സേവ് ആലപ്പാട്; കരിമണൽ ഖനനം ഒരു നാടിനെ മുഴുവൻ കടലിനടിയാലാക്കാതിരിക്കാൻ നാം കണ്ണുതുറക്കേണ്ടതുണ്ട്




കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത് ഇന്ന് ദേശീയ ജലപാതയെയും ലക്ഷദ്വീപ് കടലിനെയും വേർതിരിക്കുന്ന ഒരു വരമ്പ് മാത്രമാണ്. 20000 ഏക്കറോളം കര ഭൂമിയാണ് ഈ പ്രദേശത്ത് വർഷങ്ങളായി തുടരുന്ന കരിമണൽ ഖനനം മൂലം കടലിനടിയിലായത്. എന്നിട്ടും നിർത്താതെ ഖനനം തുടർന്നുകൊണ്ടേ ഇരിക്കുകയാണ്. സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിംഗ്   എന്ന ബാനറുമായി ഇവിടുത്തെ ജനങ്ങൾ സമരം നടത്തുന്നത് യുവ സിനിമാ താരം ടോവിനോ തോമസിന്റെ ശ്രദ്ധയിൽ പെട്ടിട്ടും ഇവിടുത്തെ ജനങ്ങളുടെയോ ജനപ്രതിനിധികളുടെയോ ശ്രദ്ധയിൽപെട്ടിട്ടില്ല എന്നത് അവിശ്വസിനീയമാണ്. കണ്ടിട്ടും കാണാത്ത ഭാവം നടിക്കുകയാണ് എല്ലാവരും.


മൽസ്യ സമ്പത്ത്‌കൊണ്ടും കാർഷിക സമൃദ്ധികൊണ്ടും സമ്പന്നമായിരുന്നു ആലപ്പാട്. എന്നാൽ 1965 മുതൽ ആലപ്പാടിന്റെ ചിത്രം തന്നെ മാറിമറിയാൻ തുടങ്ങി. ഇന്ത്യൻ റെയർ എർത് സ് ലിമിറ്റഡ് (ഐ ആർ ഇ) 1965 മുതൽ അതിരൂക്ഷവും മാരകവുമായ കരിമണൽ ഖനനം തുടങ്ങിയത് മുതൽ  ആലപ്പാടിന്റെ തലവര തന്നെ മാറി. പശ്ചിമ  തീര ദേശീയ ജലപാതക്കും കടലിനുമിടയിലുണ്ടായിരുന്ന വിശാലമായ ഭൂപ്രദേശവും അതിനെ സംരക്ഷിച്ച് നിർത്തിയിരുന്ന കരിമണൽ കുന്നുകളും മധ്യതിരുവിതാംകൂറിലെ പ്രശസ്‌തമായ മുക്കുംപുഴ പാടവും പാനക്കാട്ടു പാടവും വിവിധ ജലസ്രോതസുകളും ഖനനം മൂലം ഇല്ലാതായി. 


തീരത്തിന്റെ പരിസ്ഥിതി എന്നും സംരക്ഷിച്ച് നിർത്തിയിരുന്ന ചാകര (mud bank) എന്ന പ്രതിഭാസം തീരത്തിന് നഷ്ടമായതോടെ ഐ ആർ ഇ ഖനനം ചെയ്യുന്ന ഭൂപ്രദേശത്തേക്ക് മണൽ നിർബാധം ഒഴുകിയെത്തുന്ന രീതിയിൽ ഖനനം ഇപ്പോഴും തുടരുകയാണ്. ഖനനം തുടങ്ങുന്നതിന് മുൻപ് 89.5 ചതുരശ്ര കിലോമീറ്റർ ഭൂവിസ്‌തൃതിയുണ്ടായിരുന്ന ആലപ്പാട് വില്ലേജിന്റെ ഇപ്പോഴത്തെ ഭൂവിസ്‌തൃതി കേവലം 7.6 ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങിയിരിക്കുന്നു. അതായത് 81.5 ചതുരശ്ര കിലോമീറ്റർ കര കടലായി മാറി. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള ഒരു പ്രദേശത്ത് 20000 ഏക്കറോളം ഭൂമി നഷ്ടമായി എന്നത് അത്യന്തം ഗൗരവതരമായ കാര്യമാണ്.


ഇക്കാലത്തിനിടക്ക് ഏകദേശം 5000 ത്തോളം കുടുംബങ്ങൾ ഭൂരഹിതരാവുകയോ സ്ഥലം മാറിപോവുകയോ ഉണ്ടായിട്ടുണ്ട്. മൽസ്യ മേഖല ഉപജീവമാരാഗമാക്കിയിരുന്ന ഇവരിൽ പലരും സ്ഥലം മാറി പോയതോടെ തൊഴിൽ രഹിതരും ആയി. 


ഖനനം പ്രകൃതിക്ക് വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് വരുത്തിയത്. ആലപ്പാടിന്റെ തെക്കുഭാഗം മുതൽ വടക്കുഭാഗം വരെയുണ്ടായിരുന്ന കണ്ടൽക്കാടുകൾ പൂർണമായും ആലപ്പാടിന് നഷ്‌ടമായി. കണ്ടൽകാടിനോട് ചേർന്നുള്ള മൽസ്യസമ്പത്തിനും ഇതോടെ ശോഷണമുണ്ടായി. തീരങ്ങളിൽ ഉണ്ടായിരുന്ന മരങ്ങൾ നശിച്ചതോടെ തീരം നശിച്ചു. നിരവധി ശുദ്ധജല സ്രോതസ്സുകളും ഖനനം മൂലം നശിച്ചു. തണ്ണീർത്തടങ്ങളും ഉറവകളും കിണറുകളും വറ്റിവരണ്ടു നശിച്ച് പോയി. 


ലക്ഷദ്വീപ് കടൽ മേഖലയിൽ സുനാമി തിരമാലകൾ മൂലം കന്യാകുമാരി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ജീവനും സ്വത്തിനും നാശമുണ്ടായത് ആലപ്പാട് പഞ്ചായത്തിലാണ് എന്ന വസ്തുതയും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.  പ്രകൃതിദത്ത മണൽകുന്നുകൾ ഖനനം മൂലം നഷ്ടമായതോടെ കടലാക്രമണത്തിനെ പ്രതിരോധിക്കാൻ മറ്റുമാർഗങ്ങളില്ല. അറബിക്കടലിനും ടി എസ് കനാലിനും ഇടയിൽ മൂന്നര കിലോമീറ്റർ വീതിയുണ്ടായിരുന്ന നിലവിലെ ഖനന മേഖലയിൽ കായലും കടലും ഒന്നായി തീർന്നത് സമീപകാല ദുരന്തമാണ്.


ഖനനം വീണ്ടും തുടർന്നാൽ കൊല്ലം - ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങൾ കടലെടുക്കും എന്ന കാര്യം നിസ്തർക്കമാണ്. ഇത് വീണ്ടും ഒരു മഹാദുരന്തത്തിന് വഴിവെക്കും. അത്‌കൊണ്ട് തന്നെ വിഷയത്തിൽ അടിയന്തിരമായി സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. നവംബർ ഒന്നുമുതൽ പ്രദേശത്ത് ആരംഭിച്ച റിലേ നിരാഹാര സത്യഗ്രഹം ഇനിയും കണ്ടില്ലെന്ന് നടിച്ചുകൂടാ. വിഷയത്തിൽ പ്രതികരിക്കാൻ ഒരു സിനിമാ താരം, കലാകാരൻ കാണിച്ച ആർജ്ജവം ഇവിടുത്തെ ജനങ്ങളും നേതാക്കളും കാണിക്കേണ്ടതുണ്ട്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment