വയനാടിനെ തുരങ്കം വെക്കുന്ന തുരങ്ക പാത




സംസ്ഥാനത്ത് ഏറ്റവുമധികം പാരിസ്ഥിതികമായ തിരിച്ചടി നേരിടുന്നു വയനാടു ജില്ല. അവയുടെ പ്രതിസന്ധികളെ വേണ്ട വിധം പരിഗണിക്കുവാൻ മടിക്കുന്നവരാണ് സർക്കാർ എന്ന് 7 km നീളത്തിലെ തുരങ്ക പാത നിർമ്മാണം ഓർമ്മിപ്പിക്കുന്നു. താമരശ്ശേരി പാതക്കു സമാന്തരമായി തിരുവമ്പാടി പഞ്ചായത്തിലെ മരിപ്പുഴയിൽ നിന്നും കല്ലടി (മേപ്പാടി പഞ്ചായത്തു)വരെ നീളുന്ന പുതിയ തുരങ്കം കടന്നു പോകുന്നത് പശ്ചിമ ഘട്ടത്തിലെ ഏറ്റവും പരിസ്ഥിതി ലോല പ്രദേശത്തുകൂടിയാണ്. പ്രകൃതി ഭംഗിയാൽ അനുഗൃഹീതമായ ചെമ്പ്ര, വെള്ളരി മല (Silver Hills) മലനിര കളുടെ ഇടയ്ക്കായിട്ടാണ് തുരങ്കം. Camal Hump മലകൾ എന്നറിയപ്പെടുന്ന  നിർദിഷ്‌ട പദ്ധതി പ്രദേശം പശ്ചിമ ഘട്ടത്തിന്റെ ഏറ്റവും ലോലമായ ഭാഗങ്ങളിൽ പെടുന്നു. 


നിത്യ ഹരിത, ഭാഗിക നിത്യ ഹരിത വനവും ഷോളക്കാടുകളും ചതുപ്പു നിറഞ്ഞ പ്രദേശവും ചേർന്ന മലനിരകൾ വയനാട് /നീലഗിരി ആനത്താരയുടെ ഭാഗമാണ്. ചാലിയാർ പുഴയും കബിനിയും ഇവിടെ നിന്നും ഒഴുകുവാൻ തുടങ്ങുന്നു.ചാലിയാറിൻ്റെ കൈവഴി ഇരുവഴഞ്ചി പുഴ ഇവിടെ ഉത്ഭവിക്കുന്നു. സെറ്റിൽമെൻ്റ് കോളനികൾ നിരവധിയുണ്ട്.ചിലപ്പൻ എന്ന വിഭാഗം പക്ഷികൾ (തവിട്ടു നിറമുള്ള, കുഞ്ഞിക്കിളി) അമ്പത് ലക്ഷം വർഷമായി ഇവിടെ സ്വശ്ചന്ധമായി ജീവിക്കുന്നു. ഹിമാലയത്തിൽ നിന്ന് ഡെക്കാൻ പീഠഭൂമി മുറിച്ചു കടന്ന്, ചെമ്പരയിലെ ചോലവനങ്ങളിലേക്ക് പറന്നു വന്നു ചേക്കേറിയതാണ് ഇതിൻ്റെ പൂർവികർ. ചെമ്പ്രമലയുടെ കൊടുമുടികൾ ഒരുക്കി ക്കൊടുക്കുന്ന തുരുത്തുകളിൽ ജീവിക്കുന്ന പക്ഷികൾ അവിടങ്ങളിലെ കാലാവസ്ഥ യുടെ ഉപാസകരാണ്.  


Torrential rain എന്നു വിശേഷിപ്പിക്കുന്ന തരം മേഘ വിസ്ഫോടന സ്വഭാവമുള്ള മഴ ഉണ്ടായ പുത്തുമലയും കവളപ്പാറയും ഇതേ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഗാഡ്ഗിൽ,കസ്തൂരി രംഗൻ റിപ്പോർട്ടുകൾ പരിസ്ഥിതി ലോകം എന്നുറപ്പിച്ചു പറഞ്ഞ നാട്ടിലെ നിർമ്മാണം മലനിരകളെ കൂടുതൽ അശക്തമാക്കും.പുത്തു മലയ യെയും കവളപ്പാറയെയും ബന്ധിപ്പിക്കുന്ന കാട്ടിൽ വർഷങ്ങൾക്കു മുൻപ് ഉണ്ടായ വൻ തകർച്ച പ്രദേശത്തെ നേരത്തെ തന്നെ കാണപ്പെട്ട അസ്ഥിരത തെളിയിച്ചു.


7677 അടി ഉയരമുള്ള വാവുമലയും ചെമ്പ്രയും അടങ്ങുന്ന പ്രദേശത്തെ നിർമ്മാണ ത്തെ പറ്റി വിധക്തരുടെ പഠനം നടന്ന ശേഷമെ പദ്ധതിയെ മറ്റു വിഷയങ്ങളിലെക്കു കടക്കാവൂ എന്നിരിക്കെ സർക്കാർ വിഷയത്തിൽ ഏകപക്ഷീയമായ നിലപാടുമായി മുന്നാേട്ടു പോകുകയാണ്.

 


25 ഡിഗ്രിയിലും കൂടുതല്‍ ചെരിവുള്ള പശ്ചിമ മേഖലാ മലമ്പ്രദേശങ്ങളില്‍ 1700-1900 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തീവ്ര ഉരുള്‍പൊട്ടല്‍ ഭീഷണിയുടെ നിഴലില്‍ കഴിയുന്നു. 3750 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തീവ്രത കുറഞ്ഞ മേഖലകളുമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പത്തനംതിട്ട (172 ച.കി.മീ), ഇടുക്കി (388ച.കി.മീ), പാലക്കാട് (325ച.കി.മീ), മലപ്പുറം (199ച.കി.മീ), കണ്ണൂര്‍ (167ച.കി.മീ), വയനാട് (102ച.കി.മീ) എന്നിവ തീവ്ര ഉരുള്‍ പൊട്ടല്‍ സ്വഭാവമുള്ള മേഖലകളാണ്.


കേരളത്തില്‍ പശ്ചിമഘട്ട മലനിരകളിലെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച കാലനിര്‍ണ്ണയ പഠനം പറയുന്നത് മേഖലയിലെ ഉരുള്‍പൊട്ടല്‍ തുടര്‍ച്ചയായ സംഭവങ്ങളായി മാറുന്നത് 90കളോടെയാണെന്നാണ് (Kuriakose,1961 മുതല്‍ 2009 വരെ പഠനം) വ്യക്തമാക്കി. 90കള്‍ക്ക് ശേഷമുള്ള ഉരുള്‍പൊട്ടലുകളുടെ തുടര്‍ച്ച ശക്തിപ്പെടുന്നതും വിനാശ സ്വഭാവം വര്‍ദ്ധിക്കുന്നതായി കാണാം.


കോഴിക്കോട്-വയനാട് റോഡിലെ നിലവിലുള്ള വർദ്ധിച്ച തിരക്ക് ഒഴിവാക്കേണ്ടത് തന്നെയാണ്.വയനാട്ടിലെക്കുള്ള മറ്റുള്ള റോഡുകൾ വടകര-കുറ്റ്യാടി-മാനന്തവാടി റോഡ്,പാൽച്ചുരം വഴി മാനന്തവാടി,പെരിയ വഴി മാനന്തവാടി എന്നിവയാണ്. മൂന്നു പാതകളെ മെച്ചപ്പെടുത്തി കൊണ്ട് , നിലവിലെ താമരശ്ശേരി റോഡിലൂടെയുള്ള അമിത വാഹനപ്പെരുപ്പം നിയന്ത്രിക്കണം. പൊതു വാഹനങ്ങളെ പരമാവധി വർധി പ്പിച്ച് സ്വകാര്യ വാഹനങ്ങളെ കുറച്ചു കൊണ്ടു വരുവാൻ പദ്ധതികൾ പ്ലാൻ ചെയ്യണം. ടൂറിസ്റ്റുകൾക്കായി സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി, പ്രത്യേക പൊതു കാർബൺ രഹിത വാഹനങ്ങൾ ഉണ്ടാകണം. 


658 കോടിയുടെ നിർമ്മാണത്തിനായി ചുമതല ഏറ്റെടുത്തിരിക്കുന്ന KRCL എന്ന കമ്പനിക്ക് ടണൽ നിർമ്മാണത്തിൽ പരിചയസമ്പത്തില്ല. പരിസ്ഥിതി ആഘാത പഠനവും ഒപ്പം ഫിസിബിളിറ്റി അന്വേഷണവും നടത്താതെ കേരള സർക്കാർ പദ്ധതി യുടെ നിർമ്മാണം തീരുമാനിക്കുമ്പോൾ 31 Km ദൂരക്കുറവിനെ പറ്റിയും വികസന സാധ്യതയെ പറ്റിയും വിവരിക്കുന്ന ജന പ്രതിനിധികൾ വയനാടിൻ്റെ പരിസ്ഥിതി ദുരന്ത അനുഭവങ്ങളെ കണ്ടില്ല എന്നു നടിക്കുകയാണ്.


എറണാകുളം / ധനുഷ് കോടി പാതയുടെ നിർമ്മാണം അടിമാലി മുതൽ ബോഡി മെട്ടു വരെ വൻ മലയിടിച്ചിലുകൾക്ക് കാരണമായിരുന്നു. അതുണ്ടാക്കിയ പരിസ്ഥി തിക ആഘാതം പണം കൊണ്ടു പകരം വെക്കാൻ കഴിയില്ല. ഗ്യാപ്പ് റോഡ് ഭാഗത്തുണ്ടായ മലയിടിച്ചിൽ യുക്തിരഹിതമായ നിർമ്മാണങ്ങളിലെ പ്രതിസന്ധിക്കു തെളിവാണ്. 200 ൽ കുറയാത്ത മലയിടിച്ചിൽ 40 Kmനുള്ളിൽ ഉണ്ടായത് വിളിച്ചു വരുത്തിയ ദുരന്തമായിരുന്നു.


വയനാട്ടിൽ പുതുതായി നടത്താൻ ഉദ്ദേശിക്കുന്ന തുരങ്ക നിർമ്മാണം15 കോടി വർഷം പഴക്കമുള്ള ജൈവ മണ്ഡലത്തെ തകർക്കുവാൻ മാത്രമെ സഹായിക്കൂ. തുരങ്ക നിർമ്മാണം ഒഴിവാക്കി മറ്റു മാർഗ്ഗങ്ങളിലൂടെ യാത്രാ പ്രശ്നത്തിനു പരിഹാരം കാണണം. അതിനുള്ള ജനകീയ ചർച്ചകൾ ആരംഭിക്കണം. തുരങ്ക പാത പദ്ധതി ഉപേക്ഷിക്കുവാൻ സർക്കാരിനെ നിർബന്ധിക്കുന്ന സമര പരിപാടികളിൽ എല്ലാവരും അണി നിരക്കണമെന്ന് Green Reporter അഭ്യർത്ഥിക്കുന്നു.


ഒരു മലയും ഒരു പുഴയും ഒരു ഗ്രാമവും പുനർ നിർമ്മിക്കാൻ മനുഷ്യ ജന്മത്തിനു കഴിയില്ല എന്നു മറക്കുന്ന നാട് ആത്മഹത്യക്ക് അരങ്ങൊരുങ്ങുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment