ഉത്തരപ്പള്ളിയാർ കൈയ്യേറി നടക്കുന്ന നിർമ്മാണങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു




വെണ്മണി പഞ്ചായത്തിൽ ഉത്തരപ്പള്ളിയാർ കൈയ്യേറി നാളുകളായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചു ഉത്തരപ്പള്ളിയാർ ജാഗ്രതാ സമിതി വെണ്മണി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. വെണ്മണി പഞ്ചായത്തിൽ ആറ് കൈയ്യേറിയത് ഒഴുക്ക് തടഞ്ഞത് മൂലം ദുരിതം അനുഭവിക്കുന്നത് ആലാ, പുലിയൂർ ചെറിയനാട് ബുധനൂർ പഞ്ചായത്തുകളിലെ കോളനികളിൽ ഉൾപ്പടെ താമസിക്കുന്ന സാധാരണ മനുഷ്യരാണെന്ന് ‌ധർണ്ണയിൽ പ്രസംഗിച്ച ജാഗ്രതാ സമിതി കൺ വീനർ ഫെബിൻ ലാസർ പറഞ്ഞു. 


കേരളാ ഹൈക്കോടതിയുടെ വിധിയെപ്പോലും തൃണവൽഗണിച്ചുകൊണ്ട് പഞ്ചായത്തുകളും pwd യും മറ്റ് അധികാര സ്ഥാനങ്ങളിൽ ഉള്ളവരും കൈയേറ്റത്തിന് കൂട്ട് നിൽക്കുന്നത് അധികാര ദുർവിനിയോഗവും കോടതിയലക്ഷ്യവുമാണ്, ഭരണഘടനാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ നിയമത്തെ വെല്ലുവിളിക്കുന്നത് ജനാധിപത്യത്തിന്റെ അന്ത്യമാണെന്നും അദ്ദേഹം പറഞ്ഞു. സമിതി എസ്സ്ക്യൂട്ടീവ് അംഗങ്ങളായ അനിയൻ കോലൂത്ര, ബേബി വാഴോലി, ചെറിയാൻ ചേരിക്കൽ എന്നിവർ പങ്കെടുത്തു.


ഉത്തരപ്പള്ളിയാർ നിയമവിരുദ്ധമായി കൈയ്യേറി ആലാ അത്തലക്കടവ് പെണ്ണുക്കര തയ്യിൽ പടി സ്തുതിക്കാട്ട് പടി റോഡ് നിർമ്മിക്കുന്നതിൽ പ്രതിഷേധിച്ച്, ഉത്തരപ്പള്ളിയാർ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആലാ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുൻപിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഉത്തരപ്പള്ളിയാർ പണ്ട് ഉണ്ടായിരുന്നത് പോലെ തിരികെയെടുക്കാൻ ബഹു. ഹൈക്കോടതി ഡിവിഷൻ ബഞ്ച് 2018 ൽ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ ഏത് തരത്തിലുള്ള നിർമ്മാണ പ്രവർത്തങ്ങളും കോടതിയലക്ഷ്യം ആകയാൽ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിയണമെന്നും കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് കൊടുത്തിരിക്കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ജാഗ്രതാ സമിതി പഞ്ചായത്ത് സെക്രട്ടിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. എന്നാൽ കൈയേറ്റങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും നിർബാധം തുടരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ സമിതി പ്രത്യക്ഷ്യ സമരവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. 


ആലാ അത്തലക്കടവ് ഹൈ സ്കൂളിന് തെക്ക് വശവും ആറ്റിലേക്ക് ഇറക്കിയാണ് റോഡ് പണി നടക്കുന്നത്. ധർണ്ണ സാമൂഹിക പ്രവർത്തകൻ മധു ചെങ്ങന്നൂർ ഉൽഘാടനം ചെയ്തു. നീതി നടപ്പിലാക്കിയില്ലെങ്കിൽ കൂടുതൽ പ്രത്യക്ഷ സമരങ്ങളുമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം പൊതുജനത്തെ ആഹ്വാനം ചെയ്തു. എഴുത്തുകാരനും പ്രഭാഷകനുമായ ജയിസ്‌ പാണ്ടനാട് ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മനുഷ്യൻ പരിസ്ഥിയിൽ നടത്തിയ കൈയ്യേറ്റങ്ങൾ ആണ് മാറാ വ്യാധികൾക്ക് കാരണം എന്ന് അദ്ദേഹം പറഞ്ഞു.അതി ശക്തമായ ജനകീയ മുന്നേറ്റം ഈ വിഷയത്തിൽ ഉണ്ടാകണമെന്നും പ്രകൃതിയിന്മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടന്ന് കൈയേറ്റങ്ങൾ നിർത്തൽ ചെയ്തില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് റൂറൽ ഡവലപ്‌മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റി സെക്രട്ടറി വി. എസ് ഗോപാലകൃഷ്ണൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.


അലകൾ ഉണ്ടായിരുന്ന നാടാണ് ആലാ എന്നാൽ ഇന്ന് ഈ പ്രദേശത്ത് ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് മഞ്ഞപ്പിത്തം ഉണ്ടാകുന്ന സ്‌ഥലമാണ് പെണ്ണുക്കര എന്ന് ശ്രീമാൻ ആലാ വാസുദേവൻ പിള്ള ഓർമ്മിപ്പിച്ചു. ഉത്തരപ്പള്ളിയാർ ജാഗ്രതാ സമിതി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീമാൻ. രാജ്‌മോഹൻ ഇലഞ്ഞിമേൽ ധർണ്ണക്ക്അഭിവാദനങ്ങൾ അർപ്പിച്ചു സംസാരിച്ചു. ഉത്തരപ്പള്ളിയാർ ജാഗ്രതാ സമിതി പ്രസിഡണ്ട് റെജി പള്ളത്ത് അധ്യക്ഷനായിരുന്നു. ലോക രാജ്യങ്ങളിൽ എല്ലാം വളരെ ഉത്തരവാദിത്വത്തോടാണ് നദികളും തോടുകളും സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ തമ്പി ബുധനൂർ, ജോജി ചെറിയാൻ, ബേബി വാഴോലി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൈയേറ്റങ്ങളെ സംരക്ഷിക്കുകയും ഒത്താശചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാട്‌ആണ് അധികാരികളുടെ ഭാഗത്ത്‌നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിയമം നടപ്പിലാക്കും വരെ പോരാട്ടം തുടരുമെന്ന് സമിതി കൺവീനർ ഫെബിൻ ലാസർ പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment