'ഒഴുകണം പുഴകൾ'; കേരളത്തിന്റെ ജലസുരക്ഷ ഉറപ്പ് വരുത്താൻ രണ്ട് മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ




കേരളത്തിന്‍റെ നദികളും രാജ്യത്തെ മറ്റു നദികളെ ഓര്‍മ്മിപ്പിക്കും വിധം ഒഴുക്ക് നിലച്ച്, വീതി കുറഞ്ഞ്, ഗര്‍ത്തങ്ങള്‍ ഉണ്ടായി, മാലിന്യങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടി, ലക്ഷ്യത്തില്‍ എത്തുവാന്‍ കഴിയാതെ മരണ സമാനമോ മരണത്തില്‍ തന്നെ എത്തിയതോ ആയി കഴിഞ്ഞ അവസ്ഥയിലാണ്. നദികള്‍ ഉത്ഭവിക്കുന്ന കാടുകള്‍, കുന്നുകള്‍ എന്നിവിടെ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും നദികളുടെ സ്വഭാവത്തേ പ്രതികൂലമായി ബാധിക്കും. അതിന്‍റെ തിക്ത ഫലങ്ങള്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ മുതല്‍ വടക്കന്‍ ജില്ലയിലെ തേജസ്വിനി നദിവരെ അനുഭവിക്കുന്നു.നദികളുടെ ഘടന ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെ പ്രതിസന്ധികള്‍ നാടിനുണ്ടാക്കി എന്ന് മനസ്സിലാക്കുവാന്‍ കിട്ടിയ അവസരമായിരുന്നു പ്രളയം. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ പഴയ നിലപാടുകളില്‍ ഒരു മാറ്റവും ഉണ്ടാക്കില്ല എന്ന് തെളിയിക്കുന്നതാണ് അവരുടെ നവ കേരളനിര്‍മ്മാണ സമീപനങ്ങളും.


മരിക്കുന്ന നദികള്‍ കേരളത്തിന്‍റെ ചരമക്കുറിപ്പ് എഴുതുകയാണ് എന്ന് മനസ്സിലാക്കുവാന്‍ ആര്‍ക്കും എളുപ്പത്തില്‍ കഴിയേണ്ടതാണ്. ഹാരപ്പയും പേര്‍ഷ്യന്‍ സംസ്കാരവും അവരുടെ നദികളുടെ അന്ത്യത്തിലൂടെ നാമവിശേഷമായിഎന്ന് ചരിത്രം ഓര്‍മ്മിപ്പിക്കുന്നു.കേരളത്തിനും അത്തരം ഒരു വിധി വരുത്തുവാന്‍ നമ്മള്‍ അനുവദിച്ചു കൊടുക്കരുത്.


ജലസമൃദ്ധമായിരുന്നു കേരളം. മഴയും പുഴയും, മലയും കാടും, കായലും കുളവും നെല്‍വയലും ചേര്‍ന്നൊരുക്കിയ ജലസമൃദ്ധി ഇന്ന് പക്ഷേ ഓര്‍മ്മ മാത്രമാണ്. വര്‍ഷത്തില്‍ 6 മാസം വരെ ജലദൗര്‍ലഭ്യമോ ക്ഷാമമോ നേരിടുന്ന സംസ്ഥാനമായി കേരളം മാറി. കാലാവസ്ഥാവ്യതിയാനം ജലസ്ഥിതി അതിരൂക്ഷമാക്കും എന്നാണ് മുന്നറിയിപ്പുകള്‍. 


വര്‍ഷം മുഴുവന്‍ തെളിനീരുമായി ഒഴുകിയിരുന്ന പുഴകളായിരുന്നു ഈ സമൃദ്ധിയുടെ അടിസ്ഥാനഘടകം. കഴിഞ്ഞ 4 പതിറ്റാണ്ടിനിടെ നമ്മുടെ പുഴകള്‍ മഴക്കാലത്ത് മാത്രമൊഴുകുന്നവയായി മാറിയിരിക്കുന്നു. പുഴകളെ പരിപോഷിപ്പിച്ചിരുന്ന നീര്‍ച്ചാലുകളെല്ലാം മഴ കഴിഞ്ഞാലുടന്‍ വറ്റിപ്പോകുന്നു. 


നമുക്ക് കേരളത്തിന്റെ ജലസുരക്ഷ ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. മണ്ണിനും മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ശുദ്ധജലം ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഇതിനായി പുഴയൊഴുക്കിന്റെ പഴയ ചരിത്രം സമൂഹത്തിന്റെ സ്മൃതിമണ്ഡലത്തില്‍ തിരികെ കൊണ്ടുവരേണ്ടിയിരിക്കുന്നു. എന്നിട്ട് ഭാവിജലസുരക്ഷയ്ക്കായി നമ്മുടെ പുഴകള്‍ വീണ്ടും നിര്‍മ്മലമായി അനുസ്യൂതമൊഴുകണം എന്ന് ഉറപ്പിച്ചുപറയേണ്ടിയിരിക്കുന്നു. അതിനായി യത്‌നിക്കേണ്ടിയിരിക്കുന്നു. 


ഈ ലക്ഷ്യം മുന്‍നിര്‍ത്തി ' ഒഴുകണം പുഴകള്‍' എന്ന പേരില്‍ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന സംസ്ഥാനതല ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്. സെമിനാറുകള്‍, ശില്പശാലകള്‍, പ്രദര്‍ശനങ്ങള്‍, കലാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആലോചിക്കുന്നത്. സംസ്ഥാനത്തെ നൂറുകണക്കിന് വിദ്യാലയങ്ങളില്‍ ഈ വിഷയത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. 


ജനുവരി 22ന് തുടങ്ങി മാര്‍ച്ച് 22ന് ലോകജലദിനത്തില്‍ സമാപിക്കുന്ന ക്യാംപെയ്ന്‍ പുഴകള്‍ക്കായി തന്റെ ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിച്ച ഡോ. എ ലതയ്ക്കുള്ള ആദരമായി ഫ്രണ്ട്‌സ് ഓഫ് ലത ആണ് സംഘടിപ്പിക്കുന്നത്. സംഘാടകസമിതി രൂപീകരണയോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. 


ബന്ധങ്ങൾക്ക്:
 എസ് പി രവി (9447518773)
സബ്‌ന എ ബി    (9847260703)    
എം മോഹന്‍ദാസ് (9895977769)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment