പ്രകൃതിയെ മറക്കുന്ന രാഷ്‌ട്രീയ പാർട്ടികൾക്കുള്ള മറുപടിയാണ് പാലായിലെ മജുവിന്റെ സ്ഥാനാർത്ഥിത്വം 




കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം ഗൗരവതരമായി ചർച്ച ചെയ്യാറുണ്ട് എന്നാൽ രാഷ്ട്രീയ അജണ്ടകളിൽ പരിസ്ഥിതിക്ക് പരിഗണന നൽകുവാൻ താൽപ്പര്യം കാണിക്കാത്ത രാഷ്ട്രീയ നേതൃത്വങ്ങൾ, പരിസ്ഥിതി വാദത്തെ വികസനത്തിന്റെ ശത്രു പാളയത്തിൽ നിർത്തുവാനാണ് ഇഷ്ട്ടപെടുന്നത്. വെള്ളപ്പൊക്കത്തെ നൂറ്റാണ്ടിന്റെ സംഭവമായും ഉരുൾപൊട്ടൽ സ്വാഭാവിക പ്രതിഭാസമായും നോക്കി കാണാൻ മാത്രമേ 2018ലെ വൻ പ്രളയത്തിനു ശേഷവും സംസ്ഥാനത്തെ നേതാക്കൾക്കു കഴിയുന്നുള്ളു. കാടും പുഴയും കുളവും കായലും തകർത്തുള്ള പദ്ധതികളെ തള്ളി പ്പറയുവാൻ മടിച്ചു നിൽക്കുന്ന രാഷട്രീയക്കാർ, പ്രകൃതി സംരക്ഷണത്തെ പറ്റി തെറ്റായ വിലയിരുത്തലുകൾ നടത്തി, വിഭങ്ങളുടെ കൊള്ള തുടരുവാൻ ചിലരെ പ്രാപ്തമാക്കുകയാണ്.പരിസ്ഥിതിയുമായി ബന്ധപ്പെട്ട് അവർ ഉയർത്തിയ  വാഗ്ദാനങ്ങളെ പാേലും മറക്കുവാൻ  പാർട്ടിക്കാർ മടിക്കുന്നില്ല. പാല തെരഞ്ഞെടുപ്പിലും പഴയകാലത്തെ ഓർമ്മിപ്പിക്കും വിധം ഇത്തരം പ്രവണതകൾ ശക്തമാണ്.


മീനച്ചിലാറിന്റെ തീരമായ പാലയിൽ നടക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ മീനച്ചിലാറിന്റെയും കൈവഴികളുടെയും ശോഷണവും തീരങ്ങളിലെ വൻ വെള്ളപ്പൊക്കവും വരൾച്ചയും കർഷകരുടെ മറ്റു പ്രതിസന്ധികളും ചർച്ച ചെയ്യുവാൻ  വ്യത്യസ്ത രാഷട്രീയ നേതാക്കൾ താൽപ്പര്യം കാട്ടുന്നില്ല. പാല നിയോജക മണ്ഡലത്തിൽ പെട്ട 12 പഞ്ചായത്തുകളിൽ നടക്കുന്ന അനധികൃതവും നിയമങ്ങളെ പരിഗണിക്കാത്ത അധികൃത ഖനനവും പരിസ്ഥിതിക്കുണ്ടാക്കുന്ന ദുരന്തങ്ങളെ വർദ്ധിപ്പിച്ചു. ഈ വിഷയത്തിലെ വിവിധ പാർട്ടികളുടെ നിലപാടുകൾ മനുഷ്യാവകാശ ലംഘനങ്ങൾക്ക് സഹായകരമായി മാറിക്കഴിഞ്ഞു.നിയമങ്ങളെ കാറ്റിൽ പറത്തിയാണ് ഭരണങ്ങാനം, മേലുകാവ്, തലപ്പുറം, കടനാട്, രാമപുരം പഞ്ചായത്തുകളിലെ മലനിരകൾ ഖനനതിനായി ചിലർ സ്വന്തമാക്കിയത് .  പ്രകൃതിസംരക്ഷണത്തിനും അതുവഴി ജനങ്ങൾക്കും മറ്റു ജീവിവർഗ്ഗത്തിനും ഭീഷണിയാകുന്ന ശക്തികളെ ഒറ്റപ്പെടുത്തുവാൻ ഉപകരിക്കേണ്ടതാണ് നമ്മുടെ ജനാധിപത്യം.


മീനച്ചിലാറിന്റെ തീരത്തെ ഫല ഭൂയിഷ്ഠമായ മണ്ണിൽ നെല്ലും മറ്റ് ഭക്ഷ്യ വിളകളും റബ്ബറും മറ്റ് നാണ്യവിളകളും വിജയകരമായി കൃഷി ചെയ്തു വന്നിരുന്നു. എന്നാൽ ആറിന്റെ ഘടനയിലുണ്ടാക്കിയ മാറ്റം , മഴയുടെ പുതിയ പ്രവണതകൾ,  വെള്ളപ്പൊക്കവും വരൾച്ചയും ഒക്കെ കർഷകരുടെ ജീവിതത്തെ പ്രതികൂലമാക്കി. റബ്ബർ തുടങ്ങിയവയുടെ വില തകർച്ച ജനങ്ങളെ വലച്ചു കൊണ്ടിരിക്കുന്നതിനു പിന്നിൽ ഭൂഘടനയുടെ തകർച്ച മുഖ്യ പങ്കുവഹിച്ചു.


മീനച്ചിലാറിന്റെ തീരങ്ങളിലെ  ഭരണങ്ങാനം, രാമപുരം, കടനാട് മുതലായ പഞ്ചായത്തുകളിലെ മലനിരകളെ, ഭൂപരിഷ്ക്കരണത്തെ നോക്കു കുത്തിയാക്കി കൊണ്ട് ,ചിലർക്ക്  കൈവശം വെക്കുവാനായി  ത്രിതല പഞ്ചായത്തു മുതലുള്ള സർക്കാർ സംവിധാനങ്ങൾ എന്നും മുന്നിലുണ്ട്. അവർക്ക് രാഷ്ട്രീയ പാർട്ടികൾ സഹായം നൽകുവാൻ മടിക്കുന്നില്ല.സംസ്ഥാനത്തെ പാറ ഖനന മുതലാളിമാർ മാഫിയ സ്വഭാവത്തിൽ സജ്ജീവമായി പ്രവർത്തിക്കുന്ന പാലയിലും മലനിരകൾ വെട്ടിമുറിച്ച് ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും ജല ക്ഷാമത്തിനും മറ്റും വേദി ഒരുക്കി . 


വിശ്വാസികളുടെ പുണ്യഭൂമി കുടിയായ തേവർ മലയിലെ നിബിഡ വനത്തിന്റെ നിലനിൽപ്പിനു ഭീഷണിയാകും വിധം ഖനനം നടക്കുമ്പോൾ അതിനെ പ്രതിരോധിക്കുവാൻ സർക്കാർ മടിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത് നിക്ഷിപ്ത താൽപ്പര്യങ്ങളാണ്. കോട്ടയം ജില്ലയുടെ ഏറ്റവും ഉയരമുള്ള നാടുകാണി മല 7 ജില്ലകളും കടലും കാണാൻ കഴിയുമാറ് ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. മലകളിൽ ജീവിച്ചു വന്ന ഉടുമ്പ് മുതലായ വന്യജീവികൾ നാമാവിശേഷമായി. മലനിരയുടെ നില നിൽപ്പിന് ഭീഷണിയാകും വിധം ഖനനങ്ങൾ തുടരുന്നു. ഇത്തരം ഖനനം ജലസമൃദ്ധമായ ഗ്രാമങ്ങളെ മഴക്കാലം കഴിഞ്ഞാൽ വെള്ളം ലഭിക്കാത്ത നാടാക്കി മാറ്റി. പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റൊന്നിന്  പ്രതി ദിനം 22000 ലിറ്റർ വെള്ളം ഉപയോഗിക്കുവാൻ പഞ്ചായത്തുകൾ അനുവാദം നൽകിയപ്പോൾ  ജലക്ഷാമം ഏറെ വർദ്ധിച്ചു.


ഖനന രംഗത്തെ തെറ്റായ പ്രവണതകൾ സമാന്തര സാമ്പത്തിക ലോകം തീർത്തു കൊണ്ട് കേരളത്തിന്റെ പൊതുജീവിതത്തിലും രാഷ്ട്രിയ, ഉദ്യോഗ രംഗത്തും തെറ്റായ പ്രവണതകൾ ഉണ്ടാക്കി വരികയാണ്. ഒരേ സമയം പ്രകൃതിയെ നശിപ്പിക്കുകയും പൊതു ഖജനാവിലേക്ക് എത്തേണ്ട പതിനായി രക്കണക്കിന് കോടി രൂപ കൈക്കലാക്കുകയും കൃഷി അസാധ്യമാക്കുകയും ചെയ്യുന്ന ഖനന മാഫിയകൾ റോഡു നിയമങ്ങളെയും മറ്റും പരസ്യമായി വെല്ലുവിളിക്കുവാൻ മടിക്കുന്നില്ല.പുതിയ ആരോഗ്യ പ്രശ്നങ്ങൾ വളർന്നു വരുകയാണ്. ഇവരുടെ മുന്നിൽ സർക്കാർ സംവിധാനവും നേതാക്കളും നിശബ്ദരാകുമ്പോൾ സാധാരണക്കാരുടെ ജീവിതം വഴിമുട്ടുകയായി.


മീനച്ചിലാറിന്റെ കൈവഴികളായ ളാലം തോടും കളത്തുക്കടവ് ആറും ഉത്ഭവിക്കുന്ന ഇടങ്ങളിൽ ഉണ്ടാകുന്ന നശീകരണം മീനച്ചിലാറിന കൂടുതൽ ദുരിതത്തിലെത്തിച്ചു. രാമപുരം പഞ്ചായത്തിലെ കോട്ട മലയും കടനാട് പഞ്ചായത്തിലെ മറ്റത്തിപ്പാറയും പൊട്ടിച്ചു മാറ്റാനുള്ള ശ്രമത്തിനെതിരെ സമരം നടത്തി വിജയിച്ച മീനച്ചിൽ മലയോര സംരക്ഷണ സമിതി പാല നിയോജകണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി പരിസ്ഥിതി സംരക്ഷണത്തെ മുൻ നിർത്തി പ്രവർത്തിക്കുന്നു. പ്രസ്തുത സംഘടനയുടെ പ്രതിനിധിയായ ശ്രീ.മജു പുത്തൻകണ്ടത്തിന്റെ നിയമസഭയിലേക്കുള്ള മത്സരം അതു കൊണ്ടു തന്നെ പാലയുടെ പ്രകൃതിക്കും കാർഷിക ലോകത്തിനും പ്രകൃതി ദുരന്തങ്ങൾക്കെതിരായി ഉയർന്നു വരേണ്ട രാഷ്ട്രീയ നിലപാടുകൾക്കു വേണ്ടിയുള്ളതാണ്. അത്തരം ഒരു രാഷ്ട്രീയത്തിനു മാത്രമേ കേരളത്തിന്റെ ഭാവിയെ രക്ഷിക്കുവാൻ കഴിയൂ. പ്രകൃതി സംരക്ഷണത്തെ ലാഘവ ബുദ്ധിയോടെ പരിഗണിക്കുകയും കർഷകർക്കും മറ്റും ജീവിക്കുവാൻ  അവസരം നിഷേധിക്കുന്ന നിലവിലെ രാഷ്ട്രീയ ലോകത്തിനു പകരം സുസ്തിരമായ കേരളത്തിനായുള്ള സമരത്തിന്റെ ഭാഗമാകുവാൻ ശ്രീ.മജുവിന്റെ സാനാർത്ഥിത്വം നിശ്ചയമായും സഹായകരമായി തീരും.


അദ്ദേഹത്തിന് Green reporter ന്റെ എല്ലാ പിൻതുണയും... 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment