കീടനാശിനികൾ കർഷകരുടെ അന്തകരോ?




കീടനാശിനികളുടെ  സാന്നിധ്യത്താൽ  ഉണ്ടായ തിരുവല്ലയിലെ രണ്ടു  മരണങ്ങൾ   ഒറ്റപ്പെട്ട സംഭവമായി പരിഗണിക്കുവാൻ കഴിയുകയില്ല. തെറ്റായ രീതിയിലും അളവിലും നടത്തുന്ന  കീടനാശിനി പ്രയോഗങ്ങൾ, നിരോധിച്ച വിഭാഗത്തിൽപ്പെട്ട രാസ പദാർത്ഥങ്ങളുടെ സാന്നിധ്യം, മണ്ണിനെയും മനുഷ്യർ ഉൾപ്പെടുന്ന ജീവികളെയും (ജല ജീവികളെയും) പ്രതികൂലമായി ബാധിച്ചു വരുന്നു. രാജ്യത്ത് കീടനാശിനികളുടെ തെറ്റായ ഉപയോഗത്തിലൂടെ പ്രതിവർഷം 5000 ത്തിനും 7000 ത്തിനുമിടയിൽ ആളുകൾ മരിക്കുന്നുണ്ട്. കീടനാശിനി- കളനാശിനി നിയന്ത്രണങ്ങൾക്കായി നിലവിലുള്ള നിയമങ്ങളുടെ നിർവ്വഹണം, കാര്യക്ഷമതക്കുറവ്, വിവര വിതരണ രംഗത്തെ അപര്യാപ്തതകൾ മുതലായവ കാർഷിക രംഗം അനുഭവിക്കുന്ന പ്രതിസന്ധികളാണ്.


1950 കളില്‍ (കൊച്ചി ) 100പേരുടെ മരണത്തിനിടയാക്കിയ ഗോതമ്പ് പൊടിയിലെ മായം, സംസ്ഥാനത്തെ ആദ്യ ഭക്ഷ്യ ദുരന്തമായിരുന്നു.  ഗോതമ്പില്‍  കർഷകർ ഉപയോഗിച്ച കീടനാശിനി മരണത്തെ ക്ഷണിച്ചു വരുത്തി. രാജ്യത്തെ ഭക്ഷ്യ ഉത്പാദനം മെച്ചപെടുത്തുന്നതില്‍ ആധുനിക കൃഷി രീതികള്‍ നിര്‍ണ്ണായകമാണ്. മണ്ണിന്‍റെ ഫലഭൂഷ്ടത വര്‍ദ്ധിപ്പിക്കുന്നതില്‍ നൈട്രജന്‍-ഫോസ്ഫറസ്-പൊട്ടാസിയം (N-P-K) വളങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നു. അതിനായി 4:2:1 രീതിയിലാണ് അവ ഉപയോഗിക്കേണ്ടത് .മണ്ണ് കഴിവതും neutral ആയിര്‍ക്കുകയാണ് ഉചിതം. (pH 7 ) മണ്ണില്‍ അമ്ല ഗുണം ഉണ്ടാകുമ്പോള്‍ അതിനെ ക്ഷാരഗുണമാക്കി മാറ്റുവാന്‍ കക്കയും മറ്റും പരമ്പരാഗതമായി പ്രയോഗിക്കുന്നു.മണ്ണില്‍ നടത്തുന്ന അമിത വള പ്രയോഗങ്ങള്‍ രാജ്യത്തിന്  മെച്ചപെട്ട വിളകള്‍ (60-70 കാലത്ത് )നല്‍കിയിരുന്നു.(7-8% വളര്‍ച്ച) ഇന്നവസ്ഥ 2.5% എന്ന തോതിലായി കുറഞ്ഞു. പഞ്ചാബിലും മറ്റും നടത്തുന്ന അമിത വള പ്രയോഗങ്ങള്‍ ഭൂമിയെ ചണ്ടിയാക്കി മാറ്റി, അവിടങ്ങളില്‍ ക്യാന്‍സര്‍ രോഗികള്‍ വര്‍ദ്ധിച്ചു.


അനാരോഗ്യകരമായ കീടനാശിനി പ്രയോഗം ലോകത്തെ വല്ലാതെ വേട്ടയാടിയപ്പോള്‍ അവയെ നിയന്ത്രിക്കുവാനായി ഉണ്ടായ  സ്റ്റോക്ക് ഹോം സമ്മേളനത്തിൽ (2001)  DDT, BHC പോലെയുള്ള കീടനാശിനികളെ ഒഴിവാക്കുവാൻ തീരുമാനിച്ചു. കീടനാശിനി നിയന്ത്രണ വിഷയത്തില്‍ ഇന്ത്യന്‍ നിയമങ്ങളും മറ്റും വിജയകരമല്ല എന്ന് അനുഭവങ്ങള്‍ നമ്മെ  പഠിപ്പിക്കുന്നു .അന്തര്‍ദേശിയ നിയമനങ്ങളുടെ അടിസ്ഥാനത്തില്‍ കീടനാശിനികളെ ഏറ്റവും അപകടം നിറഞ്ഞ ചുമപ്പ്, മഞ്ഞ, നീല, പച്ച തുടങ്ങിയ വകുപ്പുകളില്‍ പെടുത്തിയിട്ടുണ്ട്. നമ്മുടെ നിയമങ്ങള്‍ പ്രകാരം ഏറ്റവും അപകടം നിറഞ്ഞ ആദ്യത്തെ രണ്ടു തരം കീടനാശിനികളും കൃഷി വകുപ്പ് വിധക്തരുടെ കുറിപ്പടികള്‍ വഴി മാത്രമേ ലഭ്യമാകുവാന്‍ കഴിയൂ.


22000 ലധികം വരുന്ന വിവിധ ഇനം കീടനാശിനികള്‍ രാജ്യത്ത് ഉണ്ടെന്നിരിക്കെ, അവയില്‍ രണ്ടു ഡസന്‍ പോലും എണ്ണത്തെ  നിരോധിക്കുവാന്‍   കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ കഴിഞ്ഞിട്ടില്ല എന്നത് നമ്മുടെ നിയമങ്ങളുടെ അപര്യാപത്തതയുടെ തെളിവുകളായി കാണാം106 കീടനാ ശിനികളെ  വിവിധ രാജ്യങ്ങള്‍ നിരോധിച്ചു. അവയെ മൊത്തത്തിൽ  നിരോധിക്കുന്നതിന് പകരം 66 എണ്ണങ്ങളെ പറ്റി മാത്രമാണ് സര്‍ക്കാര്‍ സമിതി പഠിക്കുവാൻ തയ്യാറായത്. അതില്‍ നിരോധിക്കുവാന്‍ തീരുമാനിച്ചതാകട്ടെ 18 എണ്ണവും. 6 എണ്ണത്തെ  മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കുവാന്‍ 2020 ഡിസംബര്‍ 31 വരെ കാത്തിരിക്കണം.എന്‍ഡോസള്‍ഫാന്‍ നിയന്ത്രണം സംസ്ഥാനത്തുണ്ടായി എങ്കിലും അതിന്‍റെ നിരോധനം രാജ്യത്താകെ ഉണ്ടാകുവാൻ  സുപ്രീംകോടതി വിധി വേണ്ടിവന്നു. 


പ്രതിവര്‍ഷം കീടനാശിനി പ്രയോഗത്താല്‍ മരിക്കുന്ന ഇന്ത്യക്കാര്‍ 5000 മുതല്‍ 7000 വരെയാണ് . കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് . 5000 ആളുകള്‍  ഇരകളായി . 5 ലക്ഷം രൂപ വെച്ച് 5000  ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ ഉന്നത കോടതി  നിര്‍ദ്ദേശിച്ചു.  ഇതുവരെയായി  ഇരകളായ  ഏവര്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമായിട്ടില്ല.


സംസ്ഥാനത്തെ കീടനാശിനി പ്രയോഗത്തില്‍ കുപ്രസിദ്ധി നേടിയ എന്‍ഡോസള്‍ഫാന്‍ വിഷയം കാസര്‍ഗോഡ്‌ കശുമാവിന്‍ തോട്ടത്തില്‍ മാത്രമല്ല പാലക്കാട്ട് മാവിന്‍ തോട്ടത്തിനും ബാധകമാണ്. പശ്ചിമഘട്ടത്തിലെ നാണ്യവിള തോട്ടങ്ങളില്‍ ഏറെ അപകടകരമായ കീടനാശിനികള്‍ ഉപയോഗിച്ചു വരുന്നു. റബ്ബര്‍ തോട്ടങ്ങളില്‍ കളകളെ ഒഴിവാക്കുവാന്‍ സഹായിക്കുന്ന Round up എന്ന കളനാശിനി (Glyco phosate) മനുഷ്യര്‍ക്കും മത്സ്യങ്ങള്‍ക്കും ദോഷം ഉണ്ടാക്കുന്നതാണ്. ഇടനാട്ടിലെ  പച്ചക്കറി കൃഷിക്കായി കീടനാശിനികള്‍ക്കൊപ്പം കള നാശിനികളും പ്രയോഗിച്ചു വരുന്നു. മല നാട് മുതല്‍ വിവിധ കൃഷി ഇടങ്ങളില്‍ നിയന്ത്രണമില്ലാതെ നടത്തുന്ന കീട-കള നാശിനി പ്രയോഗങ്ങള്‍ നമ്മുടെ ജലാശയങ്ങളെ കൂടുതല്‍ വിഷമയമാക്കി. തീര കടലിലെ മത്സ്യ സമ്പത്ത് കുറയുവാന്‍ നദികളിലെ  രാസ ഘടങ്ങള്‍ പ്രധാന കാരണമാണ്.


കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളിലെ അപകടകരമായ തോതിലുള്ള  വിവിധ തരം രാസ വസ്തുകളുടെ സാന്നിധ്യം  മനസ്സിലാക്കുവാന്‍ വിവിധ പഠനങ്ങൾ സഹായകരമായിട്ടുണ്ട്. അവിടെ 19 തരം രാസ പദാര്‍ഥങ്ങള്‍ നെൽപ്പാടത്ത് ഉപയോഗിക്കുന്നു. അവയില്‍ 12 എണ്ണം കീടനാശിനികളും 4 എണ്ണം fungicide കളും 3 എണ്ണം കളനാശിനികളും ആയിരുന്നു. ആകെ ഉപയോഗിക്കുന്നവയില്‍ ഒരു ഡസ്സനോളവും  organophospharus വിഭാഗത്തില്‍ പെടുന്ന, പൊതുവെ കൂടുതല്‍ അപകടകാരികളായ രാസ പദാര്‍ഥങ്ങളാണ്. കീടനാശിനികള്‍ ഉപയോഗിക്കുന്നവരില്‍ 33% ആളുകള്‍ക്ക് മാത്രമേ ഇവയുടെ അപകടത്തെപറ്റി എന്തെങ്കിലും ധാരണയുള്ളൂ. 100 ല്‍ മൂന്ന് ആളുകള്‍ മാത്രമേ നിര്‍ദ്ദേശിച്ച പ്രകാരം ഇവ കൈകാര്യം ചെയുന്നുള്ളൂ. കീടനാശിനികള്‍ തളിക്കുന്ന തൊഴിലാളികള്‍ക്ക് അധികം വേതനം ലഭിക്കുന്നുണ്ട്. എന്നാല്‍ അവരുടെ വേതനത്തില്‍ 25% അവ ഉണ്ടാക്കുന്ന അസുഖങ്ങള്‍ക്കായി (ഭാവിയിൽ) ചികിത്സിക്കുവാന്‍ മാറ്റി വെക്കേണ്ടി വരുന്നു.


തിരുവല്ലക്കടുത്ത് രണ്ടു പേര്‍ തൽക്ഷണം മരിക്കുവാന്‍ കാരണമായ രാസ പദാര്‍ഥങ്ങൾ ( fipranil, organic thiazole)  നിരോധിച്ചിട്ടില്ലാത്തവയും മഞ്ഞ പട്ടികയിൽ പെട്ടവയുമാണ്. അവ കുറിപ്പടിയിലൂടെ മാത്രമേ വിതരണം നടത്തുവാൻ പാടുള്ളൂ. അവ നിര്‍ദ്ദേശിച്ച അളവിലും അധികമായി കൈകാര്യം ചെയ്തു എന്ന് പ്രാഥമിക റിപ്പോര്‍ട്ട്‌ പറയുന്നു. 


ചുവപ്പ് പട്ടികയില്‍ പെട്ട കീടനാശിനികൾ  ഉപയോഗിച്ചാല്‍ 48 മണിക്കൂര്‍ നേരത്തിനു ശേഷമേ അവിടേക്ക് മനുഷ്യരും മറ്റു ജീവികളും പ്രവേശിക്കുവാന്‍ പാടുള്ളൂ. മഞ്ഞ വകുപ്പില്‍ പെട്ടവയുടെ കാര്യത്തില്‍ 24 മണിക്കൂറും നീലക്ക് 12 മണിക്കൂറും  ജീവി വര്‍ഗ്ഗങ്ങളുടെ സാനിധ്യം ഉണ്ടാകരുത്.


ദേശീയ  കീടനാശിനി നിയമത്തില്‍ (1971) നിരവധി ഭേദഗതികള്‍  ഉണ്ടായി എങ്കിലും അവയുടെ കാര്യക്ഷമത തുലോം കുറവും സംസ്ഥാനങ്ങ ള്‍ക്കുള്ള അധികാരങ്ങള്‍  അപ്രസക്തവുമാണ്. ലോകത്തെ ഏറ്റവും ശക്തരും അപകടകാരികളായി കുപ്രസിദ്ധി നേടിയ Monsanto, Bayer മുതലായ കമ്പനികളാല്‍ നിയന്ത്രിക്കുന്ന കീട-കള നാശിനി നിര്‍മ്മാണവും GM വിത്തുകളും, കാര്‍ഷിക രംഗത്തും ജീവികളുടെ ലോകത്തും മണ്ണിനും ജലാശയങ്ങള്‍ക്കും വലിയ ദുരന്തങ്ങളാണ്  ഉണ്ടാക്കികൊണ്ടിരിക്കുന്നു. സസ്യങ്ങളുടെ പ്രജനനത്തിനും മറ്റും സഹായിക്കുന്ന ശലഭങ്ങള്‍, തേനീച്ചകള്‍ എന്നിവയുടെ എണ്ണം കുറയുവാന്‍ രാസ പദാര്‍ഥങ്ങളുടെ വര്‍ദ്ധിച്ച സാനിധ്യം കാരണമായിട്ടുണ്ട്. (colony Collapse)        


സംസ്ഥാനത്തെ കീടനാശിനികളെ പരിപൂർണ്ണമായും ശാസ്ത്രീയമാർഗ്ഗങ്ങളാൽ നിയന്ത്രിക്കുവാൻ സർക്കാർ സംവിധാനം തയ്യാറാകുക. കളനാശിനികളെ പൂർണ്ണമായും നിരോധിക്കുക, കീടനാശിനി കച്ചവടത്തെ കൂടുതൽ നിയന്ത്രിക്കുക, കർഷകർക്ക്  സുരക്ഷാ ഉപകരണങ്ങൾ എത്തിക്കുക, അവയുടെ അപകടത്തെ പറ്റിയുള്ള  ബോധവൽക്കരണം നൽകുക , വിദ്യാലയങ്ങൾ, സർവ്വകലാശാലകൾ പ്രചരണങ്ങൾ നടത്തുക, ത്രിതല പഞ്ചായത്തുകൾ പരിപാടികൾക്ക് നേതൃത്വം കൊടുക്കുക,  നിർമ്മാണ കമ്പനിക്കു കൂടി ഉത്തരവാദിത്തം ഉണ്ടാകുന്ന തരത്തിൽ നിയമങ്ങൾ കർക്കശമാക്കുക, ജൈവകൃഷി രീതികളിലേക്ക്  ജനങ്ങളെ ആകർഷിപ്പിക്കുക  മുതലായ തീരുമാനങ്ങൾ എടുക്കുവാൻ  സർക്കാർ  എത്രയും വേഗം തയ്യാറകണം .


മണ്ണും മനുഷ്യനും മറ്റു ജീവജാലങ്ങളും സംരക്ഷിതമായിരിക്കുവാൻ കീട കളനാശിനികളെ ശക്തമായി നാട്ടിൽ നിയന്ത്രിക്കേണ്ടതുണ്ട്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment