ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം മന്ത്രി എം.എം. മണി തള്ളി




എറണാകുളം വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലെ വൈദ്യുത ടവര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം തള്ളി വൈദ്യുതി മന്ത്രി എം.എം. മണി. സമര സമിതിയുടെ ആശങ്കകൾ കേട്ട മന്ത്രി ആശങ്കകളെ കുറിച്ച് പഠിക്കാമെന്ന് അറിയിച്ചു. എന്നാൽ മന്ത്രിയെ കാര്യങ്ങൾ അറിയിക്കാൻ വൈകിയെന്നും ഇനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാവില്ലെന്നും മന്ത്രി സംരക്ഷണ സമിതി ഭാരവാഹികളോട് വ്യക്തമാക്കി.


ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുണ്ടെന്ന് മന്ത്രി മണി ചർച്ചയിൽ പറഞ്ഞു. ഇനി മന്ത്രിയെന്ന നിലയില്‍ ഞാന്‍ ഇടപ്പെട്ടാല്‍ വെട്ടിലാകും. ഹൈക്കോടതിയില്‍ പോകുന്നതിന് മുന്‍പ് ഇത് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. 20 വര്‍ഷം മുന്‍പത്തെ പ്രൊജക്റ്റാണിത്. എട്ട് കോടിയുടെ പ്രൊജക്റ്റ് ഇപ്പോള്‍ 30 കോടി രൂപയില്‍ പൂര്‍ത്തീകരിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ നിര്‍ത്തിവച്ചാല്‍ വെട്ടിലാകുമെന്നും മന്ത്രി.


അതേസമയം, ശാന്തിവനത്തിലെ നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ശാന്തിവനം സംരക്ഷണ സമിതി കണ്‍വീനര്‍ കുസുമം ജോസഫ് 'ഗ്രീൻ റിപ്പോർട്ട'റിനോട് പറഞ്ഞു. എന്നാൽ നിർമാണം നിർത്തിവെക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് അവർ അറിയിച്ചു. വൈദ്യുത ടവർ അലൈൻമെന്റ് ശാന്തിവനത്തിലൂടെ പോകുന്നതിൽ മന്ത്രിക്കും അതൃപ്തിയുണ്ട്. എങ്കിലും നിർമാണം നിർത്തി വെച്ച് വിഷയം പഠിക്കാനാവില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഈ വിഷയം അറിയിക്കാൻ വൈകിയതിലും മന്ത്രി അതൃപ്തി അറിയിച്ചു. അതേസമയം, പദ്ധതി തെറ്റാണെന്ന് തോന്നുന്ന നിമിഷം തന്നെ അത് നിർത്തിവെക്കാൻ മന്ത്രി തയ്യാറാവുകയാണ് വേണ്ടതെന്ന് കുസുമമം ജോസഫ് പറഞ്ഞു.


ശാന്തി വനത്തിന്‍റ‌െ ഉടമ മീനാ മേനോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കാണാനെത്തിയത്. ശാന്തി വനത്തില്‍ ടവര്‍ സ്ഥാപിക്കുന്നതിന് എതിരായ സമരം തുടങ്ങിയതിന് ശേഷം ആദ്യമായാണ് മന്ത്രി സമരക്കാരെ കണ്ടത്. ഒന്നരമണിക്കൂര്‍ സമയം സംഘം മന്ത്രിയുമായി സംസാരിച്ചു. എന്നാൽ ശാന്തിവനം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സമയമില്ല എന്നാണ് മന്ത്രി പറഞ്ഞതെന്ന് മീന മേനോന്‍ പറഞ്ഞു. മന്ത്രിയില്‍ വിശ്വാസമുണ്ടെന്നും സംഘം അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment