കടൽ ക്ഷോഭം രൂക്ഷമാകുന്നു; നിരവധി വീടുകള്‍ തകര്‍ന്നു; സ്ത്രീകളുടെ ആത്മഹത്യാ ഭീഷണി




സംസ്ഥാനത്ത് പലയിടങ്ങളിലും കടൽ ക്ഷോഭം രൂക്ഷമാകുന്നു. കടൽ ക്ഷോഭം രൂക്ഷമായതോടെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. കാലാവസ്ഥ വ്യതിയാനവും അനധികൃത നിർമാണവുമാണ് കടൽ ക്ഷോഭത്തിന് പ്രധാന കാരണമെങ്കിലും അതിനെ എല്ലാം ഭരണാധികാരികൾ അവഗണിക്കുകയാണ്. ഇത് കടൽ തീരങ്ങളിൽ ജീവിക്കുന്ന സാധാരണക്കാർക്ക് സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല.


പാറശാല പൊഴിയൂര്‍ മേഖലയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ കൊല്ലങ്കോട്, പൊയ്പ്പള്ളിവിളാകം എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ മൂന്ന് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപത്തെ അനധികൃത പുലിമുട്ട് നിര്‍മ്മാണത്തെ തുടര്‍ന്നാണ് കടല്‍ക്ഷോഭം ശക്തമായത്. വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ തീരത്തുള്ള മറ്റ് കുടുംബങ്ങളില്‍ അഭയം തേടി. 


സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര തഹസീല്‍ദാര്‍ അന്‍സര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ക്യാമ്ബുകളിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വീടുകളില്‍ തുടരുകയാണ്. കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാര്‍ജുനനും സംഘവും ഇവര്‍ക്ക് ഭക്ഷണവും മറ്റ് സഹായവും ഉറപ്പാക്കി. ഇന്ന് കളക്ടറെ നേരില്‍ക്കണ്ട് അടിയന്തര സഹായം ലഭ്യമാക്കാമെന്ന് പ്രസിഡന്റ് ഉറപ്പുനല്‍കി. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്‌ത വീടുകള്‍ പൂര്‍ണമായും ലഭിച്ചില്ലെന്നാണ് പരാതി.


അതേസമയം, കടലാക്രമണം ചെറുക്കാന്‍ കടല്‍ഭിത്തി കെട്ടാമെന്ന അധികൃതരുടെ ഉറപ്പ് നടപ്പാക്കാതെ വന്നതോടെ വലിയതുറയില്‍ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ആത്മഹത്യാശ്രമം. പൊലീസ് പിന്തിരിപ്പിച്ച്‌ പുറത്തേക്കെത്തിച്ചതിന് പിന്നാലെ സ്ത്രീകള്‍ കടല്‍പ്പാലത്തിന് മുന്നില്‍ സത്യാഗ്രഹം നടത്തി. ചര്‍ച്ചയ്‌ക്കെത്തിയ തഹസില്‍ദാരെയും വില്ലേജ് ഓഫീസറെയും തീരുമാനം ഉണ്ടാകുന്നതുവരെ നാട്ടുകാര്‍ പുറത്തേക്ക് പോകാന്‍ അനുവദിച്ചില്ല. വൈകിട്ടോടെ തീരുമാനം ഉണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് തിരികെ പോകാനായത്. ഇന്നലെ പുലര്‍ച്ചെ ഏഴോടെയാണ് അമ്ബതിലധികം മത്സ്യത്തൊഴിലാളി സ്ത്രീകള്‍ വലിയതുറ കടല്‍പ്പാലത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.


കൊല്ലം അഴീക്കല്‍, കൊല്ലം ബീച്ചുകളിലും ഇരവിപുരം, മുണ്ടയ്‌ക്കല്‍, പാപനാശം, പരവൂര്‍ മയ്യനാട്‌ എന്നീ തീരപ്രദേശങ്ങളിലും കടല്‍ ക്ഷോഭം രൂക്ഷമാണ്. ഇതിനെ തുടര്‍ന്ന്‌ സന്ദര്‍ശകര്‍ക്ക്‌ ബീച്ചില്‍ വിലക്ക്‌ ഏര്‍പ്പെടുത്തി. സാധാരണ മാര്‍ച്ച്‌ മാസത്തില്‍ കടല്‍ ശാന്തമാകേണ്ടതാണ്‌. എന്നാല്‍ അതിന്‌ വിപീരീതമായ പ്രതിഭാസമാണ്‌ കൊല്ല തീരമേഖലയില്‍ കാണുന്നത്‌. കൊല്ലം ബീച്ചില്‍ കഴിഞ്ഞ ദിവസം മുതലാണ്‌ തിരമാലകള്‍ ശക്‌തമായി കരയിലേക്ക്‌ ഇരച്ച്‌ കയറാന്‍ തുടങ്ങിയത്‌. കടല്‍തിട്ട തിരമാലകള്‍ കവര്‍ന്നു. 


അഴീക്കല്‍ ബീച്ചിലും കടല്‍ കയറ്റം ശക്‌തമാണ്‌. രണ്ട്‌ ബീച്ചിലുമായി അമ്പത്‌ മീറ്ററോളം കരയിലേക്ക്‌ തിരമാല കയറി. സാധാരണ കാലവര്‍ഷത്തിന്‌ മുന്നോടിയായിട്ടാണ്‌ ഇത്തരത്തില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നത്‌. എന്നാല്‍ ഇത്‌ ചില സമയങ്ങളില്‍ ഉണ്ടാകുന്ന കള്ള കടല്‍ പ്രതിഭാസമാണെന്നാണ്‌ പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്‌

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment