്രയോ വലുതാണ് മലയാളി സമൂഹം ആഘോഷമായി കൊണ്ടു നടക്കുന്ന ഊഹ മൂലധനത്തിന്റെ ട്രാക്കിലൂടെയുള്ള വികസന അജണ്ടകൾ ക്ഷണിച്ചു വരുത്തുന്ന ദുരന്തങ്ങൾ. 


രാഷ്ട്രീയ പാർട്ടികൾ മുതൽ മത, സേവന സംഘങ്ങളും കമ്പനികളും വ്യക്തികളും വെച്ചു പുലർത്തുന്ന ഭൂവിനിയോഗം മുതൽ മരണാനന്തര ചടങ്ങുകൾ വരെ നിറഞ്ഞു നിൽക്കുന്നത് പ്രകൃതിയെ പരിഗണിക്കാതെയുള്ള മോഹ വ്യവഹാരങ്ങളാണ്.ഇത്തരം സമൂഹത്തിന്റെ പ്രതിനിധിയായ മുഖ്യമന്ത്രിയും പാർട്ടിയും ചരിത്രത്തിൽ ഒഴുക്കിനെതിരെ നീന്തിയവരായിരുന്നു എന്നു പറയാറുണ്ടെങ്കിലും ഇന്ന് , കേരളം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെ  അവഗണിക്കുവാനാണവർ ഇഷ്ടപ്പെടുന്നത്.ഇത്തരം ഒരു പശ്ചാത്തലത്തിൽ വേണം വെള്ളപ്പൊക്കത്തിന്റെ ആക്രമണത്തെ ശാസ്ത്രീയ മാർഗ്ഗങ്ങൾ കൊണ്ട് വൈകിപ്പിക്കുന്നതിൽ (Delayed  Disaster) വിജയം നേടിയ നെതർലണ്ടിലേക്കുള്ള മുഖ്യമന്ത്രിയുടെ  സന്ദർശനത്തെ നോക്കി കാണുവാൻ.


1998 ൽ ഒഡിസയിലുണ്ടായ കൊടും കാറ്റിൽ പെട്ട് 10000 മരണങ്ങൾ ഉണ്ടായ ഇടത്ത്, 2019 ൽ സമാനമായ സാഹചര്യത്തിലെ ദുരന്തത്തിന്റെ എണ്ണം 50 ൽ എത്തിക്കുവാൻ നാടിനു കഴിഞ്ഞു.1924 ലെ കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ ഇരകൾ 1000ത്തിലധികം ആയിരുന്നു.ജനസംഖ്യ പല മടങ്ങു വർദ്ധിച്ചിട്ടും എണ്ണം ആനുപാതികമായി കൂടിയില്ല.ദുരന്ത നിവാരണ വകുപ്പിന്റെ ക്ഷമതക്കപ്പുറം ജനങ്ങളുടെ ശാസ്ത്ര സാങ്കേതിക പിന്തുണയോടെയുള്ള കൂട്ടായ പ്രയത്നം (കോളജ് കുട്ടികൾ മുതൽ മത്സ്യ ബന്ധന തൊഴിലാളികൾ വരെ ) ദുരന്തത്തിന്റെ തോതു കുറച്ചു. ദുരന്ത മുഖത്തെ പ്രവർത്തനങ്ങൾക്കൊപ്പം പ്രധാനമാണ് ദുരന്തം ഒഴിവാക്കുവാനായി കൈ കൊള്ളേണ്ട ഹൃസ്വ / ദീർഘകാല പദ്ധതികൾ. അത്തരം വിഷയത്തിൽ നെതർലണ്ടിന്റെ നിലപാടും കേരളത്തിന്റെ നിലപാടും താരതമ്യം ചെയ്യുവാൻ  കേരള മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.


കുട്ടനാടിനും നെതർലണ്ടിനും നിരവധി സമാനതകളുണ്ട്.1287 ലെ വെള്ളപ്പൊക്കം (St. Lucia's ) ഒരു ലക്ഷം പേരെ നെതർലണ്ടിൽ കൊലപ്പെടുത്തി എങ്കിലും പ്രസ്തുത പ്രളയത്തിലൂടെയാണ് ആംസ്റ്റർഡാം നഗര ഭൂമി ഉയർന്നു വന്നത്.കുട്ടനാട് 1341 ലെ വെള്ളപ്പൊക്കത്തിന്റെ സൃഷ്ടിയായിരുന്നു. ഹോളണ്ട് 3 മുതൽ 23 അടി വരെ കടലിനടയിൽ സ്ഥിതി ചെയ്യുമ്പോൾ കുട്ടനാട് 7 മുതൽ 10 വരെയടി താഴ്ന്നു നിൽകുന്നു. നെതർലണ്ടിന്റെ രക്ഷക്കായി മൺകൂനകൾ (Dikes) (സ്വാഭാവികവും മനുഷ്യ നിർമ്മിതവുമായവ)പ്രവർത്തിക്കുമ്പോൾ കുട്ടനാടിന്റെ രക്ഷകൻ 4 KM വിസ്തൃതിയുള്ള,  ഒരു മീറ്റർ വരെ ഉയരമുള്ള, ആലപ്പുഴ എന്ന മൺതിട്ടയാണ്.1600 ച.കിമീറ്റർ വിസ്തൃതിയുള്ള കുട്ടനാട് : പമ്പ , അച്ചൻകോവിൽ, മണിമല, മിനച്ചിലാർ തുടങ്ങിയ 4 നദികളുടെ വെള്ളം സ്വീകരിക്കുന്ന , ആവർത്തിച്ച് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇടമാണ്.1954 ലെ വൈദ്യനാഥൻ കമ്മീഷൻ പമ്പയിലെയും അച്ചൻ കോവിലെയും വെള്ളം നേരെ കടലിൽ എത്തിക്കുവാനായി നിർദ്ദേശിച്ച(വിയ്യ പുരം മുതലുള്ള ചാനൽ ) തോട്ടപ്പള്ളി സ്പിൽ വേ ഭാഗികമായി പരാജയപ്പെട്ടു.ഉപ്പു വെള്ളക്കയറ്റത്തെ നിയന്ത്രിക്കുവാനായുള്ള തണ്ണീർമുക്കം ബണ്ട് സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി.) കുട്ടനാടിന്റെ പ്രശ്നങ്ങൾ നെതർലണ്ട് സഹായത്തോടെ പഠിച്ച വതിരപ്പിച്ചതിൽ,കുട്ടനാട്ടിൽ 55000 ഹെക്ടർ നെൽപ്പാടങ്ങളിൽ  ഉപയോഗിക്കുന്ന 25000 ടൺ വളം , 500 ടൺ കീടനാശിനിയും വരുത്തി വെക്കുന്ന അപകടത്തെ പറ്റി 1981ൽ വിവരിച്ചിരുന്നു.പത്തനംതിട്ട ,കോട്ടയം തുടങ്ങിയ ജില്ലകളിലെ തോട്ടങ്ങളിൽ പ്രയാേഗിക്കുന്ന വളം, കീടനാശിനികൾ  (ഇപ്പോൾ കളനാശിനിയും) മുകളിൽ പറഞ്ഞതിനു പുറമേ പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കി. മത്സ്യങ്ങളിലും ഞണ്ട് ,കൊഞ്ച് എന്നിവയിലും അനുവദനീയമായ അളവിന്റെ  10 ഇരട്ടി വരെ കിടനാശിനി സാനിധ്യം ഉള്ളതായി കണ്ടു .5 ലക്ഷം ആളുകളിൽ 40% വും അഴുക്കു വെള്ളത്തെ ആശ്രയിക്കുവാൻ 80കളിൽ നിർബന്ധിതമായിരുന്നു. 30 വർഷം പഴക്കമുള്ള നെതർലണ്ട് KPCB റിപ്പോർട്ടിൽ ഒരു നടപടിയും സർക്കാർ കൈകൊണ്ടില്ല.1991ലെ മത്സ്യങ്ങൾ കൃട്ടത്തോടെ മരിച്ചു പൊങ്ങിയതും അതിനു ശേഷം താറാവുകൾക്കുണ്ടായ നാശവും കാൽ നൂറ്റാണ്ടിനു മുൻപുള്ള ആശങ്കകളെ ശരിവെക്കുന്നു. ഏറ്റവും അവസാനമായി എത്തിയ സ്വാമിനാഥൻ കമ്മീഷൻ നിർദ്ദേശങ്ങൾ അട്ടിമറിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ ഒറ്റകെട്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ വേണം നെതർലണ്ട്  പ്രകൃതി ദുരന്തത്തെ പ്രതിരോധിക്കുവാൻ എടുത്ത സമീപനങ്ങളും  കുട്ടനാടിനെ സംരക്ഷിക്കുവാൻ കൈ കൊണ്ട തീരുമാനങ്ങളും  പരിശോധിക്കേണ്ടത്.


മലയിടിച്ചിൽ കൊണ്ടു കുപ്രസിദ്ധി നേടിയ ശ്രീലങ്കയിലെ Retina Pura ജില്ലയുടെ പുനരുദ്ധാരണ പ്രവർത്തനത്തെ  മലനാടുമായി ബന്ധപ്പെട്ട നിർമ്മാണത്തിൽ  ശ്രദ്ധിക്കണമെന്ന പോലെ  കുട്ടനാടിന്റെ ഭാവിയിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ  നിരവധിയാണ്.


2018 വർഷത്തെ വെള്ളപ്പൊക്കത്തെ അടിസ്ഥാന രേഖയായി കണ്ടു കൊണ്ട് മാത്രം എവിടെയും നിർമ്മാണങ്ങൾ. നദികൾക്ക് സ്വാഭാവികമായി ഒഴുകുവാൻ അവസരം ഉണ്ടാകുന്ന തരത്തിൽ മാത്രം  ബണ്ടുകൾ.കുട്ടനാടിനായി (ആലപ്പുഴ)ക്കായി പ്രത്യേകം നിർമ്മാണ ചട്ടങ്ങൾ.ക്ലസ്റ്റർ വീടുകൾ.


ജലയാനങ്ങൾക്കു നിയന്ത്രണം പരിസ്ഥിതി സൗഹൃദവും മലിന രഹിതവുമായ ടൂറിസം. (Carbon NeutraITourism)


നെൽപ്പാടങ്ങളെ പുനസ്ഥാപിക്കുവാൻ പരമാവധി ശ്രമങ്ങൾ, കഴിയാത്ത ഇടങ്ങളിൽ വെള്ളം കയറി ഇറങ്ങുവാൻ അവസരം ഉണ്ടാക്കൽ,  ജൈവ കൃഷി രീതികൾ, ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കൽ. തെങ്ങുകൃഷി പ്രാേത്സാഹിപ്പിക്കൽ , നീര,കയർ  നിർമ്മാണ പദ്ധതി ലോക മാർക്കറ്റിനെ മുന്നിൽ കണ്ട്.


തീരദേശ ഖനനം പഠനങ്ങൾക്കു ശേഷം മാത്രം. അതിന്റെ പ്രധാന ഗുണ ഭോക്താക്കൾ തീരദേശവാസികളായിരിക്കുവാൻ ശ്രദ്ധ
കടൽ തീരങ്ങളിൽ മൺതിട്ടകൾ രൂപപ്പെടുത്തൽ (Sand dunes )

 
പുതിയ വീടു നിർമ്മാണങ്ങൾ പരാമവധി പരിസ്ഥിതി സൗഹൃദമാക്കുവാൻ സർക്കാർ മുൻകൈ ..


FACT പുറത്തിറക്കുന്ന GFRG (Glass Fiber Reinforced Gypsum) മുതലായ സാമഗ്രഹികളെ പരിഗണിക്കൽ. നിർമ്മാണ സാമഗ്രഹികൾ,   സാങ്കേതിക രീതികൾ എന്നിവ തെരഞ്ഞെടുക്കുന്നതിൽ  ജനകീയ സമിതികൾ നേതൃത്വപരമായ പങ്കുവഹിക്കൽ.


Sacrificial floor house: ഒന്നാം നിലയിൽ വെള്ളം കയറിയാലും ഇറങ്ങി പോകാൻ സൗകര്യമൊരുക്കുക,രണ്ടാം നില താമസ സൗകര്യത്തിന്    


Stilt houses:. നീളമുള്ള ടsteel ,അലുമിനിയം റോഡുകൾക്കു മുകളിൽ വീടുകൾ പണിയൽ .


Floating houses: കടൽ നിരപ്പിനും താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാട്ടിൽ നിർബന്ധമായും  (നെതർലന്റ് / ക്യനേഡിയൻ മാതൃകകളെ പഠിച്ച്) നാടിന്റെ സാങ്കേതികളെ കൂടി പരിഗണിക്കുന്ന പദ്ധതികൾ .
മഴക്കാലത്തെ വെള്ളപ്പൊക്കം നിയന്ത്രിക്കുവാൻ  Road to River പദ്ധതി.


കടൽ തീരങ്ങളിൽ ജപ്പാൻ നടപ്പിൽ കൊണ്ടുവന്ന 5 തരം കാടുകൾ.അവിടെ കാറ്റ്, മണൽ കാറ്റ്, ഉപ്പ് കാറ്റ്, ജലകണങ്ങളെ തടയുന്ന മരങ്ങൾ.


ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അഴിമതിക്കാരെ ക്രിമിനൽ വകുപ്പിൽ പെടുത്തി താമസം വിനാ ജയിലടക്കുവാൻ പ്രത്യേക നിയമനിർമ്മാണം ,  അതിനായി കോടതി.


വെള്ളപ്പൊക്കം ,മറ്റു പ്രകൃതി ദുരന്തങ്ങളെ നേരിടുവാൻ ഗ്രാമതരത്തിൽ പരിശീലനം ലഭിച്ച ജല സേന.പകർച്ച വ്യാധികളെ തടയൽ


ഇവയിൽ പലതും വിജയകരമായി നടപ്പിലാക്കുവാൻ നെതർലണ്ടിനു കഴിഞ്ഞത് അവർ തീരദേശ സംരക്ഷണത്തിനും ജലാശയങ്ങൾക്കും ജീവജാലങ്ങളുടെ നിലനിൽപ്പിനും നൽകിയ പ്രത്യേക പരിഗണനകളാണ്. കേരളത്തിന്റെ തീരസംരക്ഷണ രംഗത്ത്  സർക്കാർ നടത്തിവരുന്ന അട്ടിമറികൾ, കായൽ നികത്തൽ, നദികളുടെ തീരങ്ങൾ ഒഴിച്ചിടലിലുള്ള  വിമുഖത ( ജൈവ സാനിധ്യത്താൽ സംരക്ഷിക്കൽ) മാലിന്യ വിമുക്തമായ ജലാശയവും കണ്ടൽ കാടുകൾ നിറഞ്ഞ തീര സങ്കല്പവും ആലപ്പാട് തുടങ്ങിയ തീരങ്ങളിലെ ഘനനങ്ങൾ അവസാനിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ (ഏറ്റവും അവസാനമായി ശാന്തി വനത്തോട്  സർക്കാർ കൈകൊളളുന്ന സമീപനങ്ങൾ ) വഴിപിഴച്ച നിലപാടുകൾ തുടരുന്ന ശ്രീ പിണറായിക്കും സമാന ചിന്താഗതിക്കാർക്കും നെതർലണ്ട് മാതൃകയോട് എന്തു നിലപാടാണു സ്വീകരിക്കുവാൻ കഴിയുക ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment