രാഹുൽ ഗാന്ധീ, വയനാട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്




പ്രിയപ്പെട്ട ശ്രീ രാഹുല്‍ ഗാന്ധി അറിയുവാന്‍,
 

ഏറെ പ്രത്യേകതകളുള്ള വയല്‍ നാട് എന്ന വയനാട്, സംസ്ഥാനത്തെ ഏറ്റവുമധികം പരിസ്ഥിതി നാശവും അനുബന്ധ പ്രതിസന്ധികളും അനുഭവിക്കുന്ന ജില്ലയാണ്. വയനാടിനു ശേഷം ഇടുക്കിയും  പാലക്കാടും ആലപ്പുഴയും കുറേ വര്‍ഷങ്ങളായി വന്‍ തിരിച്ചടികളെ നേരിടുന്നു. 700 മുതല്‍ 2100 മീറ്റർ  ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വയനാടിന്റെ നെല്‍കൃഷിയും വിവിധ നാണ്യ വിളകളും പ്രത്യേക തരം മഴകളും മൂടൽ മഞ്ഞും അവിടുത്തെ സന്ദർശകരായ ചിത്രശലഭങ്ങളും വയനാടിനെ സ്വര്‍ഗ്ഗീയ ഭൂമിയാക്കി മാറ്റി. ഉയരം കൂടിയ മരങ്ങള്‍ നിറഞ്ഞ കാടുകളും വന്യ ജീവികളും  ഇവയുടെ കാവല്‍ക്കാരായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുതൽ  ജീവിച്ചു തുടങ്ങിയ ആദിമവാസികളും കര്‍ഷകരും എല്ലാം ഇന്നു വിവിധ തരത്തില്‍ പ്രതിസന്ധികളില്‍ പെട്ട് ഉഴലുകയാണ്. 


വയനാടിന്‍റെ ദുരന്തങ്ങള്‍ വളരെ ശക്തമാണ് എന്ന് ആഗസ്റ്റ് വെള്ളപ്പൊക്കം തെളിയിച്ചു. കാര്‍ഷിക രംഗം സമ്പൂര്‍ണ്ണ തകര്‍ച്ചയില്‍ എത്തി.ഇതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ പശ്ചിമഘട്ട സംരക്ഷണവുമായി പ്രധാനമായി ബന്ധപെട്ട് നില്‍ക്കുന്നു. വയനാടിന്‍റെ താങ്ങും തണലുമായി പശ്ചിമഘട്ടത്തെ മുഖ്യമായും പരിഗണിക്കുന്ന തിലൂടെ മാത്രമേ വയനാട് അനുഭിക്കുന്ന കാര്‍ഷിക, കുടിവെള്ള, വെള്ളപൊക്ക, വരള്‍ച്ചാ പ്രശ്നങ്ങൾ പരിഹരിക്കപെടുകയുള്ളൂ.


ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധാ കേന്ദ്രമായി മാറിയ വയനാടിന്‍റെ പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ ,തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് ,വിശിഷ്യാ ശ്രീ രാഹുല്‍ ഗാന്ധിക്ക് , ആരോഗ്യകരമായ തീരുമാനങ്ങള്‍ എടുക്കുവാന്‍  കഴിയുമോ  ?


വയനാടിന്‍റെ പ്രധാന നദിയായ കബിനി കാവേരിയില്‍ ലയിക്കുന്നു. കബനിയുടെ വൃഷ്ഠി പ്രദേശത്തിന്‍റെ വ്യാപ്തി 2885 ച.കി.മീറ്ററാണ്. അതിലേക്ക് തിരുനെല്ലി (പാപനാശം), മാനന്തവാടി, പനമരം നദികള്‍ ഒഴുകി എത്തുന്നു. മാനന്തവാടി പുഴ തൊണ്ട മുടിയില്‍ നിന്നുത്ഭവിക്കുന്നു. തിരുനെല്ലി കാടുകളില്‍ നിന്നും ഒഴുകി തുടങ്ങുന്ന പാപനാശിനി കാളിന്ദി എന്ന പേരിലാണ് അറിയപെടുന്നത്. മാഹി പുഴ വയനാടന്‍ കാടിന്‍റെ സംഭവനയാണ്. നദികളും അവയുടെ കൈ വഴികളും കൊണ്ട് പ്രസിദ്ധി നേടിയ വയനാടിന് പൂക്കോട്ടു തടാകം, സീതാദേവികുളം എന്നീ ജല സ്രോതസുകളും ഉണ്ട്  മലകളും താഴ്വാരവും വയലുകളും നദിയും വീണ്ടും വയലുകളും താഴ്വരയും മലനിരകളും എന്ന ഘടനയില്‍ ഉണ്ടായ മാറ്റങ്ങള്‍  വയനാടിന്‍റെ പ്രത്യേകതകള്‍ നഷ്ടപെട്ട വയനാടാക്കി നാടിനെ തീര്‍ത്തു.  


സംസ്ഥാനത്തെ 13 കാര്‍ഷിക പരിസ്ഥിതി സോണില്‍ വെച്ച് ഏറ്റവും പ്രധാനപെട്ട വയനാടിന്‍റെ അനുഗ്രഹം കാലാവസ്ഥയുടെ പ്രത്യേകതകളാണ്. ലോകത്തെ 18 അന്തര്‍ദേശിയ agri biodiversity hot spotല്‍ ഒന്നാണ് നമ്മുടെ വയനാട്. വയനാടിന്‍റെ തണുത്ത കാലാവസ്ഥയും വര്‍ധിച്ച മഴയും മൂടല്‍ മഞ്ഞും കാപ്പി,തേയില,കുരുമുളക് മുതലായ വിളകള്‍ക്ക് അനുഗുണമാണ്. കഴിഞ്ഞ നൂറ്റാണ്ടുകൊണ്ട് 24% വനവും നഷ്ടപെട്ടു. ജില്ലയുടെ 37%ആയി കാടുകള്‍ കുറഞ്ഞു. 8 ലക്ഷം വരുന്ന ജന സംഖ്യയില്‍ 17% ആദിവാസികളുള്ള ജില്ലയിലെ സാധരണക്കാരുടെ ജീവിതം പ്രതിസന്ധിയിലായി.


കാലാവസ്ഥയുടെ പ്രത്യേകതയില്‍ മാത്രം കൃഷി വിജയകരമായി നടത്തുന്ന വയനാട്ടിലെ ശക്തി കുറഞ്ഞ മഴയും (ചാറ്റല്‍ മഴ) ചൂടുള്ള അന്തരീക്ഷവും മരങ്ങളുടെ തണലും കാപ്പിക്കും തേയില, കരുമുളക് എന്നിവക്കും സഹായകരമാണ്. എന്നാല്‍ കാലവസ്ഥയിലെ മാറ്റങ്ങള്‍, അതില്‍ തന്നെ 1980 നുശേഷം ഉണ്ടായ വര്‍ധിച്ച ചൂട്, (1.45 ഡിഗ്രി കൂടിയത് ), വേനല്‍ മഴയുടെ  അളവില്‍ ഉണ്ടായ കുറവ്, നൂല്‍ മഴ ഒരോര്‍മ്മയായി മാറിയത്, ഇടവ പാതിയുടെ തോത് കുറഞ്ഞതും തുലാ മാസ മഴയുടെ അളവില്‍ ഉണ്ടായ വര്‍ധനയും വയനാടിന്‍റെ കൃഷിയെ പൂര്‍ണ്ണമായും ഇല്ലാതെയാക്കി.


മഴയുടെ അളവിലും ഗുണത്തിലും ഉണ്ടായ മാറ്റങ്ങള്‍ കൃഷിയെ പ്രതികൂലമായി ബാധിച്ചു. വര്‍ധിച്ച ചൂട്  മണ്ണിന്‍റെ അമ്ല ഗുണം കൂട്ടി. കാത്സ്യം, മഗ്നീഷ്യം എന്നിവ കൂടുതല്‍ നഷ്ടപെട്ടു.മണ്ണില്‍ Phytophthora എന്ന ഫംഗസിന്‍റെ അളവ് വര്‍ധിച്ചതിനാല്‍  കുരുമുളക് തണ്ടിന്‍റെ രോഗങ്ങള്‍ മൂര്‍ശ്ചിച്ചു. കാപ്പിയുടെ പുഷ്പ്പിക്കല്‍ നടക്കുവാന്‍ വേനല്‍ മഴക്ക് നല്ല പങ്കുണ്ട്. വേനല്‍ മഴയെ coffee shower (cherry blossom shower)എന്ന് വിളിക്കുവാന്‍ കാരണം വേനല്‍ മഴക്ക് കാപ്പി പൂക്കുന്നതിലുള്ള പങ്കിനെ ഓർത്തുകൊണ്ടാണ്. ഇത്തരം മഴയെ Mango rain എന്നും വിളിച്ചു വരുന്നു.(മാവ് പൂക്കുവാന്‍ സഹായിക്കുന്നു എന്ന അര്‍ഥത്തില്‍)  കാലാവസ്ഥയിലെ വ്യതിയാനം കാപ്പി കൃഷിക്ക് സമ്പൂര്‍ണ്ണ തിരിച്ചടിയുണ്ടാക്കി. വില കുടിയ Arabica കാപ്പി കൃഷിക്ക് ആവശ്യമായ ചൂട് 15 മുതല്‍ 24 ഡിഗ്രി വരേയും Robusta കാപ്പിക്ക് ആവശ്യമായ ചൂട് 24 മുതല്‍ 30 ഡിഗ്രി വരെയും ആണ്. ഇപ്പോഴത്തെ ചൂട് 39 ഡിഗ്രിയില്‍ വരെ ഉയര്‍ന്നു കഴിഞ്ഞു.  


കുരുമുളകിന്‍റെ ഉത്പാദനം ഏറെ കുറഞ്ഞു പോയ കാലമായിരുന്നു കഴിഞ്ഞ 10 വര്‍ഷങ്ങള്‍. കുരുമുളക് വളരുവാന്‍ അനുഗുണം ചാറ്റല്‍ മഴയാണ്. ഒപ്പം ചൂടും തണലും കിട്ടുന്ന ചുറ്റുപാടുകളും പ്രധാനമാണ്. എന്നാല്‍ മാറിയ കാലവസ്ഥയില്‍ കുരുമുളക് വിളവിന്‍റെ അളവില്‍ വലിയ കുറവ് ഉണ്ടായി. ഇതേ സമയം വിദേശത്ത് നിന്നും വിവിധ അന്തര്‍ദേശിയ കരാറിന്‍റെ പേരില്‍ കുരുമുളക് വില കുറച്ച് ഇറക്കുമതി  ചെയ്തതിലൂടെ പ്രതിസന്ധി രൂക്ഷമായി. വിലയില്‍ വന്‍ ഇടിവ് ഉണ്ടായി.(21000 രൂപയില്‍ നിന്നും 6650 ലേക്ക്) തേയില ഉത്പാദനത്തിന് മുന്തിയ ചൂടും മഞ്ഞു വീഴ്ച്ചയും പ്രതികൂലമാണ്. വാനില കൃഷിയും വാഴ കൃഷിയും ഒക്കെ അവസാനിച്ചു എന്നു പറയാം.


ജില്ലയുടെ താഴ്വാരങ്ങളില്‍ മൂന്നു നിലക്ക് മുകളില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ അനുവദിച്ചിട്ടില്ല. എന്നാല്‍ വൈത്തിരിയില്‍ നിരവധി വന്‍ കിട കെട്ടിടങ്ങള്‍ പണിതു കഴിഞ്ഞു. ലക്കടിയില്‍ 13 നിലകളുള്ള കെട്ടിട ഭരണ കര്‍ത്താക്കളെ ഒട്ടും ആലോസര പെടുത്തുന്നില്ല.150 ഇടങ്ങളില്‍  നടന്നു വന്ന പാറ ഖനനം ജില്ലയുടെ മലകളില്‍ പലതിനെയും  തുരന്നില്ലാതെയാക്കി.


കാലാവസ്ഥ വ്യതിയാനം തിരിച്ചടി നല്‍കിയ വയനാടിനെ രക്ഷിക്കുവാന്‍ പശ്ചിമ ഘട്ടത്തെ പൂര്‍ണ്ണമായും സംരക്ഷിക്കുകയാണ്  പോംവഴി. 80 ലക്ഷം ടൂറിസ്റ്റ്കള്‍ എത്തുന്ന വയനാടിന്‍റെ പ്രതാപങ്ങള്‍ ഓരോന്നായി ഇല്ലാതെയാകുമ്പോള്‍ ലോകത്തെ അത്ഭുത പ്രദേശം മലയാളികളുടെ കണ്‍ മുന്നില്‍ നിന്നും മായുകയാണ്. അടിയര്‍, പണിയര്‍, കുറുച്ച്യര്‍ തുടങ്ങിയ വിഭാഗത്തില്‍ പെട്ട 1.36 ലക്ഷം ആദിവാസികളുടെ തട്ടകം, ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ നാടായി ഇന്നറിയപെടുന്നു. സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകളില്‍ 90% വും വയനാട്ടില്‍ നിന്നു മാണ്  റിപ്പോര്‍ട്ട്‌ ചെയ്തത്. 


വീട്ടി മരങ്ങള്‍, അയനി (ആഞ്ഞിലി), മുള്ളു മുരിക്ക് എന്നിവ നിര്‍ബാധം വെട്ടി മാറ്റിയതിലൂടെ വേനല്‍ മഴയും കോട മഞ്ഞും ഇളം കാറ്റും തെറിച്ചു വീഴുന്ന മഴത്തുള്ളികളും ഒക്കെ മണ്മറഞ്ഞു കൊണ്ടിരിക്കുന്നു എന്ന് കാണാം.


വയനാടിനെ രക്ഷിക്കുവാന്‍ ഗാട്ഗില്‍ കമ്മീഷന്‍ ഉയര്‍ത്തിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുവാന്‍ ശ്രീ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം തയ്യാറാകുമോ ?


വയനാടിന്‍റെ നദികളും നീര്‍ച്ചാലുകളും തണ്ണീര്‍ തടങ്ങളും catchment areaകളും സംരക്ഷിക്കുവാന്‍ വൈകുന്ന ഓരോ നിമിഷവും വയലിന്‍റെ നാട് വാസ യോഗ്യ മല്ലാതെയാകുയാണ്. കാട്ടാനകളും മറ്റു വന്യ ജീവികളും നശിച്ചില്ലാതെയാകും.  


വയനാട്ടിലെ വിളകളുടെ വില സംരക്ഷിക്കുവാന്‍ ഉതകുന്ന തരത്തില്‍ ലോക വ്യാപാര സംഘടനയുടെയും മറ്റും കൈകളില്‍ നിന്നും ഇന്ത്യന്‍ കര്‍ഷകരെ രക്ഷിക്കുവാന്‍ ശ്രീ രാഹുല്‍ഗാന്ധി രംഗത്ത്‌ വരുമോ  ?         

      
മരിച്ചു കൊണ്ടിരിക്കുന്നവയനാടിനെ രക്ഷിക്കുവാൻ വയനാട്ടിൽ സ്ഥാനാർത്ഥിയായി എത്തിയിട്ടുള്ള ശ്രീ.രാഹുൽ ഗാന്ധി, നിങ്ങൾ അതിനു വേണ്ട രാഷ്ട്രീയ തീരുമാനങ്ങൾ കൈകൊള്ളുമോ ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment