പ്രളയത്തെ തുടർന്ന് പുഴകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നിർദേശം




2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തെ തുടർന്ന് പുഴകളിലും നദികളിലും അടിഞ്ഞുകൂടിയ മണലും എക്കല്‍ മണ്ണും നീക്കം ചെയ്യാന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. മണല്‍ നീക്കല്‍ സംബന്ധിച്ച നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തി യാക്കുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു.


ജലവിഭവം, തദ്ദേശ സ്വയംഭരണം വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മൈനിംഗ് ആന്‍റ് ജിയോളജി ഡയറക്ടര്‍ എന്നിവര്‍ അടങ്ങുന്നതാണ് കമ്മിറ്റി. പുഴകളുടെയും നദികളുടെയും സംരക്ഷണത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും അടിഞ്ഞുകൂടിയ മണലും എക്കല്‍ മണ്ണും 
നീക്കം ചെയ്യുന്നത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. 


ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേര്‍ഡ് കമ്മിറ്റിയുടെ അംഗീകാരത്തോടെ മംഗലം, ചുള്ളിയാര്‍ ഡാമുകളില്‍ നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ മണല്‍ നീക്കാന്‍ ജലവിഭവ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. ജലസേചന വകുപ്പിന്‍റെയും വൈദ്യുതി ബോര്‍ഡിന്‍റെയും കീഴിലുള്ള ഡാമുകളില്‍ നിന്നും മണല്‍ നീക്കേണ്ടതുണ്ട്. ജലവിഭവം, വൈദ്യുതി, വനം വകുപ്പുകളെ ഏകോപിപ്പിച്ച് ഇതും സമയബന്ധിതമായി ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.


പ്രളയകാലത്ത് അടിഞ്ഞുകൂടിയ അധിക മണലും എക്കലും അടിയന്തര മായി നീക്കുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം കലക്ടര്‍മാര്‍ക്ക് അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മണല്‍ നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.


കാലവര്‍ഷത്തിനു ശേഷം ലഭിക്കുന്ന മഴവെള്ളം ഫലപ്രദമായി സംഭരിക്കുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും പറഞ്ഞു. കഴിയാവുന്നത്ര സ്ഥലങ്ങളില്‍ പരമാവധി മഴവെള്ളം സംഭരിക്കണം. അതോടൊപ്പം കുളങ്ങളും മറ്റു ജലസ്രോതസ്സുകളും ശുദ്ധീകരിക്കാനും നടപടി വേണം. തദ്ദേശസ്വയംഭരണ, ജലവിഭവ വകുപ്പുകളും ഹരിതകേരള മിഷനും യോജിച്ച് നവംബര്‍ മുതല്‍ തന്നെ ഈ പ്രവൃത്തി ആരംഭിക്കണം. ജില്ലാതലത്തില്‍ ഏകോപനത്തിന് സംവിധാനം ഉണ്ടാകണം. ഓരോ പഞ്ചായത്തിലും ഈ പരിപാടി കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്തണം. എല്ലാ മാസവും ഇക്കാര്യം അവലോകനം ചെയ്യണമെന്നും നിര്‍ദേശിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment