പെരിയാർ മലിനീകരണം: ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു




പെരിയാർ മലിനീകരണം കേരള ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. മലിനീകരണ നിയനന്ത്രണ ബോർഡിനോട് രണ്ടു ദിവസത്തിനുള്ളിൽ ശാസ്ത്രീയ റിപ്പോർട് ഫയൽ ചെയ്യണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ടി.ആർ. രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്.


രാജ്യത്തും ലോകത്തും ഗംഗയുൾപ്പടെ പല നദികളും പാരിസ്ഥിതിക അഭിവൃദ്ധി നേടുന്ന വാർത്ത പങ്കുവെക്കുമ്പോൾ ഇവിടെ പെരിയാറിൽ അനുദിനം മോശമാകുന്ന വാർത്തകളാണു പത്രങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പുറത്തു വരുന്നത്. ഇത് വളരെ ഗൗരവമാർന്ന വിഷയമാണു. ലാഘവത്തോടെ കാണാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.


അഡീഷണൽ അഡ്വേക്കറ്റ് ജനറൽ രഞ്ജിത് തമ്പാൻ 18.04.2020 നു സാമൂഹിക മാധ്യമങ്ങളിലും മറ്റും വൈറലായ ദൃശ്യങ്ങൾക്ക് പിന്നിലെ കാരണം വിശദീകരിച്ചു. ലോക് ഡൗൺ സമയത്ത് എടയാർ മേഖലയിൽ ചില യൂണിറ്റുകൾക്ക് പ്രവർത്തിക്കുന്നതിനു അനുവാദം നല്കിയിട്ടുണ്ട്. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. അതിനിടയിൽ നിയന്ത്രണമില്ലാതെ ചില കമ്പനികൾ അവരുടെ ദ്രവമാലിന്യം നദിയിൽ തള്ളിയെന്നാണു പ്രാഥമിക നിഗമനമെന്നും വിഷയത്തിൽ വ്യവസായശാലകൾ പരിശോധിച്ച് ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടുണ്ടെന്നും അറിയിച്ചു. 


മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റാന്റിങ്ങ് കൗൺസില് ടി നവീൻ, ഇറിഗേഷൻ സമയാസമയം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടർ ഉയർത്താത്തതിനാലാണു സംഭവിച്ചതെന്നും 18.04.2020 തീയതി 20 ദിവസങ്ങൾക്ക് ശേഷമാണു ഷട്ടർ ഉയര്ത്തിയതെന്നും അഭിപ്രായപ്പെട്ടു. 


അങ്ങനെ ഉദ്യോഗസ്ഥരുടെ ഊഹവും അനുമാനവുമൊന്നും കോടതിക്ക് കേൾക്കണ്ട പെരിയാറിൽ എന്താണ് സംഭവിച്ചത് ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് ശാസ്ത്രീയമായ റിപ്പോർട് രണ്ടുദിവസത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ്, സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി വകുപ്പ്, ഇറിഗേഷൻ ഡിപാർടെന്മെന്റ്, ജില്ലാ കളക്ടർ, വാട്ടർ അതോറിറ്റി എന്നിവരെ കക്ഷി ചേർത്ത് കോടതി കേസ് ഫയലിൽ സ്വീകരിച്ചു. കേസ് ഇനി 24-നു പരിഗണിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment