തെരഞ്ഞെടുപ്പ് മാനിഫെസ്​റ്റോകളില്‍​ വികസനത്തിന്‍റെ മറവില്‍ പൈതൃകവും പരിസ്ഥിതിയും തകരുന്ന നിലപാടുകൾ: എന്‍.എസ്​ മാധവന്‍




കോഴിക്കോട്​: തെരഞ്ഞെടുപ്പിന്​ മുന്നോടിയായി കേരളത്തില്‍ അവതരിപ്പിക്കപ്പെടുന്ന മാനിഫെസ്​റ്റോകളില്‍​ വികസനത്തിന്‍റെ മറവില്‍ പൈതൃകവും പരിസ്ഥിതിയും തകരുന്ന നിലപാടുകളാണുള്ളതെന്ന്​ എഴുത്തുകാരനും സാഹിത്യകാരനുമായ എന്‍.എസ്​ മാധവന്‍. കേരള വികസനത്തിന്​ നൂതനവും ബൃഹത്തുമായ പല പദ്ധതികളും മാനിഫെസ്​റ്റോകളിലുണ്ടാകും. എന്നാല്‍ ചില സ്​മാരകങ്ങള്‍ നിര്‍മ്മിക്കുക എന്നതില്‍ കൂടുതലായൊന്നും പൈതൃക​​ത്തെക്കുറിച്ചു മാനിഫെസ്​റ്റോകളില്‍ പറയാറില്ല. ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.


രാഷ്​ട്രീയ പാര്‍ട്ടികളുടെ മുന്‍ഗണനാക്രമത്തില്‍ അവ ഉള്‍പ്പെടാത്തതാണ്. രാഷ്​ട്രീയ പാര്‍ട്ടികള്‍ പരിസ്​ഥിതിയെ മന:പൂര്‍വം ഒഴിവാക്കുന്നതിന്​ കാരണം വിവാദങ്ങള്‍ സൃഷ്​ടിച്ചേക്കുമെന്ന ഭയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച നിയമച്ചട്ടക്കൂട്​ നമുക്കുണ്ടായിട്ടും, തെരഞ്ഞെടുപ്പ്​ ഫല​ത്തെബാധിക്കുമെന്നത്​ കൊണ്ടാണ് പശ്ചിമഘട്ടം, പരിസ്ഥിതിലോല പ്രദേശങ്ങള്‍, മാധവ്​ ഗാഡ്​ഗില്‍ റിപ്പോര്‍ട്ട്​ എന്നിവയെക്കുറിച്ച്‌​ സംസാരിക്കാന്‍ പാര്‍ട്ടികള്‍ വിമുഖരാകുന്നത്​. ഇത്​ രണ്ടര്‍ത്ഥത്തില്‍ ഇടുങ്ങിയ ചിന്താഗതിയാണ്​​. 


ആദ്യത്തേത്​ പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ അതുവിനാശത്തിലേക്ക്​ വഴിവെയ്​ക്കും. രണ്ടാമത്തേത്​ ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി രാഷ്​ട്രീയത്തിനും സ​​ീകാര്യത കൂടിക്കൊണ്ടിരിക്കുന്നു- പ്രത്യേകിച്ചു നവവോട്ടര്‍മാരുടെ ഇടയില്‍. പല യൂറോപ്യൻ രാജ്യങ്ങളിലും പരിസ്ഥിതി പാര്‍ട്ടികള്‍ പ്രബലമാണ്​. കേരളത്തിലെ രാഷ്​ട്രീയ പാര്‍ട്ടികളും 'ഗ്രീന്‍' രാഷ്​ട്രിയ പറയേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.


പൈതൃകത്തെ തകര്‍ക്കുന്ന പല ദു:ഖകരമായ സംഗതികള്‍ നമ്മുടെ ചുറ്റുപാടും നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു​. ആവിക്കപ്പലുകളുടെ കാലത്തു കല്‍ക്കരി സൂക്ഷിച്ചിരുന്ന നാല്​ നുറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന്​ പറയുന്ന ഫോര്‍ട്ട്​ കൊച്ചിയിലെ കരിപ്പുര എന്ന കെട്ടിടം ഈയിടെയാണ്​ വാട്ടര്‍ മെട്രോയ്​ക്ക്​ വേണ്ടി തകര്‍ക്കപ്പെട്ടത്​. പ്രതിമയെപ്പോലെ തന്നെ അതിനു ചുറ്റുമുള്ള ലാൻഡ്‌സ്‌കപ്പും   പ്രധാനമാണെന്നത്​ മറന്ന്​ തിരുവനന്തപുരത്ത്​ കാനായി കുഞ്ഞിരാമന്‍റെ മത്സ്യകന്യക എന്ന ശില്‍പത്തിനു ചുറ്റും ഹെലിക്കോപ്പ്​റ്റര്‍ സ്ഥാപിച്ച്‌​ ആ ചുറ്റുപാടിനെ വികൃതമാക്കി. 


ഇതിനൊക്കെ കാരണം വികസിക്കുന്ന നഗരങ്ങളെ സംബന്ധിച്ച്‌​ കൃത്യമായ പൈതൃക നയം നമ്മുക്കില്ലാത്തത്​ കൊണ്ടാണ്​ എന്നും അദ്ദേഹം എഴുതുന്നു. വികസനത്തെ ​സൗന്ദര്യവും ചരിത്രവുമായി കൂട്ടിയിണക്കുന്ന പൈതൃകനയം രാഷ്​ട്രീയ പാര്‍ട്ടികള്‍ ഇത്തവണ വാഗ്​ദാനം ചെയ്യുമെന്ന്​ കരുതുന്നുവെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment