ക്വാറികളുടെ പ്രവർത്തനം നിയമസഭാ സമിതി അന്വേഷിക്കുന്നു
പശ്ചിമഘട്ടത്തിൽ ഉരുൾപൊട്ടൽ തുടർച്ചയാവുന്ന സാഹചര്യത്തിൽ കേരളത്തിലെ ക്വാറികളെ കുറിച്ച് പഠിക്കാൻ നിയമസഭാ സമിതിയുടെ തീരുമാനം. പഠനത്തിന്റെ ഭാഗമായി ഈ വർഷമുണ്ടായ ഉരുൾപൊട്ടലിൽ ഏറെ നാശനഷ്ടങ്ങൾ സംഭവിച്ച കവളപ്പാറ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സംഘം സന്ദർശിക്കും.


കേരളത്തിലെ ക്വാറികളെ സംബന്ധിച്ച് നിരവധി പരാതികളാണ് ദിനം പ്രതി സമിതിയുടെ മുന്നിലെത്തുന്നത്. സമിതിക്ക് മുന്പിലെത്തുന്ന മൊത്തം പരാതികളിൽ 30 ശതമാനവും ക്വാറികളെയും ക്രഷറുകളെയും സംബന്ധിച്ചുള്ളതാണ്. ഇവ ജനജീവിതം ദുസ്സഹമാകുന്നതും പരിസ്ഥിതിക്ക് ഏറെ ദോഷകരമായ തരത്തിലുമാണ് പ്രവർത്തിക്കുന്നത്. ക്വാറികളുടെ പ്രവർത്തനം എത്രത്തോളം കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്നുണ്ടെന്ന് പഠിക്കാനാണ് സമിതിയുടെ ശ്രമമെന്ന് സമിതിയുടെ അധ്യക്ഷൻ മുല്ലക്കര രത്‌നാകരൻ പറഞ്ഞു.


സമിതിയുടെ ആദ്യ തെളിവെടുപ്പ് മലപ്പുറം ജില്ലയിൽ വെച്ചാണ് നടക്കുക. ഈ മാസം 23 ന് രാവിലെ ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചാണ് ആദ്യ തെളിവെടുപ്പ്. മലപ്പുറത്തെ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും സമിതി തെളിവെടുപ്പ് നടത്തും. തുടർന്ന് സമിതി അംഗങ്ങൾ കവളപ്പാറ സന്ദർശിക്കും.


ഖനനം, മലിനീകരണം, വ്യവസായം തുടങ്ങിയ വകുപ്പുകളുടെ മേധാവികളുമായി ഈ അടുത്തിടെ സമിതി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്വാറികളുടെ പ്രവർത്തനത്തെ സംബന്ധിച്ച് പ്രത്യേക ചോദ്യാവലി സമിതി വകുപ്പ് മേധാവികൾക്ക് നൽകിയിരുന്നു. എത്ര ക്വാറികൾ പ്രവർത്തിക്കുന്നു,  ലൈസൻസ് ഉള്ളതും ഇല്ലാത്തതും എത്ര വീതം, പാറപൊട്ടിക്കാൻ സ്വീകരിക്കുന്ന മാർഗങ്ങൾ, ക്വാറികൾ പൊട്ടിക്കുന്നതിന് നിരീക്ഷിക്കാൻ നിലവിലുള്ള സംവിധാനം എന്നിവയാണ് ചോദ്യാവലിയിലൂടെ സമിതി അന്വേഷിച്ചത്.


പൊട്ടിക്കാൻ പാടില്ലാത്ത പാറകൾ പൊട്ടിക്കുന്നുണ്ടോ, അനുവദിച്ചതിലും കൂടുതൽ പാറകൾ പൊട്ടിക്കുന്നുണ്ടോ, ഉറവകൾ ബാധിക്കുന്ന തരത്തിൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയവയും സമിതി നേരിട്ട് അന്വേഷിക്കുമെന്ന് മുല്ലക്കര രത്‌നാകരൻ അറിയിച്ചു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment