വെള്ളിരേഖ കേരളത്തിന് വെള്ളിടിയോ - ഭാഗം 4




കേരളത്തിലെ തീവണ്ടി യാത്രകളുടെയും അന്തർജില്ലാ ബസ്സുകളുടെയും ശരാശരി വേഗത 40 km +/- 5 Km മാത്രം. ഈ ശരാശരി വേഗതക്ക് കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ മാറ്റങ്ങളുണ്ടായിട്ടില്ല. വാഹനങ്ങളുടെ കാര്യക്ഷമത കൂടി. റോഡുകൾ മെച്ചപ്പെട്ടു. എന്തുകൊണ്ട് ശരാശരി വേഗത വർധിച്ചില്ല?


ഉത്തരം ലളിതമാണ്, വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ അവിശ്വസനീയമായ പെരുപ്പം. അതിൽ തന്നെ സ്വകാര്യ വാഹനങ്ങളുടെ വർധന, പിൻ തുണക്കുവാൻ സർക്കാരും ബാങ്കുകളും. പരിഹാരം റെയിൽ യാത്ര, അതിന് പറ്റാത്ത ഇടങ്ങളിൽ പൊതു വാഹനങ്ങൾ, അതിനു ശേഷം സ്വകാര്യ യാത്രയും.


വേഗത്തിൽ, സുരക്ഷിതമായി, ചെലവ് കുറഞ്ഞ യാത്ര, പരിസ്ഥിതിക്ക് കുറഞ്ഞ ആഘാതം എന്ന യാത്രയുടെ ജനകീയ നിലപാട് കെ-റെയിലിൽ അട്ടിമറിക്കുകയാണ്. ആർക്കു വേണ്ടി ?


Semi High Speed Rail (SHSR) / Silver Line ൻ്റെ നിർമ്മാണം പ്രാവർത്തികമാക്കൽ, ദൈനം ദിന പ്രവർത്തനങ്ങൾ, യാത്രക്കാരുടെ എണ്ണം, നടത്തിപ്പ് ചെലവ്, വരുമാനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ നടത്തുന്ന വാദങ്ങളും അതിൻ്റെ യാഥാർത്ഥ്യ ങ്ങളും പരിമിതമായ അറിവിൽ നിന്നു കൊണ്ട് പരിശോധിക്കുകയുണ്ടായി. വല്ലാർപാടം പദ്ധതിയുടെ ആഹ്വാനവും യാഥാർത്ഥ്യവും തമ്മിൽ സംഭവിച്ച പൊരുത്തകേടും വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണ സമയത്തു തന്നെ കണ്ടു തുടങ്ങിയ പാളം തെറ്റലുകളും കേരളത്തിന് ബാധ്യതയായി കൊണ്ടിരിക്കുന്നു. അപ്പോഴാണ് അത്തരം  പദ്ധതികളുടെ 8 ഇരട്ടിയോളം ചെലവു വരുന്ന Silver Line നിർമ്മാണത്തിനെ പറ്റിയുള്ള സർക്കാർ സ്വപ്നങ്ങളുടെ പൊള്ളത്തരങ്ങൾ മനസ്സിലാക്കേണ്ടത്.   


യാത്രകൾ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട വിഷയങ്ങൾ എന്തൊക്കെയായിരിക്കണം എന്ന് ചുവടെ കുറിക്കുന്നു.


Accessibility, Cost/fare of ticket or cost of service, Fuel efficiency/carbon emission, Speed, Capacity/ Carrying Capacity, Integration with other modes, Reliability of the vehicle/mode ,Comfort, Safety, Privacy, Employment generation, Frequency തുടങ്ങിയ12 വിഷയങ്ങൾ യാത്രയെ തെരഞ്ഞെടുക്കുവാനുള്ള ഘടകങ്ങളാണ്.ഇതിൽ യാത്രക്കാരുടെ നാടും വാഹന റൂട്ടും തമ്മിലുള്ള അകലം, യാത്രാ ചെലവ്, കാർബൺ ഹരിത പാതുകം മുതലായ ഏറ്റവും മുന്നിൽ നിൽക്കുന്ന മൂന്നു ഘടകങ്ങളുടെ കാര്യത്തിൽ Silver Line പദ്ധതി ആരോഗ്യകരമായ സൂചിക കൾ കാണിക്കുന്നില്ല.സംസ്ഥാനത്തിൻ്റെ പടിഞ്ഞാറെ വശത്തു കൂടി കടന്നു പോകുന്ന അതിവേഗ പാതയിൽ, കായംകുളം-കോട്ടയം-എറണാകുളം ഭാഗത്തു മാത്രമാണ് തീരദേശം വിട്ട് തീവണ്ടി സഞ്ചരിക്കുന്നത്.യാത്രാ ചെലവ് വളരെ കൂടുതലായ പദ്ധതിയുടെ നിർമ്മാണവും നടത്തിപ്പും green protocol  പ്രകാരമല്ല എന്ന് നേരത്തെ വിശദീകരിക്കുകയുണ്ടായി.


ഏറ്റവും കുറഞ്ഞ ഊർജ്ജം ചെലവാക്കിയുള്ള യാത്രകളിൽ ഒന്നാം സ്ഥാനം ജല മാർഗ്ഗത്തിനാണുള്ളത്.ചെലവ് കുറവുള്ള ജല ഗതാഗതത്തിന് വലിയ അളവിൽ ഭാരം ചുമക്കുവാൻ കഴിവുണ്ട്.അവയുടെ പ്രധാന പരിമിതി വേഗതയിലെ കുറവാണ്. ഒരു കാലത്ത് നമ്മുടെ നാടിന് ഏറെ പരിചിതമായ ജലഗതാഗതത്തെ , ചരക്കു നീക്കത്തി നായും ടൂറിസ്സം രംഗത്തും ഉപയോഗിക്കുവാൻ കഴിയും.റോഡ് യാത്രയിൽ (ബസ്സ് ) ഒരു KM യാത്രയ്ക്കായി O.18 Kg / KM കാർബൺ പുറത്തുവിടുമ്പോൾ, തീവണ്ടി 0.11 Kg/ KM പുറം തള്ളുന്നു.കാറിന് വേണ്ട അളവ് താരതമ്യേന കൂടുതലായിരിക്കും. റെയിൽ ഗതാഗതത്തിൻ്റെ നിർമ്മാണ ചെലവ് കൂടുതലാണെങ്കിലും ആവർത്തന ചെലവിലെ കുറവ്, മിതമായ യാത്ര ഫീസ്സ്, കുറഞ്ഞ തോതിലുള്ള അപകടം, ഫോസിൽ ഇന്ധനം പൂർണ്ണമായും ഒഴിവാക്കൽ,യാത്രാ പാതയിലെ തടസ്സ കുറവ് എന്നിവ ആകർഷക ഘടകങ്ങളാണ്.അതു കൊണ്ട് തീവണ്ടി യാത്രയെ റോഡ്, വിമാന ഗതാഗതത്തെക്കാൾ പ്രകൃതി സൗഹൃദപരമാണ് എന്നു കാണാം. 


എന്നാൽ റെയിൽ ഗതാഗതത്തിലെ Metro, Mini Metro, High Sky rail തുടങ്ങിയ പദ്ധതികൾ ചെലവേറിയതാണ്. യൂറോപ്പിലെ കാലാവസ്ഥക്കു യോജിക്കുന്ന ഭൂഗർഭ തീവണ്ടി (Tube Train) പാത നിർമ്മിച്ചതിൽ സുരക്ഷയ്ക്ക് പ്രധാന പങ്കുണ്ട്. 25 ലക്ഷം ജനങ്ങൾ എങ്കിലും താമസ്സിക്കുന്ന നഗരത്തിലെ മെട്രോ വിജയകരമാകൂ എന്നറിഞ്ഞിട്ടും 10 ലക്ഷം ആളുകൾ മാത്രമുള്ള കൊച്ചിയിൽ അതു നടപ്പിലാക്കിയതിനാൽ പ്രതി വർഷ നഷ്ടം 250 കോടിയിലെത്തിക്കഴിഞ്ഞു. മറ്റു നഗരങ്ങളിലേക്ക് (Mini) Metro നടപ്പിലാക്കുവാൻ സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.


കേരളത്തിൻ്റെ മൂന്നു തരത്തിലുള്ള  ഭൂഘടനയും അതിലെ മലകൾ, കടലിൻ്റെയും പുഴകളുടെയും കായലിൻ്റെയും സാന്നിധ്യം എന്നിവ തിരിച്ചറിഞ്ഞു കൊണ്ടുള്ള പദ്ധതികളാണ് നാടിനാവശ്യം. അവിടെ വിവിധ തരം ഗതാഗത പദ്ധതികൾ പരസ്പര പൂരകമായി പ്രവർത്തിക്കുവാൻ കഴിയണം. അതിനു പകരം, തെക്കു നിന്നു വടക്കോട്ടേക്കും തിരിച്ചും നാളിതുവരെ കേട്ടു കേൾവിയില്ലാത്ത വിധം പണച്ചെലവുള്ള മെഗാ പദ്ധതി ലക്ഷ്യം വെക്കുന്നത്, യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനപ്പുറം, വൻകിട നിർമ്മാണങ്ങളോടുള്ള അതിരില്ലാത്ത അഭിനിവേശമാണ്. വൻകിട പദ്ധതി നടപ്പിലാ ക്കൽ, അതുവഴിയുള്ള പണമൊഴുക്ക്, അതുണ്ടാക്കുന്ന സാമ്പത്തിക ഉണർവ്വ്, യാത്രയെ വേഗത്തിലാക്കുക എന്നീ സമീപനങ്ങൾ  ഊഹകച്ചവടക്കാരുടെ താൽപ്പര്യങ്ങളെ മാത്രമേ തൃപ്തിപ്പെടുത്തുകയുള്ളു. വിപണിയെ മാത്രം ലക്ഷ്യം കണ്ടുള്ള ഇത്തരം പദ്ധതികൾ കേരളത്തെ ഒരു തരത്തിലും സഹായിക്കുവാൻ  ഉതകുന്നതല്ല എന്ന് സമ്മതിക്കുവാൻ ഇടതുപക്ഷ സർക്കാർ മടിച്ചു നിൽക്കുന്നു.


(തുടരും)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment