സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക




വേഗത്തിലുള്ള യാത്ര കാലത്തിന്റെ ആവശ്യകതയാണ് എന്ന ധാരണയെ മുൻ നിർത്തിയുള്ള സിൽവർ ലൈൻ പദ്ധതി, കേരളത്തിന് ബാധ്യതയാണ് എന്ന് സർക്കാർ മറന്നു പോകുന്നു. യാത്രയുടെ സ്വഭാവം വ്യക്തികളുടെ തൊഴിൽ/വരുമാനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 


യാത്രാപശ്ചാത്തലമൊരുക്കുന്ന ചെലവുകളിൽ പാത ഒരുക്കൽ, ഫ്ലീറ്റുകളുടെ വില,ആവർത്തന ബാധ്യത മുതലായവ പ്രധാനമാണ്.നാടിന്റെ പ്രകൃതിയെ കുറച്ചു മാത്രം ബാധിക്കുന്ന തരത്തിൽ,ചെലവും വരുമാനവും പൊരുത്തപ്പെടുന്ന രൂപത്തിൽ,പരമാവധി കുറഞ്ഞ വിഭവങ്ങൾ (നിർമ്മാണത്തിലും ശേഷവും) പ്രയോജനപ്പെടുത്തിയാകണം യാത്രാ മാർഗ്ഗങ്ങൾ ഒരുക്കേണ്ടത്.


2015 ലെ പാരീസ് COP 21ൽ സുസ്ഥിര വികസന മാർഗ്ഗങ്ങളിൽ (17 മേഖലകൾ) നിർമ്മാണ-യാത്രാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ വെച്ച നിർദ്ദേശങ്ങൾക്കൊപ്പം നിൽക്കുവാൻ ബാധ്യസ്ഥമാണ് കേരളവും. എന്നാൽ സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി സൗഹൃദ അജണ്ടകളെ പരിഗണിക്കുന്നില്ല എന്നു വ്യക്തമാണ്. ടൂറിസത്തിൽ വലിയ പ്രതീക്ഷകൾ പുലർത്തുന്ന സംസ്ഥാനത്തെ പ്രകൃതി വിരുധ വൻകിട പദ്ധതികൾ ആ രംഗത്തിന്റെ മതിപ്പിനു തിരിച്ചടിയായി തീരും എന്നു സർക്കാർ തന്നെ മറക്കുന്നു.


കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ യാത്രാ രംഗത്ത് നിരവധി ഗുണപരമായ മാറ്റങ്ങ ളുണ്ടായി.വാഹനങ്ങളുടെ സുരക്ഷിതത്വം വർധിച്ചു.സിഗ്നലുകൾ മെച്ചപ്പെട്ടു. റോഡുകൾ താരതമ്യേന വൃത്തിയായി.എന്നാൽ വാഹനങ്ങളുടെ വൻ വർധന, ഗുണപരമാകേണ്ട അവസരങ്ങളെ നിഷ്പ്രഭമാക്കി.അതിനാൽ ആനുപാതികമായി കൂടേണ്ട വേഗത വർധിച്ചില്ല.താലൂക്കു റോഡുകളിലൂടെയുള്ള ശരാശരി വേഗത ഇന്നും 30 Km/hr .സംസ്ഥാന ഹൈവേയിൽ 40/45 km.ദേശീയ ഹൈവേയിൽ 45/55 Km മാത്രമാണ്.


റെയിൽ രംഗത്തെ മാറ്റങ്ങൾ നിരാശാജനകമാണ്.ഒന്നര കോടി യാത്രികർ പ്രതി ദിനമുള്ള കേരളത്തിൽ KSRTC 30 ലക്ഷത്തിൽപരം യാത്രക്കാരെ വഹിക്കുമ്പോൾ റെയിൽ യാത്രികർ 5 ലക്ഷം മാത്രമാണ്.വേഗത കൂടിയ തീവണ്ടി പോലും മണിക്കൂ റിൽ 60 Km എത്താറില്ല.ഷട്ടിൽ ട്രെയിൻ വേഗത 25 /30 Km/hr മാത്രവും .


യാത്രാ വേഗം വർധിക്കണം.ചെലവ്  കുറഞ്ഞിരിക്കണം. പ്രകൃതി ആഘാതം പരമാവധി കുറവായിരിക്കണം. സാമ്പത്തിക ബാധ്യത ഉണ്ടാകരുത്. പ്രാദേശിക സാങ്കേതിക വിദ്യക്കും പ്രാദേശിക സാമ്പത്തിക സഹായത്തിനും മുൻഗണന ഇവയൊക്കെയാണ് സുസ്ഥിര യാത്രാ പദ്ധതികളിൽ ഉണ്ടാകേണ്ടത്.


സംസ്ഥാനത്തിന്റെ വടക്കു - തെക്കു യാത്രാ പ്രശ്നങ്ങൾക്ക് പോലും പരിഹാരമല്ല സിൽവർ ലൈൻ എന്തുകൊണ്ട് ?


1. കാസർഗോഡ്-തിരുവനന്തപുരം വാണിജ്യ /വ്യവസായ പാതയല്ലാത്ത 525 Km ലെ  യാത്രകർ സാധാരണക്കാരായതിനാൽ പരമാവധി ചെലവു കുറഞ്ഞതാകണം - സിൽവർ ലൈൻ യാത്രാ ചെലവ് കി.മീറ്ററിന് കുറഞ്ഞത് 3 Rs മുതൽ 6 രൂപ വരെയാകും. നിലവിലെ ബസ്സ് / തീവണ്ടി നിരക്കുകൾ 50 പൈസ മുതൽ മാത്രം.


2. നിലവിലെ 60 Km റെയിൽ വേഗത രണ്ടര ഇരട്ടിവരെയാക്കുവാൻ കുറഞ്ഞ ചെലവിൽ ബദൽ മാർഗ്ഗങ്ങൾ രാജ്യത്തുണ്ട്.യാത്രാസമയം പകുതിയായി കുറയുന്ന തനുസരിച്ച് യാത്രികരുടെ ചെലവിൽ അവിടെ വൻ വർധന ഉണ്ടാകില്ല.


3. വിവിധ തരം യാത്രാമാർഗ്ഗങ്ങൾ ഒരുക്കുന്നതിൽ ദേശീയ സർക്കാരിന്റെ ഉത്തരവാദിത്തം ശക്തമായി ബോധ്യപ്പെടുത്തി റോഡു, റെയിൽ, ജല, വ്യോമ മാർഗ്ഗങ്ങളെ സമയ ബന്ധിതമായി മെച്ചപ്പെടുത്തുവാൻ പരിപാടികൾ .


4. കേരളത്തിന്റെ തകർന്ന ഭൂപ്രകൃതിയെ കൂടുതൽ അസ്വസ്ഥതമാക്കുന്ന വൻകിട നിർമ്മാണങ്ങൾ തീരങ്ങളിൽ  എന്ന പോലെ കരയിലും വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

5. സംസ്ഥാനത്തെ പ്രതി വർഷ മൂലധന ചെലവിന്റെ 8 മുതൽ 15 ഇരട്ടി വരെ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വാർഷിക സാമ്പത്തിക ബാധ്യത ബജറ്റിൽ ത്രിതല പഞ്ചായത്തുകൾക്കായി മാറ്റി വെക്കുന്ന തുകക്കു തുല്യമാണ്. പദ്ധതിയുടെ ഉപഭോക്താക്കളായി അഭ്യന്തര യാത്രികരിൽ 0.5 മുതൽ 1% വരെ മാത്രം പ്രീതീക്ഷിക്കുമ്പോൾ,സാമൂഹിക യാഥാർത്ഥ്യവുമായി സിൽവർ ലൈൻ പൊരുത്തപ്പെടുന്നില്ല എന്നു കാണാം.


6. സംസ്ഥാനത്തെ റോഡു ഗതാഗതത്തിലെ മുഖ്യ പ്രശ്നം വാഹനങ്ങളുടെ ബാഹുല്യ മാണ്.താലൂക്ക് ആസ്ഥാനം മുതലുള്ള വാഹന ഞെരുക്കം അനിയന്ത്രിതമായി വർധിക്കുന്ന സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കുന്നതിലൂടെ സാധ്യമാണ്. 


അതിനായി പൊതു വാഹനങ്ങളിലെ യാത്രയെ ആകർഷമാക്കുവാൻ 

A. നിശ്ചിത ഇടവേളകളിൽ വൃത്തിയും വെടിപ്പും സുരക്ഷിതവുമായ പൊതു വാഹനം.
B. വേഗത 50 മുതൽ 150 km വരെയാക്കുവാൻ ദേശീയ റെയിൽ പദ്ധതി.MC റോഡുകൾക്കു സമാന്തരമായ സബർബൻ റെയിൽ.ROR പദ്ധതി.
C. ജലഗതാഗതം /ചരക്കു നീക്കം പദ്ധതി.
D. യാത്രാ ചെലവു കുറക്കുവാൻ പദ്ധതികൾ .
E. യാത്രയെ വിനോദ പരിപടികൾ കൊണ്ട് ആകർഷകമാക്കൽ.
F. Rapid Transport Cab Service(നഗരങ്ങളിൽ പൊതു വാഹനത്തിനു മാത്രം ഓടുവാൻ ട്രാക്ക് .അതിലൂടെ നിശ്ചിത ഇടവേളകളിൽ ബസ്സ് ) .
G. തീവണ്ടി ആഫീസുകളിൽ നിന്നും ബസ് സ്റ്റാൻഡിലെക്കു സൈക്കിൾ,പൊതു വാഹനം .
H. 4 km കുറവു ദൂരം സൈക്കിൾ യാത്ര(Or വൈദ്യുതി ഇരു ചക്രം) പ്രോത്സാഹനം.
I. സ്കൂൾ , കോളജ് കുട്ടികളെ സൈക്കിൾ യാത്രികരാക്കാൻ പദ്ധതി.
J. KSRTC യെ ഉടച്ചു വാർത്ത് പൊതു യാത്രാ സംവിധാനത്തിന്റെ മുഖമാക്കി മാറ്റൽ .
K. നാലു മുക്കുകളിൽ അര കി.മീറ്റർ മുതൽ 2 Km വരെ ആകാശപാത.(നിർമ്മിതി ) 


സംസ്ഥാനത്തെ ഒന്നേകാൽ കോടി വാഹനങ്ങളിൽ മുക്കാൽ കോടിയും ഇരു ചക്ര വാഹനങ്ങളാണ്.അതു കഴിഞ്ഞാൽ എണ്ണത്തിൽ സ്വകാര്യ കാറുകൾ25 ലക്ഷം വരും. ഇവയിൽ പകുതി ആളുകൾ യാത്രാ ക്ലേശം പരിഹരിക്കുവാൻ നിർബന്ധിതമായി സ്വകാര്യ വാഹനം വാങ്ങേണ്ടി വന്നവരാണ്.സ്വകാര്യ വാഹനങ്ങളെ നിരുത്സാഹപ്പെ ടുത്തുവാൻ പാർക്കിംഗ് ഫീസ് വർധനയും വിലപിടിപ്പുള്ള വാഹനങ്ങൾക്ക് ഹരിത സെസ്സും ഏർപ്പെടുത്താം.ഒന്നിലധികം വാഹനങ്ങളുളളവർക്ക് അധിക നികുതി . പൊതു വാഹനത്തിന് പരമാവധി സബ്സിഡി അനുവദിക്കൽ .


കേരളത്തിന്റെ വികസനത്തിൽ യാത്രാ വേഗതത്തിന് അതി നിർണ്ണായക പങ്കു നിർവഹിക്കുവാനുണ്ട്.വേഗതയുടെ പേരിൽ സംസ്ഥാനത്തിനു താങ്ങാൻ കഴിയാത്ത വിധം പണം കടമെടുത്ത് , പ്രകൃതിയിൽ വൻ ആഘാതമുണ്ടാക്കുന്ന പദ്ധതി ഏറിയ തോതിൽ വാസസ്ഥലവും മറ്റും നഷ്ട്ടപ്പെടുത്തും.ഒരർത്ഥത്തിലും കേരളത്തിനു ഗുണപരമായി മാറാൻ കഴിയാത്ത സിൽവർ ലൈൻ,പശ്ചിമഘട്ടത്തിന്റെ നില നിൽപ്പിനും ഇടനാടിന്റെ സംതുലനത്തിനും ഭീഷണിയാണ്.


കേരളത്തിന്റെ യാത്രാ പ്രശ്നം പരിഹരിക്കാൻ(റെയൽ മുതൽ കരയും ജല മാർഗ്ഗം) ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ മാർഗ്ഗങ്ങൾ സമയബന്ധിതമായി നടപ്പിലാക്കണം.അടുത്ത കാൽ നൂറ്റാണ്ട് കേരളത്തിന്റെ വികസന വിഷയങ്ങളിൽ മുഖ്യമായ യാത്രാ പ്രശ്നത്തെ ശാസ്ത്ര സാങ്കേതികതികവോടെ,പരിസ്ഥിതിയെ പരമാവധി പരിഗണിച്ച് ,സാധാരണക്കാർക്ക് സഹിക്കാവുന്ന ചെലവിൽ നടപ്പിലാക്കു വാൻ എല്ലാവരുടെയും നിർദ്ദേശങ്ങളെ സർക്കാർ സമയ ബന്ധിതമായിസ്വാഗതം ചെയ്യണം. 


സാമ്പത്തികമായി പാപ്പരായ കേരളത്തിനു മേൽ വേഗ തീവണ്ടിയുടെ പെരിൽ മറ്റൊരു ദുരന്തത്തെ കൂടി ക്ഷണിച്ചു വരുത്തരുത്.

സിൽവർ ലൈൻ വിരുധ കൺവൻഷനും സെക്രട്ടറിയെറ്റു മാർച്ചിനും അഭിവാദനങ്ങൾ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment