നാളെ മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം




ഒറ്റത്തവണ മാത്രം ഉപയോഗിക്കനാകുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. എന്നാൽ പ്ലാസ്റ്റിക് നിരോധനം പൂർണമല്ല. ബ്രാന്‍റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍ക്കും വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍ക്കും പാല്‍ക്കവറിനും നിരോധനം ബാധകമല്ല. 


പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ കപ്പ്, പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ്, പ്ലാസ്റ്റിക് ആവരണമുളള ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് കുടിവെളള പൗച്ച്‌, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, ഫെല്‍ക്സ്, ബാനര്‍ തുടങ്ങിയവയ്ക്കാണ് നാളെ മുതല്‍ നിരോധനം.


അതേസമയം ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം, മുന്‍കൂട്ടി അളന്നുവച്ച ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, മത്സ്യം, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ തൂക്കം നിര്‍ണയിച്ച ശേഷം വില്‍പ്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക് കവറുകള്‍, ബ്രാന്‍ഡ് ചെയ്ത ഉല്‍പ്പനങ്ങളുടെ പാക്കറ്റ്, ബ്രാന്‍ഡഡ് ജ്യൂസ് പാക്കറ്റ് തുടങ്ങിയവയ്ക്ക് നിരോധനം ഇല്ല. 


പ്ലാസ്റ്റിക് കുപ്പിയിലും കവറുകളിലും ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, ജല അതോറിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവരും പ്ലാസ്റ്റിക് തിരികെ ശേഖരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


നിരോധിച്ചവ നിര്‍മിക്കാനോ വില്‍ക്കാനോ കൊണ്ടുപോകാനോ പാടില്ല. വില്‍പ്പനക്കാര്‍ നിയമം ലംഘിച്ചാല്‍ ആദ്യതവണ പിഴ പതിനായിരം രൂപ, രണ്ടാംതവണ ലംഘിച്ചാല്‍ കാല്‍ലക്ഷം, മൂന്നാംതവണ അരലക്ഷം എന്ന നിരക്കിൽ ഈടാക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment