പൊന്തൻപുഴ വനം കേസിൽ സർക്കാരിനെതിരായ ഹൈക്കോടതി വിധിക്ക് ഒരു വർഷം




പൊന്തൻപുഴ വനം കേസിൽ സർക്കാരിന് പ്രതികൂലമായി ഉണ്ടായ കേരള ഹൈക്കോടതി വിധി ഇന്ന് ഒരു വർഷം പൂർത്തിയാക്കുന്നു. എം .എസ് .എ 1/1981 എന്ന കേരള ഹൈക്കോടതിയിലെ  ഏറ്റവും പഴക്കമുള്ള കേസ് പൊന്തൻപുഴ വനത്തിന്റെ ഉടമസ്ഥത സംബന്ധിച്ചായിരുന്നു. സർക്കാരും 283 സ്വകാര്യ വ്യക്തികളും തമ്മിൽ നടന്ന കേസിൽ സർക്കാർഭാഗം പരാജയപ്പെട്ടുകൊണ്ടുള്ള വിധി 2018 ജനവരി 10 നാണ് ഉണ്ടായത്. ഭൂമി വനമായി നോട്ടിഫൈ ചെയ്യാൻ സർക്കാരിന് അധികാരമില്ലെന്നായിരുന്നു വിധി.


ഈ വിധിക്കെതിരെ സർക്കാർ നൽകിയ 182/2018 നമ്പർ പുന:പരിശോധനാ ഹർജിയും ഇക്കഴിഞ്ഞ ഒക്ടോബർ 9 ന് തള്ളപ്പെട്ടു.
കേസ് തോറ്റ അതേ സ്പെഷ്യൽ പ്ലീഡറെ തന്നെ പുന:പരിശോധനാ ഹർജിയുടെ ചുമതല ഏൽപ്പിച്ചത് വിമർശിക്കപ്പെട്ടിരുന്നു.
ഇപ്പോൾ സുപ്രീം കോടതിയെ സർക്കാർ അപ്പീലുമായി സമീപിക്കുകയാണ്. സീനിയർ അഭിഭാഷകനായ വിശ്വനാഥൻ സർക്കാരിനു വേണ്ടി വാദിക്കും . 


കേസുകൾ തോറ്റു കൊടുത്ത് വനം നഷ്ടപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ഹൈറേഞ്ച് മുഖ്യവനപാലകൻ ദീപക് മിശ്ര ,കൊല്ലം സതേൺ സർക്കിൾ മുഖ്യവനപാലകൻ വിജയാനന്ദൻ എന്നിവർക്കാണ് കേസ് നടത്തിപ്പിന്റെ ചുമതല വനം വകുപ്പ് നൽകിയിരിക്കുന്നത്.


വനം സംരക്ഷിക്കണമെന്നും വനത്തിന് പുറത്ത് അഞ്ച് തലമുറയായി താമസിക്കുന്ന 1200 കർഷക കുടുംബങ്ങൾക്ക്‌ പട്ടയം നൽകണമെന്നും ആവശ്യപ്പെട്ട് മെയ് 12ന് ആരംഭിച്ച പൊന്തൻപുഴ സമരസമിതിയുടെ അനിശ്ചിതകാല സമരം 243 ദിവസം പിന്നിട്ട് തുടരുന്നു. കർഷകരുടെ ഭൂമി വനത്തിനുള്ളിലോ കേസിന്റെ പരിധിയിലോ വരുന്നില്ലെന്നാണ് സമരസമിതിയുടെ വാദം.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment