ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു




തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. കേരളത്തില്‍ വീണ്ടും ന്യൂനമര്‍ദം കനക്കുന്നതയാണ് റിപ്പോർട്ട്. ബുധനാഴ്ച്ച വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. 


ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാലാണ് കനത്ത മഴ കേരളത്തില്‍ ലഭിക്കാന്‍ സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലാകും കൂടുതൽ കാറ്റ് വീശാൻ സാധ്യത.


മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും, പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ബുധനാഴ്ചയുമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മഴ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ പ്രവചനം. നൂറ് ശതമാനം മഴ ഈ മാസങ്ങളിൽ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.


അതേസമയം, ഡാമുകളിൽ വെള്ളം വളരെയധികം കുറഞ്ഞ അവസ്ഥയിലാണുള്ളത്. ഇടുക്കി അണക്കെട്ടിൽ 20.3 ശതമാനമാണ് വെള്ളത്തിന്റെ അളവ്. ശബരിഗിരിയിൽ 17.5 ശതമാനവും ഇടമലയാറിൽ 20.2 ശതമാനവും വെള്ളം മാത്രമാണ് ഉള്ളത്. കഴിഞ്ഞ വർഷം ഈ സമയത്ത് 92 ശതമാനമായിരുന്നു അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment