സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു




തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.


അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ മലപ്പുറം ജില്ലയിൽ നാലു ദിവസത്തിനിടെ പെയ്തത് പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടിയോളം മഴ. ദിവസം ശരാശരി 30 മില്ലീമീറ്ററിന് മുകളിൽ മഴ ലഭിക്കുന്നുണ്ട്. സെപ്തംബർ അഞ്ചു മുതൽ ഇന്നലെ വരെ ജില്ലയിൽ 139.4 മില്ലീമീറ്റർ മഴ ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക്. 53.88 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്താണിത്. മഴയിൽ 159 ശതമാനം വർദ്ധനവുണ്ട്. 


ന്യൂനമർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തിരുവനന്തപുരത്ത് 35.8  മില്ലീമീറ്റർ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 201.8ഉും കേരളത്തിൽ 146 ശതമാനമാണ് മഴക്കൂടുതൽ. 61.5 മില്ലീമീറ്റർ പ്രവചിച്ചപ്പോൾ ലഭിച്ചത് 151.4 മില്ലീമീറ്ററും. കേരളത്തിൽ മൺസൂൺ മഴയിൽ ഇതുവരെ നാല് ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലപ്പുറത്ത് ഇത് 15 ശതമാനമാണ്. സംസ്ഥാനത്ത് മഴക്കുറവിൽ അഞ്ചാം സ്ഥാനത്താണ് ജില്ല. തിരുവനന്തപുരം,​ തൃശൂർ,​ വയനാട്,​ കോട്ടയം ജില്ലകളിലാണ് മഴക്കുറവ് കൂടുതലും.
 

അതേസമയം, കണ്ണൂരില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.


ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട് , മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ടുണ്ട്.


ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.


ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment