അപകടകരമായ കളനാശിനികളുടെ നിരോധനത്തെ സ്വാഗതം ചെയ്യാം




Glyphosate  (Round up) എന്ന കളനാശിനി നാട്ടിൽ  നിരോധിക്കുന്നു എന്ന വാര്‍ത്ത‍ സന്തോഷകരമാണ്. കൃഷിയെ വ്യവസായമായി മാത്രം പരിഗണിക്കുന്ന നാണ്യവിള തോട്ടങ്ങളില്‍ (യുറോപ്പ്) കളകളെ കരിക്കുവാന്‍ ഉപയോഗിച്ചു തുടങ്ങിയ കളനാശിനികള്‍ യൂറോപ്പുകാർ  തന്നെ പില്‍കാലത്ത് നിരുത്സാഹപ്പെടുത്തി. Agent orange എന്ന കളനാശിനി കുപ്രസിദ്ധി നേടിയത് വിയറ്റ്നാം യുദ്ധത്തിലൂടെയാണ്. കള നാശിനിയുടെ സംഹാര താണ്ടവം ലോകം അന്നറിഞ്ഞു. കേരളത്തിന്‍റെ  സമാനമായ  വിസ്തൃതിയിലെ വീയറ്റ്നാം കാടുകള്‍ കരിക്കുവാന്‍ ഉപയോഗിച്ചത് കളനാശിനികളെ ആയിരുന്നു.മോന്‍സാന്‍ഡോ എന്ന കമ്പനി ഉണ്ടാക്കി അമേരിക്കന്‍ ഭരണ കൂടത്തെ സഹായിക്കുവാന്‍ യുദ്ധമുഖത്ത്  എത്തിച്ച  കളനാശിനികൾ  കൊലപ്പെടുത്തിയത് ലക്ഷക്കണക്കിന് മനുഷ്യരെയാണ്.


Glycine വിഭാഗത്തില്‍ പെട്ട Glyphosite എന്ന കളനാശിനിയെ 1974 ല്‍  വിപണിയില്‍ എത്തിച്ച മോന്‍സാണ്ടോ അമേരിക്ക,യുറോപ്പ്, ആഫ്രിക്ക എന്നിവടങ്ങളിലെ  മാര്‍ക്കറ്റുകളെ  പെട്ടെന്നു തന്നെ കീഴടക്കി. വിള എടുക്കുന്നതിനു തൊട്ടു മുൻപ്  മണ്ണിനെ ഉണക്കുന്ന രീതി അമേരിക്കയിലും മറ്റും വ്യാപകമായത് തോട്ടം മുതലാളിമാർക്ക് ലാഭം നൽകി എങ്കിലും പരിസ്ഥിതിയെ അതു പ്രതികൂലമായി ബാധിച്ചു.Glyphosate നുമുന്‍പ് ഉപയോഗിച്ചു വന്ന 2-4-Dയും മണ്ണിന്‍റെ ജൈവ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയുന്ന രാസ വസ്തുവാണ്. വീയറ്റ്നാം യുദ്ധത്തില്‍ 2-4-5-T യും Dioxine ഉം 2-4-D ക്കൊപ്പം കലര്‍ത്തിയാണ് വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തിയത് . റോഡുകള്‍, തീവണ്ടി ട്രാക്ക്കള്‍ മുതലായ സ്ഥലങ്ങളില്‍ ഉപയോഗിച്ചു വന്ന കളനാശിനികളുടെ അപകടങ്ങള്‍ മനസ്സിലാക്കിയ പല രാജ്യങ്ങളും അവ ഉപേക്ഷിക്കുവാന്‍ നേരത്തെ  തീരുമാനിച്ചു.മനുഷ്യ ഗ്രന്ധികളുടെ പ്രവര്‍ത്തനങ്ങളെ ബുധിമുട്ടിലാക്കുവാന്‍ അവര്‍ക്ക് കഴിയും. മണ്ണിലെ ഘടനകളെ അട്ടിമറിക്കുന്ന കളനാശിനി കള്‍ സൂക്ഷ്മ ജീവികളെയും ചിത്ര ശലഭങ്ങള്‍, തേനീച്ച എന്നിവയുടെ നിലനില്‍പ്പിനെയും  പ്രതികൂലമായി സ്വാധീനിക്കുന്നു. അമേരിക്കയിലെ  സാന്‍ ഫ്രാന്‍സിസ് കോടതി Glyphosate(round up) ഉൽപ്പാദിപ്പിക്കുന്ന മൊൻസാൻഡോക്കെതിരെ കൊടുത്ത കേസ്സില്‍ 29 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കുവാന്‍ വിധിച്ചതിനു പിന്നില്‍, ജോണ്‍സണ്‍ എന്ന ആളുടെ ജീവിതത്തില്‍ കളനാശിനി  ഉണ്ടാക്കിയ പ്രശ്നങ്ങള്‍ കാരണമായിരുന്നു. ഒന്നര ഡസന്‍ രാജ്യങ്ങൾ നിരോധിച്ച Round up എന്ന കള നാശിനി കേരളത്തില്‍ നിരോധിക്കുവാന്‍ വൈകി ആണെങ്കിലും സർക്കാർ എടുത്ത തീരുമാനം ആശാവഹമാണ്.     


22000 ലധികം വരുന്ന വിവിധ ഇനം കീടനാശിനികള്‍ രാജ്യത്ത് ഉണ്ടെന്നിരിക്കെ അവയില്‍ 22 എണ്ണത്തെ മാത്രമാണ് കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ നിരോധിച്ചത്  . 106 കീടനാശിനികള്‍ വിവിധ രാജ്യങ്ങള്‍ നിരോധിച്ചു.അവയെ പൂര്‍ണ്ണമായും നിരോധിക്കുന്നതിന് പകരം 66 എണ്ണത്തെ പറ്റി മാത്രമാണ് കൂടുതല്‍ പഠിക്കുവാന്‍ സര്‍ക്കാര്‍ സമിതികൾ  തീരുമാനിച്ചത്. നിരോധിക്കുവാന്‍ തീരുമാനിച്ചതാകട്ടെ 18 മാത്രം. 6 എണ്ണത്തെ കൂടി മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കുവാന്‍ 2020 ഡിസംബര്‍ 31 വരെ രാജ്യം കാത്തിരിക്കണം എന്ന അവസ്ഥയിലാണ് നമ്മള്‍.  


വളവും കീടനാശിനിയും ശാസ്ത്രീയ നിർദ്ദേശ പ്രകാരം, നിയന്ത്രിതമായി മാത്രം , അപകട രഹിതമായ രീതിയിൽ  ഉപയോഗിക്കുക, കളനാശിനികളെ പൂർണ്ണമായും ഒഴിവാക്കുക എന്നതായിരിക്കണം നമ്മുടെ നാടിന്റെ നിലപാട്. പ്രകൃതിയുടെ വിഭവങ്ങളെ തന്നെ ഉപയോഗപ്പെടുത്തി കൃഷിക്കും മണ്ണിനും ശക്തി പകരുവാൻ വഴിയുണ്ടാകും വിധം കാർഷിക സമീപനങ്ങളിൽ  പൊളിച്ചെഴുത്തുകൾ നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment