കടലിലും പുഴകളിലും തള്ളുന്നത് കോടിക്കണക്കിന് പാനീയ കുപ്പികൾ




യു.കെയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ എട്ടു ബില്യണിലധികം പാനീയ കണ്ടെയ്നറുകള്‍ കടലിലും പുഴകളിലും മറ്റു മാലിന്യ കൂമ്ബാരങ്ങളിലുമായി നിക്ഷേപിച്ചുവെന്ന് പുതിയ റിപ്പോര്‍ട്ട് ഇവ റീസൈക്കിള്‍ ചെയ്യാ൯ വേണ്ടി അയച്ചിരുന്നില്ല. ഗ്രീ൯പീസ്, സി.ആര്‍.പി.യി എന്നീ സംഘടനകളും, പരിസ്ഥിതി സംരക്ഷണ സംഘടനയായ റീലൂപും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. 


2019 ല്‍ തള്ളിയ മാലിന്യത്തിന്റെ, 40 ശതമാനവും പ്ലാസ്റ്റിക് കണ്ടെയ്നറുകളായിരുന്നുവെന്ന് പഠനം തെളിയിക്കുന്നു. ഇവയുടെ മൂന്നിലൊന്ന് കാനുകളും 18 ശതമാനം ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചവയുമാണ്. യു.കെയില്‍ മാത്രം വര്‍ഷത്തില്‍ ഒരാള്‍ 126 ബോട്ടിലുകള്‍ എന്ന തോതില്‍ കളയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ഇത്തരം ബോട്ടിലുകള്‍ തിരിച്ചു നല്‍കുന്നവര്‍ക്ക് പണം നല്‍കുന്ന പദ്ധതികള്‍ തുടങ്ങാ൯ ആലോചിക്കുകയാണ് പരിസ്ഥിതി സംരക്ഷണ സംഘടനകള്‍. യു.കെയിലെ പ്രമുഖ പത്രമായ 'ദി മെയ്ലാണ്' പാനീയ മാലിന്യങ്ങള്‍ പുറം തള്ളുന്നുവെന്ന വാര്‍ത്ത പുറം ലോകത്തെത്തിച്ചത്. ഇത്തരം വേസ്റ്റുകള്‍ പുറം തള്ളുന്നതിനെതിരെ 'ടേണ് ദ ടൈഡ് ഓണ് പ്ലാസ്റ്റിക് 'എന്ന കാംപെയ്നുമായി രംഗത്തെത്തിയിട്ടുണ്ട് മെയ്ല്‍. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കണ്ടെയ്നര്‍ തിരികെ നല്‍കുന്ന പദ്ധതിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.


വേസ്റ്റ് കണ്ടെയ്നര്‍ ഡെപ്പോസിറ്റ് ചെയ്യുന്നവര്‍ക്ക് പണം നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാറുമായി അവസാന ഘട്ട ചര്‍ച്ചക്ക് തയ്യാറെടുക്കുകയാണെന്ന് റീലൂപ്പ് എക്സിക്കൂട്ടിവ് ഡയറക്ടറായ സാമാന്ത ഹാര്‍ഡിംഗ് പറയുന്നു. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ വ്യക്തത വരാനുണ്ടെന്ന് അവര്‍ പറയുന്നു. മാലിന്യ നിക്ഷേപം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യണമെങ്കില്‍ ഗവണ്മെന്റ് പുതിയ നിയമ നിര്‍മ്മാണം നടത്തണമെന്ന് പറയുന്ന സാമാന്ത, ഉപഭോക്താക്കള്‍ക്ക് സൗകര്യപ്പെടുന്ന രീതിയില്‍ കണ്ടെയ്നറിനു പകരം ക്യാശ് ലഭിക്കുന്ന സിസ്റ്റം ഡിസൈ൯ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. 


ഇത്തരമൊരു പുതിയ നയം രൂപപ്പെടുത്തുന്നത് വൈകിപ്പിക്കണമെന്ന് പല കോണുകളില്‍ നിന്നും ആളുകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇനിയും കാത്തു നില്‍ക്കാ൯ സമയമില്ല എന്നാണ് സാമാന്തയുടെ അഭിപ്രായം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment