നവകേരളത്തിന്റെ കൺസൾട്ടന്റായി കരിമ്പട്ടികയിൽ പെട്ട ആഗോള ഭീമൻ




കേരള പുനർനിർമ്മാണത്തിന്റെ കൺസൾട്ടന്റായി വിവാദ ആഗോള കമ്പനിയെ തെരഞ്ഞെടുത്തതിനെ ചൊല്ലി വിവാദം പുകയുന്നു. ബ്രിട്ടനില്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അന്വേഷണം നേരിടുകയും സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാരിന്റെ കരിമ്പട്ടികയിലുമുള്ള  കെ.പി.എംജി എന്ന ഓഡിറ്റിങ് കമ്പനിയെ കൺസൾട്ടേഷൻ ഏൽപ്പിക്കാനാണ്  മന്ത്രിസഭ തീരുമാനിച്ചത്. കമ്പനി സേവനം സൗജന്യമായി നല്‍കാന്‍  സമ്മതിച്ചതായാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 

 

ലോകത്തിലെ നാല് പ്രധാന ഓഡിറ്റര്‍ കമ്പനികളിലൊന്നാണ് നെതര്‍ലാന്റ് ആസ്ഥാനമായ കെ.പി.എം.ജി. ഈ സ്ഥാപനത്തിനെതിരെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.  ബ്രിട്ടനിലെ കാരിലിയോണ്‍ എന്ന നിര്‍മ്മാണ കമ്പനിയ്ക്ക് അനുകൂലമായി വ്യാജ ഓഡിറ്റിങ് റിപ്പോർട്ട് നൽകിയതിന് ബ്രിട്ടീഷ് പാർലമെന്റിന്റെ രൂക്ഷ വിമർശനമാണ് കെപിഎംജിക്ക് നേരിടേണ്ടി വന്നത്.ഈ മാസം ഫാഷൻ റീട്ടയിലർ കമ്പനിയായ റ്റെഡ് ബേക്കേഴ്‌സിന്റെ ഓഡിറ്റിങ് റിപ്പോർട്ടുകളിൽ തിരിമറി നടത്തിയതിന് യു.കെ ഫിനാൻഷ്യൽ റിപ്പോർട്ടിങ് കൗൺസിൽ 3 മില്യൺ പൗണ്ട് കെപിഎംജിക്ക് പിഴ വിധിച്ചതാണ് ഏറ്റവും ഒടുവിലത്തെ വാർത്ത . 2013 - 2014 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിൽ തിരിമറി നടത്തിയതിനാണ് നടപടി.  

 

കെപിഎംജി ഇന്ത്യക്ക് എതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് , പേരു വെളിപ്പെടുത്താത്ത, ഒരു സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥൻ പ്രധാനമന്ത്രി മോദിക്ക് അയച്ച ഒരു കത്ത് ഈ വർഷം ഫെബ്രുവരിയിൽ പുറത്ത് വന്നിരുന്നു. കെപിഎംജി ഉന്നത ഉദ്യോഗസ്ഥരെ പലതരത്തിൽ സ്വാധീനിക്കുന്നത് സംബന്ധിച്ചായിരുന്നു കത്തിന്റെ ഉള്ളടക്കം. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള അവിഹിത ഇടപെടലിന് കെപിഎംജി ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം . ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള സ്ഥാപനമാണ് കെപിഎംജി എന്നും, ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്ക് കെപിഎംജിയില്‍ ജോലി നല്‍കിയാണ് സ്വാധീനം നേടിയെടുക്കുന്നതെന്നുമായിരുന്നു കത്തില്‍ ആരോപിച്ചിരുന്നത്. 

 

ഇക്കഴിഞ്ഞ ഏപ്രിലിൽ ദക്ഷിണാഫ്രിക്ക ഗവണ്മെന്റ് സ്ഥാപനങ്ങളുടെ ഓഡിറ്റിങ് നടത്തുന്നതിൽ നിന്ന് കെപിഎംജിയെ വിലക്കിയിരുന്നു. ഇന്ത്യന്‍ വംശജനും സൗത്ത് ആഫ്രിക്കയിലെ ആദ്യ അഞ്ചു ധനികരില്‍ ഒരാളുമായ അതുല്‍ ഗുപ്തയുമായി ചേര്‍ന്ന് വന്‍തോതില്‍ സാമ്പത്തിക തിരിമറി നടത്തിയതിന്റെ പേരിലാണ് സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാര്‍ കെ.പി.എംജിയുമായുള്ള കരാറുകള്‍ റദ്ദാക്കിയത്. മുൻ പ്രസിഡന്റ് ജേക്കബ് സുമയുമായുള്ള ബന്ധം മുതലെടുത്ത് കരാറുകൾ അനധികൃതമായി നേടിയതിന്റെ പേരിൽ വിവാദത്തിൽ പെട്ട കമ്പനിയാണ് ഗുപ്തമാരുടെ കമ്പനി.  കെപിഎംജി കഴിഞ്ഞ വർഷം ക്ളീൻ ചിറ്റ് നൽകിയ വിബിഎസ് എന്ന ബാങ്ക് ഈ വർഷമാദ്യം തകർന്നു വീണതും കെപിഎംജിയെ വെട്ടിലാക്കി. കെപിഎംജി നൽകിയ റിപ്പോർട്ട് വലിയ ക്രമക്കേടുകൾ നിറഞ്ഞതായിരുന്നു എന്നാണ് കണ്ടെത്തിയത്. 

 

2003ല്‍ കെ.പി.എം.ജിയുടെ അമേരിക്കന്‍ സ്ഥാപനമായ കെ.പി.എം.ജി എല്‍.എല്‍.പിയെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജസ്റ്റീസ് നികുതി വെട്ടിപ്പിന് കൂട്ടുനിന്നതിന്റെ പേരില്‍ കുറ്റം ചുമത്തിയിരുന്നു. കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് നികുതി വെട്ടിപ്പിന് അവസരം നല്‍കിയെന്നായിരുന്നു കേസ്. ഇതേതുടര്‍ന്ന് 456 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി കേസ് കെ.പി.എം.ജി അവസാനിപ്പിക്കുകയായിരുന്നു.

 

ഇങ്ങനെ ലോകം മുഴുവൻ ആരോപണം നേരിടുന്ന ഒരു കമ്പനിയുടെ കൺസൾട്ടേഷൻ സേവനം തേടുന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇപ്പോൾ നേരിട്ട പാരിസ്ഥിതിക ദുരന്തത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പരിസ്ഥിതി സൗഹൃദവും ജനകീയവുമായ വികസന നയത്തിലൂടെയും മാസ്റ്റർ പ്ലാനിലൂടെയും വേണം കേരളം പുനർനിർമ്മിക്കാൻ എന്ന ആവശ്യം സജീവമായി ഉയരുന്ന സാഹചര്യത്തിലാണ് പല രാജ്യങ്ങളും കരിമ്പട്ടികയിൽ പെടുത്തിയ ആഗോള ഭീമൻ കമ്പനിയെ കേരളത്തിന്റെ പുനർ നിർമ്മാണത്തിന്റെ കാര്യങ്ങൾ നിശ്ചയിക്കാൻ ഏൽപ്പിച്ചിരിക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment