പുതിയ കാലത്തിൽ നമുക്ക് വേണ്ടത് ഗ്രാമ സ്വരാജല്ല, ഗ്രീൻ സ്വരാജ് ആണ്




ആമുഖം


ഓരോ മനുഷ്യൻ്റെയും വാക്കും ചിന്തയും പ്രവർത്തിയും ജീവിതവും പരിസ്ഥിതി സൗഹൃദമാകാതെ നമുക്കിനി മുന്നോട്ട് പോകാൻ കഴിയില്ല. ഭൂമിയ്ക്ക് ചുറ്റുമുള്ള ജൈവ മണ്ഡലത്തിലെ ഒരു കണ്ണി മാത്രമാണ് താനെന്നു് അംഗീകരിച്ചു കൊണ്ട് ജീവിക്കാൻ പഠിക്കണമെന്ന് കോവിഡ് കാലം നമ്മ പഠിപ്പിയ്ക്കുന്നു. ഓർമ്മിപ്പിയ്ക്കുന്നു. വൈറസുകളും നമ്മുടെ കൂടപ്പിറപ്പാണെന്നു് അറിയണം.


പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമായി മറ്റൊരു ലോകം സൃഷ്ടിച്ചു കൊണ്ട് ഭൂമിയിൽ ജീവിക്കുന്നത് മനുഷ്യൻ മാത്രമാണ്. അവനു് / അവൾക്ക് മാത്രമാണ് സർവ്വ രോഗങ്ങളും.ദുരന്തങ്ങളും.കോവിഡ് കാലത്തും മറ്റു ജീവജാലഞൾ സർവ്വ സ്വതന്ത്രരായി ജീവിയ്ക്കുന്നത് നാം കാണുക തന്നെ വേണം. മനുഷ്യനു ചുറ്റുമെന്നത് പ്രകൃതിയ്ക്കു ചുറ്റുമെന്ന് അടിവരയിട്ട് ഉറപ്പിക്കണം. അവിടെ നിന്ന് വേണം ഗ്രീൻ സ്വരാജ് പിറവിയെടുക്കേണ്ടത്. 


പരിസ്ഥിതി സൗഹൃദ സ്വയംപര്യാപ്ത ഗ്രാമങ്ങളാണ് ഗ്രീൻ സ്വരാജ് വിഭാവനം ചെയ്യുന്നത്. വികേന്ദ്രീകരണത്തിൻ്റെ വിസ്തൃതമായ ആകാശത്തിലാണ് ഗ്രീൻ സ്വരാജ് പൊട്ടി വിടരുക. ഭൂമിയെ നോവിക്കാത്ത പുരോഗതിയിലൂടെ, പരിസ്ഥിതി സൗഹൃദ നിർമ്മിതികളിലൂടെ, ഒരു ഗ്രാമത്തിനു വേണ്ട സകലതും ആ ഗ്രാമത്തിൽ തന്നെ ഉല്പദിപ്പിച്ചു കൊണ്ട്, സകല മനുഷ്യരും ആഹ്ളാദം അനുഭവിച്ചുകൊണ്ട്, പുരോഗതിയുടെ അളവുകോൽ ജനങ്ങളുടെ ആഹ്ളാദമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട്, സമസ്തവും സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കി കൊണ്ട്, ഓരോ വീടും ഉല്പാദന കേന്ദ്രങ്ങളാക്കി കൊണ്ട്, അധികാരം ജനങ്ങൾക്കാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട്, ജാതി-മത-ദേശ- ലിംഗ-ഭേദങ്ങൾക്കതീതമായി പ്രവർത്തിച്ചുകൊണ്ട്, ജനങ്ങൾക്ക് അംഗങ്ങളെ തിരിച്ചുവിളിയ്ക്കാൻ അധികാരം നൽകി കൊണ്ട്, ഒരു മാതൃകാ പഞ്ചായത്ത് ഈ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നമുക്ക് സൃഷ്ടിക്കാൻ കഴിയുമോ എന്നതാണ് ഈ ചർച്ചയുടെ കാതൽ എന്ന് ഞാൻ കരുതുന്നു. 


ഒരു ജില്ലയിൽ ഒന്നു എന്ന നിലയിൽ 14 ഗ്രീൻ സ്വരാജ് പഞ്ചായത്തുകൾ നമുക്കുണ്ടാക്കാൻ കഴിഞ്ഞാൽ കേരളത്തിൻ്റെ ചരിത്രം നമുക്ക് മാറ്റിയെഴുതാൻ കഴിയും. ഭരണകൂടങ്ങൾ കരുണാമയമാവുന്ന ഒരു കാലത്തിൻ്റെ പിറവിയ്ക്കായി രണ്ടു ദിവസത്തെ ചർച്ച മാറട്ടെ എന്നാശംസിയ്ക്കുന്നു. മാറ്റം നമ്മളിൽ നിന്നും വരട്ടെ .ഗാന്ധിയാണ് നമ്മുടെ ഊർജ്ജം:, ഇത്രയും ജൈവികമായ, ചലനാത്മകമായ, സർഗ്ഗാത്മകമായ ചിന്ത വേറൊന്നില്ല.


ലോകത്തിലെ മാതൃകകളുടെ പിൻബലത്തിൽ കേരളത്തിൽ കുറെ മാതൃകകൾ, വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ കഴിയുമോ എന്നതാണ് പ്രധാനം. എല്ലാ അധികാരവും ജനങ്ങൾക്ക് വിട്ടു നൽകി 72 ദിവസം ലോകത്തെ മാറ്റിമറിച്ച പാരീസ് കമ്യൂണിൻ്റെ ജ്വലിക്കുന്ന മാതൃക നമുക്കു് മുന്നിലുണ്ട്.റഷ്യൻ വിപ്ലവത്തിൻ്റെയും ചൈനീസ് വിപ്ല വത്തിൻ്റെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെയും മാസ്മരിക മുദ്രവാക്യം അധികാരം ജന ങ്ങൾക്കെന്നായിരുന്നു.എല്ലാ അധികാരവും സോവിയറ്റുകൾക്ക്‌, എല്ലാ അധികാരവും കമ്മ്യൂണകൾക്ക്, എല്ലാ അധികാരവും ഗ്രാമ സ്വരാജിന് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉണ്ടാക്കിയ ചലനം വളരെ വലുതായിരുന്നു. ഹ്യൂഗോ ഷാവേസിൻ്റെ ബൊളീവിറിയൻ സർക്കിളുകളും മറ്റൊന്നല്ല പറയുന്നത്. കേരളമാതൃകകളുടെ ചാലക ശക്തിയാകാൻ നമുക്ക്  കഴിയുമോ എന്നതാണ് പ്രധാനം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment